
ടിം സൗത്തി- കെ എല്‍ രാഹുല്‍
ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനും വൈസ് ക്യാപ്റ്റനുമാണ് കെ എല്‍ രാഹുല്‍. കുട്ടിക്രിക്കറ്റില്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് അദ്ദേഹം. മികച്ച റെക്കോഡും രാഹുലിന്റെ പേരിലുണ്ട്. ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം കളിച്ച് മികവ് കാട്ടാന്‍ രാഹുലിന് സാധിക്കും. രാഹുലിന്റെ ഫോം ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. എന്നാല്‍ രാഹുലിന് വെല്ലുവിളി ഉയര്‍ത്തുന്നത് ന്യൂസീലന്‍ഡ് ക്യാപ്റ്റനും സീനിയര്‍ പേസറുമായ ടിം സൗത്തിയാണ്. പിച്ചിന് മികച്ച സ്വിങ് ലഭിച്ചാല്‍ അത് മുതലാക്കി പന്തെറിയാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ന്യൂബോളില്‍ സൗത്തിക്ക് സ്വിങ് ലഭിച്ചാല്‍ രാഹുല്‍ പ്രയാസപ്പെടാന്‍ സാധ്യതകളേറെ. ഈ പോരാട്ടം പരമ്പര വിജയിയെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

മിച്ചല്‍ സാന്റ്‌നര്‍- രോഹിത് ശര്‍മ
ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ഇന്ത്യക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന്
പ്രത്യേകിച്ച് പറയേണ്ടതില്ല. രോഹിത്തിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും. ടി20 ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിനായിരുന്നു. ഇന്ത്യന്‍ പിച്ചില്‍ വലിയ സ്‌കോര്‍ നേടാന്‍ രോഹിത്തിന് സാധിക്കും. എന്നാല്‍ സ്പിന്നില്‍ അല്‍പ്പം ദൗര്‍ബല്യമുള്ള രോഹിത്തിനെ വീഴ്ത്താന്‍ മിച്ചല്‍ സാന്റ്‌നറെയാവും കിവീസ് ഇറക്കുക. ഇടം കൈയന്‍ സ്പിന്നറായ സാന്റ്‌നര്‍ രോഹിത്തിനെ പ്രയാസപ്പെടുത്തുന്ന താരമാണ്. ഇന്ത്യന്‍ മൈതാനങ്ങള്‍ സ്പിന്നര്‍മാര്‍ക്ക് ആവിശ്യത്തിന് ടേണ്‍ ലഭിക്കും. മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിക്കുന്ന സാന്റ്‌നര്‍ സ്റ്റംപില്‍ ആക്രമിക്കുന്ന ബൗളറാണ്. അതിനാല്‍ രോഹിത് ശര്‍മ-സാന്റ്‌നര്‍ പോരാട്ടം മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

യുസ്‌വേന്ദ്ര ചഹാല്‍- മാര്‍ട്ടിന്‍ ഗുപ്റ്റില്‍
ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലും കിവീസ് സീനിയര്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും തമ്മിലുള്ള പോരാട്ടം നിര്‍ണ്ണായകമാവും. ഇന്ത്യന്‍ പിച്ചില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരമാണ് മാര്‍ട്ടിന്‍ ഗുപ്റ്റില്‍. വിരാട് കോലിക്ക് പിന്നിലായി കൂടുതല്‍ ടി20 റണ്‍സെന്ന നേട്ടത്തിനുടമ ഗുപ്റ്റിലാണ്. ടി20 ലോകകപ്പില്‍ വലിയ ഫോമിലല്ലായിരുന്നു ഗുപ്റ്റില്‍. ചഹാലിന്റെ ടേണിങ് പന്തുകള്‍ ഗുപ്റ്റിലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്ന ചഹാല്‍ അതിന്റെ ക്ഷീണം മാറ്റാനുറച്ചിറങ്ങിയാല്‍ പോരാട്ടം കടുക്കും.