കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. 2021, 2022 ടി20 ലോകകപ്പുകളില്‍ ഉള്‍പ്പെടെ വലിയ തിരിച്ചടി നേരിട്ട ഇന്ത്യക്ക് ബൈലാട്രല്‍ പരമ്പരകള്‍ പോലും ഇപ്പോള്‍ ജയിക്കാനാവുന്നില്ല. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ കൈവിട്ടതോടെ ടീമില്‍ വലിയ പൊളിച്ചെഴുത്ത് ആവിശ്യമായി വന്നിരിക്കുകയാണ്. 2023 ജനുവരിയോടെ വലിയ മാറ്റങ്ങള്‍ ഇന്ത്യ വരുത്തുമെന്നുറപ്പ്.
പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും അദ്ദേഹം നിരാശപ്പെടുത്തുകയാണ്. തന്ത്രങ്ങളൊന്നും ക്ലിക്കാവാത്ത സാഹചര്യത്തില്‍ ദ്രാവിഡിന് കോച്ചായി മുന്നോട്ട് പോവുക പ്രയാസമാണ്. ഇപ്പോഴിതാ ദ്രാവിഡിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.
Also Read: IND vs BAN: മൂന്ന് പേരുടെ 'വില' ഇന്ത്യയറിഞ്ഞു! ശരിക്കും മിസ് ചെയ്തു, ആരൊക്കെയെന്നറിയാം
'ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന പരമ്പരയാണിത്. ബംഗ്ലാദേശ് പരമ്പര ഉറപ്പിച്ചിരിക്കുന്നു. ഇന്ത്യക്ക് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. തോല്‍വിയുടെ ഭാഗമായി നിരവധി വിമര്‍ശനങ്ങള്‍ ടീമിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ വന്നേക്കും. പരിശീലകനെന്ന നിലയില്‍ തുടരുക രാഹുല്‍ ദ്രാവിഡിന് വലിയ പ്രയാസമായിരിക്കുകയാണ്. ദ്രാവിഡ് പുറത്താകാനുള്ള സമയം അടുത്തിരിക്കുകയാണ്. ആരാവും ഇന്ത്യയുടെ അടുത്ത പരിശീലകന്‍'-കനേരിയ പറഞ്ഞു.
ഇന്ത്യയുടെ പരിമിത ഓവര്‍ പരിശീലകസ്ഥാനത്ത് നിന്ന് ദ്രാവിഡിനെ പുറത്താക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ടെസ്റ്റില്‍ ഇന്ത്യയുടെ പരിശീലകനായി ദ്രാവിഡ് തുടര്‍ന്നേക്കും. എന്നാല്‍ പരിമിത ഓവറില്‍ ടീമിനെ മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ദ്രാവിഡിനാകുന്നില്ല. ടീമിന് ആക്രമണോത്സകതയില്ല. പഴഞ്ചന്‍ ശൈലിയാണ് ടീം ഇപ്പോഴും മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ മാറ്റം അനിവാര്യം.
Also Read: IND vs BAN: ഇന്ത്യക്ക് പിഴച്ചതെവിടെ? ആദ്യ മത്സരത്തിലെ അതേ കാരണം! ചൂണ്ടിക്കാട്ടി രോഹിത്
നായകന്‍ രോഹിത് ശര്‍മക്കും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും കനേരിയ ചൂണ്ടിക്കാട്ടി. 'രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയും ഇപ്പോള്‍ ചോദ്യം ഉയര്‍ത്തുന്നു. ഏകദിന ലോകകപ്പ് നടക്കാന്‍ പോകുന്നത് ഇന്ത്യയിലാണ്. ഐസിസി ടൂര്‍ണമെന്റ് മുന്നിലുണ്ടെന്ന് കരുതിവേണം പദ്ധതി മെനയാന്‍-കനേരിയ കൂട്ടിച്ചേര്‍ത്തു. സമീപകാലത്തായി രോഹിത് ശര്‍മയുടെ പ്രകടനങ്ങള്‍ മോശമാണ്. വലിയ സമ്മര്‍ദ്ദം നായകന്‍ നേരിടുന്നു.
ബംഗ്ലാദേശിനെതിരേ സൂപ്പര്‍ താരങ്ങളെല്ലാം ഒപ്പമുണ്ടായിട്ടും ഇന്ത്യക്ക് ജയിക്കാനായില്ല. വിരാട് കോലി, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരെല്ലാം ഉണ്ടായിട്ടും ആദ്യ രണ്ട് മത്സരവും തോറ്റതാണ് എല്ലാവരെയും നിരാശപ്പെടുത്തുന്നത്. ദ്രാവിഡിനെ പുറത്താക്കി പകരം വിദേശ പരിശീലകനെ കൊണ്ടുവരണമെന്ന ആവിശ്യം ഇതിനോടകം ശക്തം.
ടി20 നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നായകനാക്കിയേക്കും. ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ത്തന്നെ കപ്പടിപ്പിക്കാന്‍ ഹര്‍ദിക്കിനായിരുന്നു. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ മികവ് കാട്ടുന്ന ഹര്‍ദിക് ടീമിന് ആക്രമണോത്സക മുഖം നല്‍കുന്നു. ഇപ്പോഴത്തെ ഇന്ത്യയുടെ പ്രകടനങ്ങളിലെല്ലാം ഈ തണുപ്പന്‍ രീതി കാണാം. ഇതിന് മാറ്റം കൊണ്ടുവരാന്‍ യുവത്വം തുളുമ്പുന്ന ടീമിനെ ടി20യില്‍ ഇന്ത്യ കളത്തിലിറക്കേണ്ടതായുണ്ട്.
ബൗളിങ് നിരയിലും അഴിച്ചുപണി അത്യാവശ്യം. നിലവിലെ ബൗളര്‍മാരെല്ലാം തല്ലുകൊള്ളികളാണ്. പവര്‍പ്ലേയില്‍ മികവ് കാട്ടുമ്പോഴും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും കളി മറക്കുന്നു. ഇതിന് പരിഹാരം കാണാത്ത പക്ഷം 2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്ക് നിരാശപ്പെടേണ്ടി വരും. പരിക്കും ടീമിനെ പ്രയാസപ്പെടുത്തു. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം പരിക്കേറ്റ് പുറത്താണ്. എന്തായാലും 2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്തിന് സാധ്യതകളേറെ.