ബിസിസിഐ സ്വന്തമായി വിമാനം വാങ്ങണമെന്ന് കപില്‍ദേവ്; കാരണം ഇതാണ്

Posted By:

ദില്ലി: കളിക്കാരുടെ തിരക്കും കളികളുടെ എണ്ണം വര്‍ദ്ധിച്ചതും പരിഗണിച്ച് ബിസിസിഐ സ്വന്തമായി വിമാനം വാങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവ്. കളിക്കാരുടെ സമയനഷ്ടവും മാനസിക സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നാണ് കപിലിന്റെ വിശ്വാസം. ബിസിസിഐ സ്വന്തമായി വിമാനം വാങ്ങിയാല്‍ താനതില്‍ ഏറെ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐയ്ക്ക് ഇപ്പോള്‍ നല്ല വരുമാനമുണ്ട്. അതുകൊണ്ട് സ്വന്തമായി വിമാനം വാങ്ങുകയെന്നത് ഒരു സാമ്പത്തിക ബാധ്യതയാകില്ല. ഇത് കളിക്കാരുടെ വിലപ്പെട്ട സമയം ലാഭിക്കുകയും അതുവഴി അവര്‍ക്ക് വിശ്രമത്തിന് ധാരാളം സമയം ലഭിക്കുകയും ചെയ്യും. ഇത് ഒരു അഞ്ച് വര്‍ഷം മുന്‍പേ ചെയ്യേണ്ട കാര്യമായിരുന്നെന്നും കപില്‍ അഭിപ്രായപ്പെട്ടു.

kapil

ബിസിസിഐ മാത്രമല്ല, കളിക്കാരും സ്വന്തമായി വിമാനങ്ങള്‍ വാങ്ങണം. അമേരിക്കയില്‍ ഗോള്‍ഫ് കളിക്കാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്ക് സ്വന്തമായി വിമാനമുണ്ട്. കളിക്കാരുടെ സമയലാഭത്തിന് ഇത് ഏറെ സഹായകരവുമാണ്. ബിസിസിഐയ്ക്ക് വിമാനത്തിന്റെ പാര്‍ക്കിങ് ചാര്‍ജും ഒരു പ്രശ്‌നമാകില്ല. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ലോകകപ്പ് ക്യാപ്റ്റന്‍ പറഞ്ഞു.

കപില്‍ ഇതാദ്യമായല്ല ഇക്കാര്യം പറയുന്നത്. മൂന്നുവര്‍ഷം മുന്‍പ് അദ്ദേഹം സമാനരീതിയിലുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. പ്രധാന നഗരങ്ങളില്‍ ബിസിസിഐ റെസ്റ്റ് ഹൗസുകള്‍ പണിയണമെന്നാണ് കപിലിന്റെ മറ്റൊരു നിര്‍ദ്ദേശം. ഇതുവഴി ഹോട്ടല്‍ ബില്‍ ലാഭിക്കാമെന്ന് അദ്ദേഹം പറയുന്നു. കപിലിന്റെ ഇപ്പോഴത്തെ നിര്‍ദ്ദേശത്തെക്കുറിച്ച് ബിസിസിഐ പ്രതികരിച്ചിട്ടില്ല.

Story first published: Monday, September 11, 2017, 8:55 [IST]
Other articles published on Sep 11, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍