സച്ചിന്‍, അഫ്രീദി... പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റില്‍ പുത്തരിയല്ല, ഇവരും കുടുങ്ങി

Written By:

കേപ്ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദം മാന്യന്‍മാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിന് ഒരിക്കല്‍ക്കൂടി കളങ്കമുണ്ടാക്കിയിരിക്കുകയാണ്. പന്തില്‍ കൃത്രിമം കാണിച്ച് എതിര്‍ ടീമിനെ ചതിയിലൂടെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനാണ് ഓസ്്‌ട്രേലിയ ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. പന്തില്‍ കൃത്രിമം കാണിച്ച ഓസീസ് താരം കാമറണ്‍ ബാന്‍ക്രോഫ്റ്റും ഇതതിനു കൂട്ടുനിന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരും ഒരുപോലെ കുറ്റക്കാര്‍ തന്നെയാണ്.

പന്ത് ചുരണ്ടല്‍ വിവാദം ഇതാദ്യമായല്ല ക്രിക്കറ്റിനു നാണക്കേടുണ്ടാക്കുന്നത്. നേരത്തേയും സമാനമായ സംഭവങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. ഇവയിലേക്ക് ഒന്നു കണ്ണോടിക്കാം.

പന്ത് കടിച്ചുമുറിച്ച അഫ്രീദി

പന്ത് കടിച്ചുമുറിച്ച അഫ്രീദി

പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീദിയും ഒരിക്കല്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന് ശിക്ഷ നേരിട്ടിട്ടുണ്ട്. 2010 ജനുവരിയില്‍ വാക്കയില്‍ നടന്ന ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലുള്ള അഞ്ചാം ഏകദിന മല്‍സരത്തിനിടെയായിരുന്നു വിവാദ സംഭവം.
ഓസീസ് ടീം ബാറ്റ് ചെയ്യുന്നതിനിടെ പന്തില്‍ കടിച്ച് കൃത്രിമം കാണിക്കാന്‍ ശ്രമിച്ച അഫ്രീദിയെ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്തു. ഒരു തവണയല്ല പല തവണ താരം ഇതാവര്‍ത്തിക്കുകയും ചെയ്തുവെന്നതാണ് ശ്രദ്ധേയം. കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ അഫ്രീദി ശിക്ഷിക്കപ്പെടുകയും ചെയ്തു. രണ്ടു ട്വന്റി20 മല്‍സരങ്ങളിലാണ് താരത്തിന് വിലക്ക് നേരിടേണ്ടിവന്നത്. അന്ന് പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അഫ്രീദി.

വീണ്ടും പാകിസ്താന്‍

വീണ്ടും പാകിസ്താന്‍

2006ലും പാകിസ്താന്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഓവലില്‍ ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് മല്‍സരത്തിനിടെയായിരുന്നു ഇത്. പാകിസ്താന്‍ ടീം പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്ന് കളി നിയന്ത്രിച്ച ഓസ്‌ട്രേലിയന്‍ അംപയറായ ഡാരെല്‍ ഹെയര്‍ ആരോപിക്കുകയായിരുന്നു. തങ്ങള്‍ക്കെതിരായ ആരോപണത്തില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ മല്‍സരം ബഹിഷ്‌കരിച്ചതോടെ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതോടെ ഹെയറിനെതിരേ പ്രതിഷേധം വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. പാകിസ്താന്‍ ടീമിന്റെ ആരാധകര്‍ ലാഹോറില്‍ ഹെയറിന്റെ കോലം കത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു. പാകിസ്താന്റെ മുന്‍ താരങ്ങളും ഹെയറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തു വരികയും ചെയ്തിരുന്നു.

സിഡ്‌ലിനെതിരേ ആരോപണം

സിഡ്‌ലിനെതിരേ ആരോപണം

2012ല്‍ ഹൊബാര്‍ട്ടില്‍ നടന്ന ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മല്‍സരത്തിനിടെ ഓസീസ് പേസര്‍ പീറ്റര്‍ സിഡ്‌ലില്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതു വലിയ ചര്‍ച്ചയായതോടെ ഐസിസി ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
എന്നാല്‍ സിഡ്ല്‍ പന്തില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ തെറ്റാണെന്നും അന്വേഷണത്തില്‍ തെളിയുകയായിരുന്നു. പന്തിന്റെ സീം പരിശോധിക്കുക മാത്രമാണ് താരം ചെയ്തതെന്നും തെളിഞ്ഞതോടെ വിവാദം അവസാനിക്കുകയായിരുന്നു.

 നമ്മുടെ സച്ചിനും...

നമ്മുടെ സച്ചിനും...

ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരിക്കല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ടിട്ടുണ്ട്. 2001 നവംബര്‍ 18നായിരുന്നു സംഭവം നടന്നത്. പോര്‍ട്ട് എലിസബത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് മല്‍സരത്തിനിടെ സച്ചിന്‍ പന്തില്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു ആരോപണം. തുടര്‍ന്നു മാച്ച് റഫറി മൈക്ക് ഡെന്നീസ് അദ്ദേഹത്തെ ഒരു ടെസ്റ്റില്‍ നിന്നും വിലക്കുകയും ചെയ്തു.
എന്നാല്‍ പന്തില്‍ പറ്റിപ്പിടിച്ച പുല്ല് നീക്കം ചെയ്യുകയായിരുന്നു സച്ചിന്‍ ചെയ്തതെന്ന് പിന്നീട് തെളിഞ്ഞു. ഇതേ തുടര്‍ന്ന് സച്ചിനെ ഐസിസി കുറ്റവിമുക്തനാക്കുകയും ചെയ്തു. പക്ഷെ സച്ചിനെതിരേ നടപടിയെടുത്ത മാച്ച് റഫറിക്കെതിരേ ബിസിസിഐയും ഇന്ത്യന്‍ ആരാധകരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

മൈക്ക് അതേര്‍ട്ടന്‍

മൈക്ക് അതേര്‍ട്ടന്‍

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്ക് അതേര്‍ട്ടനും 1994ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ടിട്ടുണ്ട്. കളിക്കിടെ പോക്കറ്റില്‍ നിന്നും ഒരു തുണിക്കഷണം കൊണ്ട് അതേര്‍ട്ടന്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇവ നിഷേധിച്ച താരം താന്‍ കൈ ഉണക്കുന്നതിനു വേണ്ടിയാണ് അത്തരത്തില്‍ ചെയ്തതെന്നും വിശദീകരിച്ചു.
ഇതേ തുടര്‍ന്ന് പന്ത് ചുരണ്ടലുമായി ബന്ധപ്പെട്ട് ശിക്ഷ നേരിട്ടില്ലെങ്കിലും മാച്ച് റഫറിയെ കാണിക്കാതെ തുണിക്കഷണം കീശയില്‍ ഒളിപ്പിച്ചതിന് 2000 യൂറോ അതേര്‍ട്ടന് പിഴ ചുമത്തുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് അതേര്‍ട്ടന്റെ രാജിക്കായി സമ്മര്‍ദ്ദമുയര്‍ന്നെങ്കിലും അദ്ദേഹം അതിനു കൂട്ടാക്കിയില്ല. 1998 വരെ അതേര്‍ട്ടന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായി തുടരുകയും ചെയ്തു.

അവിശ്വസനീയം അഫ്ഗാന്‍... വിന്‍ഡീസിനെയും വീഴ്ത്തി, യോഗ്യതാ ടൂര്‍ണമെന്റില്‍ കിരീടം

വിവാദക്കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് കംഗാരുപ്പട... മൂന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞു, ദയനീയ തോല്‍വി

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, March 26, 2018, 11:44 [IST]
Other articles published on Mar 26, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍