പേരിലെന്ത് കാര്യം? ഇവര്‍ ചോദിക്കുന്നു... പേര് മാറ്റിയപ്പോള്‍ തലവരയും മാറിയ താരങ്ങള്‍

Written By:

ലണ്ടന്‍: യഥാര്‍ഥ പേര് മാറ്റി ക്രിക്കറ്റിലെത്തി തലവവര തന്നെ മാറിയ ചില കളിക്കാരുണ്ട്. ഇവരുടെ പഴയ പേര് പറഞ്ഞാല്‍ പക്ഷെ ആര്‍ക്കും മനസ്സിലാവണമെന്നില്ല. ചിലര്‍ കരിയര്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ പേരില്‍ മാറ്റം വരുത്തിയപ്പോള്‍ മറ്റു ചിലര്‍ കരിയറിന്റെ ഇടയ്ക്കു വച്ചാണ് മറ്റൊരു പേര് സ്വീകരിച്ചത്.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ഈ താരങ്ങള്‍ തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയത്. അത്തരത്തില്‍ യഥാര്‍ഥ പേര് മാറ്റി മറ്റൊരു പേരില്‍ പ്രശസ്തരായ അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

മുഹമ്മദ് യൂസുഫ്

മുഹമ്മദ് യൂസുഫ്

പാകിസ്താന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് മുന്‍ താരം മുഹമ്മദ് യൂസുഫ്. എന്നാല്‍ ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുമ്പോള്‍ യൂസഫ് യുഹാനയെന്ന പേരായിരുന്നു അദ്ദേഹത്തിന്. ക്രിസ്തുമത വിശ്വാസിയായിരുന്ന അദ്ദേഹം പിന്നീട് ഇസ്ലാം മതം സ്വീകരിച്ചത്തോടെയാണ് മുഹമ്മദ് യൂസുഫായത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താനു വേണ്ടി കളിക്കുന്ന മുസ്ലീമല്ലാത്ത അഞ്ചാമത്തെ താരമെന്നാണ് കരിയറിന്റെ ആദ്യകാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2005ല്‍ തന്റെ ടീമംഗമായ സയീദ് അന്‍വര്‍ സ്വാധീനിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.
2006 യൂസുഫിന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം സുവര്‍ണകാലമായിരുന്നു. 99.33 എന്ന അമ്പരപ്പിക്കുന്ന ബാറ്റിങ് ശരാശരിയില്‍ 1788 റണ്‍സാണ് സീസണില്‍ താരം നേടിയത്. ഇതോടെ പല റെക്കോര്‍ഡുകളും തകരുകയും ചെയ്തിരുന്നു.

തിലകരത്‌നെ ദില്‍ഷന്‍

തിലകരത്‌നെ ദില്‍ഷന്‍

ശ്രീലങ്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറും ക്യാപ്റ്റനുമായിരുന്ന തിലകരത്‌നെ ദില്‍ഷന്റെയും യഥാര്‍ഥ പേര് മറ്റൊന്നായിരുന്നു. മുസ്ലിം വംശജനായ പിതാവിനും ബുദ്ധമത വിശ്വാസിയായ മാതാവിനും ജനിച്ച ദില്‍ഷന്റെ ആദ്യത്തെ പേര് തുവാന്‍ മുഹമ്മദ് ദില്‍ഷനെന്നായിരുന്നു. എന്നാല്‍ 16ാം വയസ്സില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ ദില്‍ഷന്‍ തന്റെ അമ്മയുടെ മതമായ ബുദ്ധമതം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് തിലകരത്‌നെ ദില്‍ഷനെന്നു പേര് മാറ്റിയത്.
ലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി ദില്‍ഷന്‍ പിന്നീട് മാറിയത് ചരിത്രം. കരിയറില്‍ 10,000ല്‍ അധികം റണ്‍സ് നേടിയിട്ടുള്ള ദില്‍ഷന്‍ 35 തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയിട്ടുണ്ട്.

മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി

മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായിരുന്ന മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ പഴയ പേര് നവാബ് ഓഫ് പട്ടൗഡി ജൂനിയറെന്നായിരുന്നു. പിതാവ് നവാബ് ഓഫ് പട്ടൗഡി സീനിയര്‍ മരിക്കുമ്പോള്‍ 11 വയസ്സ് മാത്രമായിരുന്നു മന്‍സൂറിന്റെ പ്രായം.
1962ല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ മന്‍സൂര്‍ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറുകയും ചെയ്തിരുന്നു. പഴയ പേരിലാണ് 1971 വരെ അദ്ദേഹം കളിച്ചത്.
എന്നാല്‍ 71ല്‍ രാജകീയ പദവി ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തുമാറ്റിയതോടെ അദ്ദേഹത്തിന് പേര് മാറ്റേണ്ടിവന്നു. തുടര്‍ന്നാണ് 71നു ശേഷം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെന്ന പേര് അദ്ദേഹം സ്വീകരിച്ചത്.
പേര് മാറ്റിയ ശേഷം വെറും ഏഴു മല്‍സരങ്ങള്‍ മാത്രമേ മന്‍സൂര്‍ കളിച്ചിട്ടുള്ളൂ.
ബാറ്റിങില്‍ അദ്ദേഹത്തിന്റെ ഫോം കുത്തനെ താഴേക്കു വീഴുകയും ചെയ്തു.

ബോബ് വില്ലിസ് ഡൈലന്‍

ബോബ് വില്ലിസ് ഡൈലന്‍

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു ബോബ് വില്ല്യംസ് എന്നറിയപ്പെട്ടിരുന്ന റോബര്‍ട്ട് ജോര്‍ജ് വില്ലിസ്. 1960കളില്‍ അമേരിക്കയുടെ പ്രശസ്ത പോപ് ഗായകനായ ബോബ് ഡൈലന്റെ കടുത്ത ആരാധകനായിരുന്നു വില്ലിസ്. തുടര്‍ന്നാണ് ഡൈലനെന്ന പേര് തന്റെ പേരിന്റെ അവസാനത്തില്‍ വില്ലിസ് ചേര്‍ക്കാന്‍ തുടങ്ങിയത്. 1965ല്‍ ഔദ്യോഗികമായി ബോബ് വില്ലിസ് ഡൈലന്നെ് അദ്ദേഹം പേര് മാറ്റുകയും ചെയ്തു.

സുരാജ് രണ്‍ദിവ്

സുരാജ് രണ്‍ദിവ്

നോ ബോള്‍ എറിഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് സെഞ്ച്വറി നിഷേധിക്കുകയും പിന്നീട്‌
ഒരു കളിയില്‍ വിലക്ക് നേരിടുകയും ചെയ്തതോടെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ സുരാജ് രണ്‍ദിവ്.
തന്റെ ടീമംഗമായിരുന്ന ദില്‍ഷനെപ്പോലെ തന്നെ മുസ്ലീമായി ജനിച്ച് ബുദ്ധമതത്തിലേക്ക് മാറിയ വ്യക്തിയാണ് സുരാജ്. 1985ല്‍ മുഹമ്മദ് മര്‍ഷൂക്ക് മുഹമ്മദ് സുരാജെന്ന പേരില്‍ ജനിച്ച താരം 2010ലാണ് ബുദ്ധ മതം സ്വീകരിച്ച ശേഷം സുരാജ് രണ്‍ദീവായി മാറിയത്.

ഷമിയുടെ കുരുക്ക് മുറുകുന്നു... ഇത്തവണ കൂടുതല്‍ ഗുരുതരം, കരിയര്‍ തന്നെ അവതാളത്തില്‍!!

കലിപ്പില്ല, കപ്പുമില്ല... ഇവരില്ലെങ്കില്‍ മാനം കൂടി പോയേനെ!! ബ്ലാസ്‌റ്റേഴ്‌സ് നന്ദി പറയണം, 6 പേരോട്

Story first published: Saturday, March 10, 2018, 9:01 [IST]
Other articles published on Mar 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍