ഈഡന്‍ ഗാര്‍ഡനിന് പ്രിയം ഗംഭീറിനോടോ കാര്‍ത്തികിനോടോ?

Posted By: Mohammed shafeeq ap

കൊല്‍ക്കത്ത: നീണ്ടക്കാലം ഈഡന്‍ ഗാര്‍ഡനിനും കൊല്‍ക്കത്തന്‍ ആരാധകര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനായിരുന്നു ഗൗതം ഗംഭീറെന്ന ഇടംകൈ ബാറ്റ്‌സ്മാന്‍. എതിരാളിയായി വരുമ്പോഴും ആ പ്രിയം ഇപ്പോഴും ഈഡന്‍ ഗാര്‍ഡന്‍ കാത്തുസൂക്ഷിക്കുമോ എന്ന് ഇന്നറിയാം. ഐപിഎല്ലിലെ 13ാം അങ്കത്തില്‍ ഗംഭീര്‍ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ എതിരിടും.

കൊല്‍ക്കത്തയെ രണ്ട് തവണ ചാംപ്യന്‍മാരാക്കിയപ്പോഴും ക്യാപ്റ്റന്‍ ഗംഭീറായിരുന്നു. എന്നാല്‍, ഇത്തവണ ദിനേഷ്് കാര്‍ത്തികാണ് കൊല്‍ക്കത്തയെ നയിക്കുന്നത്. ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്തയെ പല ഉജ്ജ്വല വിജയങ്ങള്‍ സമ്മാനിച്ച ഗംഭീറും ഗംഭീറിന്റെ പാന്ത് പിന്തുടരാന്‍ ശ്രമിക്കുന്ന കാര്‍ത്തികും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കാണികള്‍ക്ക് ആവേശകരമാവുമെന്നുറപ്പ്.


ഗംഭീറിന്റെ ലക്ഷ്യം തുടര്‍ച്ചയായ രണ്ടാം ജയം

gautamgambhir

സീസണിലെ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് കൊല്‍ക്കത്തയും ഡല്‍ഹിയും കച്ചമുറുക്കുന്നത്. മൂന്നു മല്‍സരം കളിച്ച ഇരു ടീമും രണ്ട് കളിയില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു മല്‍സരത്തില്‍ വിജയം കാണുകയായിരുന്നു. ആവേശകരമായ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയാണ് ഡല്‍ഹിയുടെ വരവ്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ഗംഭീറിനു കീഴില്‍ ഡല്‍ഹി ലക്ഷ്യമിടുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനോടും രാജസ്ഥാന്‍ റോയല്‍സിനോടും തോല്‍വിയേറ്റുവാങ്ങിയതിനു ശേഷമായിരുന്നു ഡല്‍ഹിയുടെ തിരിച്ചുവരവ്.


ഹാട്രിക്ക് തോല്‍വി ഒഴിവാക്കാന്‍ കൊല്‍ക്കത്ത

kolkataknightridersteam

എന്നാല്‍, അവസാന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് കൊല്‍ക്കത്ത. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ കൊല്‍ക്കത്ത പിന്നീടുള്ള രണ്ട് മല്‍സരങ്ങളിലും തോല്‍വിയേറ്റുവാങ്ങുകായിരുന്നു. ഹൈദരാബാദിനു പുറമേ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടുമാണ് കൊല്‍ക്കത്ത പരാജയം ഏറ്റുവാങ്ങിയത്. ചെന്നൈക്കെതിരേ മികച്ച സ്‌കോര്‍ നേടിയെങ്കിലും കൊല്‍ക്കത്ത വിജയം കൈവിടുകയായിരുന്നു. അതുകൊണ്ട് തന്നെ ഹോംഗ്രൗണ്ടില്‍ വിജയവഴിയില്‍ തിരിച്ചെത്തുകായെന്നതാണ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത ലക്ഷ്യംവയ്ക്കുന്നത്.

പരിക്കേറ്റ കമലേഷ് നാഗര്‍കോട്ടിയ്ക്കു പകരക്കാരനായി കര്‍ണാടക സീമര്‍ പ്രാസിദ് കൃഷ്ണയെ കൊല്‍ക്കത്ത ടീമിലുള്‍പ്പെടുത്തി.

കമലേഷിന് ഈ സീസണില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കൊല്‍ക്കത്ത പകരക്കാരനെ കൊണ്ടുവന്നത്. ടീമിലുണ്ടായിരുന്നപ്പോള്‍ കമലേഷിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരിക്ക് അലട്ടുന്ന ക്രിസ് മോറിസ് ഇന്ന് ഡല്‍ഹിക്കായി കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്.

dinesh

ടീം

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്: ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, റോബിന്‍ ഉത്തപ്പ, നിതിഷ് റാണെ, ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), സുബ്മാന്‍ ഗില്‍, ആന്ദ്രെ റസ്സല്‍, ശിവാം മാവി, മിച്ചെല്‍ ജോണ്‍സന്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്.

kolkataknightriders

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്: ഗൗതം ഗംഭീര്‍ (ക്യാപ്റ്റന്‍), ജസണ്‍ റോയ്, റിഷാഭ് പന്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ശ്രെയാഷ് അയ്യര്‍, വിജയ് ശങ്കര്‍, ഡാന്‍ ക്രിസ്റ്റ്യന്‍/ക്രിസ് മോറിസ്, രാഹുല്‍ ടെവാട്ടിയ, ശഹ്ബാസ് നദീം, മുഹമ്മദ് ഷമി, ട്രെന്റ് ബോള്‍ട്ട്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 16, 2018, 16:38 [IST]
Other articles published on Apr 16, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍