ഒന്നും രണ്ടുമല്ല, സ്മിത്തിനും വാര്‍ണര്‍ക്കും നഷ്ടമാവുന്നത് ഗ്ലാമര്‍ പരമ്പരകള്‍!! ഇന്ത്യയിലേക്കുമില്ല

Written By:

സിഡ്‌നി: കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നു പോവുന്നതിനിടെയാണ് ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും അപ്രതീക്ഷിത ആഘാതമായി വിലക്ക് വന്നത്. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇരുവരെയും ഒരു വര്‍ഷത്തേക്കു വിലക്കുകയായിരുന്നു. ആധുനിക ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാനെന്നു വരെ വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു സ്മിത്ത്. ടെസ്റ്റില്‍ 61.37 എന്ന അമ്പരപ്പിക്കുന്ന ബാറ്റിങ് ശരാശരിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ച് ടീമിനു പുറത്തായതോടെ പല പ്രധാനപ്പെട്ട പരമ്പരകളുമാണ് സ്മിത്തിനും വാര്‍ണര്‍ക്കും നഷ്ടമായത്. രണ്ടു പേര്‍ക്കും പുറത്തിരിക്കേണ്ടിവന്ന അഞ്ചു പ്രധാന പരമ്പരകള്‍ ഏതൊക്കെയെന്നു നോക്കാം.

ഐപിഎല്‍

ഐപിഎല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് സ്മിത്തിനും വാര്‍ണര്‍ക്കും ആദ്യമായി നഷ്ടമാവുന്ന ഗ്ലാമര്‍ ടൂര്‍ണമെന്റ്. ഇരുവരും രണ്ട് ഐപിഎല്‍ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ കൂടിയായിരുന്നു. സ്മിത്തിനു കീഴിലായിരുന്നു മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു വാര്‍ണറുടെ ടീം. പന്ത് ചുരണ്ടല്‍ സംഭവം പുറത്തുവന്ന ശേഷം ഇരുവരും ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒരു വര്‍ഷത്തെ വിലക്ക് വന്നതോടെ ഇവര്‍ക്ക് ഐപിഎല്ലിലും ബിസിസിഐ വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്റ്‌സ് ഫൈനലിലെത്തിയത് സ്മിത്തിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. വിലക്ക് കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലേക്കു തിരിച്ചുവന്ന രാജസ്ഥാനും സ്മിത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു.
അതേസമയം, 2016ല്‍ ഹൈദരാബാദിനെ കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് വാര്‍ണര്‍. കഴിഞ്ഞ നാലു സീസണുകളിലും ടീമിന്റെ ടോപ്‌സ്‌കോററായിരുന്ന അദ്ദേഹം. 2015, 17 സീസണില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പര

ഇംഗ്ലണ്ടിനെതിരായ പരമ്പര

ഇംഗ്ലണ്ടിനെതിരേ ജൂണില്‍ നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി20 പരമ്പരകളാവും ഐപിഎല്ലിനു ശേഷം സ്മിത്തിനും വാര്‍ണര്‍ക്കും നഷ്ടമാവുക. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യുമാണ് ഓസീസ് ടീം ഇംഗ്ലണ്ടില്‍ കളിക്കുക. വലിയ സ്‌കോറുകള്‍ പിറക്കുന്ന പിച്ചായി മാറിയ ഇംഗ്ലണ്ടില്‍ സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവം ഓസീസ് ബാറ്റിങിന് കനത്ത തിരിച്ചടിയാവും.
നിലവില്‍ ഐസിസി ഏകദിന റാങ്കിങില്‍ ലോകത്തിലെ മൂന്നാംനമ്പര്‍ താരം കൂടിയാണ് വാര്‍ണര്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്മിത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. എങ്കിലും മധ്യനിരയില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
അവസാനമായി നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ഓസീസ് ജേതാക്കളായപ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ വാര്‍ണര്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു.

പാകിസ്താനെതിരേയുള്ള പരമ്പര

പാകിസ്താനെതിരേയുള്ള പരമ്പര

ഈ വര്‍ഷം ഒക്ടോബറില്‍ പാകിസ്താനെതിരേ നടക്കുന്ന ദൈര്‍ഘ്യമേറിയ പരമ്പരയിലും സ്മിത്തും വാര്‍ണറുമില്ലാതെ ഓസ്‌ട്രേലിയക്കു ഇറങ്ങേണ്ടിവരും. രണ്ടു ടെസ്റ്റുകളിലും അഞ്ച് ഏകദിനങ്ങളിലും ഒരു ട്വന്റിയിലുമാണ് ഓസീസിനും പാകിസ്താനും മാറ്റുരയ്ക്കുക. 2014നു ശേഷം ആദ്യമായാണ് പാകിസ്താനെതിരെ കംഗാരുപ്പട പരമ്പര കളിച്ചത്. അന്ന് ഏകദിന പരമ്പര 3-0നു തൂത്തുവാരിയ ഓസീസ് ഏക ട്വന്റി20 മല്‍സരത്തിലും വെന്നിക്കൊടി പാറിച്ചിരുന്നു.
അന്ന് ഏകദിന പരമ്പരയില്‍ സ്മിത്ത് 198ഉം വാര്‍ണര്‍ 128ഉം റണ്‍സ് നേടിയിരുന്നു. മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും സ്മിത്തായിരുന്നു.
സ്പിന്‍ ബൗളിങിനെ മികച്ച രീതിയില്‍ നേരിടാന്‍ മിടുക്കുള്ള സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവം വരാനിരിക്കുന്ന പരമ്പരയില്‍ പാകിസ്താനെതിരേ ഓസീസിന് കനത്ത തിരിച്ചടിയാവും.

ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയിലേക്ക്

ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയിലേക്ക്

ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും സ്മിത്തും വാര്‍ണറും ഉണ്ടാവില്ല. അഞ്ച് ഏകദിന മല്‍സരങ്ങളു മൂന്നു ട്വന്റി20 മല്‍സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുണ്ടാവുക. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തങ്ങള്‍ക്കുണ്ടായ നാണക്കേടിന് സ്വന്തം നാട്ടില്‍ വച്ച് കണക്കുതീര്‍ക്കാന്‍ ഓസ്‌ട്രേലിയക്കു ലഭിച്ച അവസരം കൂടിയാണ് ഈ പരമ്പര.
എന്നാല്‍ സ്മിത്തും വാര്‍ണറും ഒരുപക്ഷെ കളിക്കാന്‍ ആഗ്രഹിക്കാത്ത പരമ്പര കൂടിയായിരിക്കും ഇത്. കാരണം ദക്ഷിണാഫ്രിക്കന്‍ മണ്ണിലേറ്റ മുറിവ് ഇരുവരെയും സ്വന്തം നാട്ടിലും വേട്ടയാടുമെന്നുറപ്പ്.

 ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും കേമനാരെന്ന കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി മല്‍സരിക്കുന്ന സ്മിത്തിനെ ഇന്ത്യന്‍ പര്യടനത്തിലും കാണാനാവില്ല. ഡിസംബര്‍- ജനുവരി മാസങ്ങളിലായി നാലു ടെസ്റ്റുകളാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുക. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മൂന്നു വീതം ഏകദിനങ്ങളിലും ട്വന്റി20 കളിലും ഇന്ത്യയും ഓസീസും ഏറ്റുമുട്ടും.
2014ല്‍ ഓസീസ് ടീം ഇന്ത്യയില്‍ പര്യടനത്തിനെത്തിയപ്പോള്‍ സ്മിത്തായിരുന്നു ക്യാപ്റ്റന്‍. അന്ന് ടെസ്റ്റ് പരമ്പരയില്‍ 769 റണ്‍സോടെ സ്മിത്താണ് റണ്‍വേട്ടയില്‍ മുന്നിലെത്തിയത്. കോലി 692 റണ്‍സോടെ രണ്ടാമതെത്തിയിരുന്നു. വാര്‍ണറാണ് 427 റണ്‍സ് നേടി മൂന്നാമനായത്. സ്മിത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യയെ 2-0നു തകര്‍ത്ത് ടെസ്റ്റ് പരമ്പരയും കംഗാരുപ്പട പോക്കറ്റിലാക്കിയിരുന്നു.

ഐഎസ്എല്‍ ഒക്കെ എന്ത്? ഇതാണ് കളി... 'വല്ല്യേട്ടനാവാന്‍' ഐഎസ്എല്ലും ഐ ലീഗും, സൂപ്പര്‍ പോരാട്ടങ്ങള്‍

പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു... ഇനിയൊരിക്കലും കളിക്കാനാവില്ലെന്ന് ഭയം!! ഈറനണിഞ്ഞ് വാര്‍ണര്‍

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, March 31, 2018, 15:49 [IST]
Other articles published on Mar 31, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍