വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൗറിഞ്ഞോ അസ്വസ്ഥനാണ്, ഏറ്റവും മികച്ചവനെന്ന് സ്വയം പറയുന്നു; തര്‍ക്കിക്കുന്നു !! മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഭാവിയെന്ത് ?

By Lekhaka

വിപുൽനാഥ്

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായ വിപുൽനാഥ് മലയാളത്തിലെ ശ്രദ്ധേയരായ സ്പോർട്സ് ജേർണലിസ്റ്റുകളിൽ ഒരാളാണ്.

ഈഗോയുടെ മരമാണ് ജോസ് മൗറിഞ്ഞോ എന്ന പോര്‍ച്ചുഗീസുകാരന്‍. ഫുട്‌ബോള്‍ പരിശീലകരിലെ ചാണക്യനാണയാള്‍. കളിയില്‍ അത്ര വൈഭവം ഇല്ലെങ്കിലും കളി പഠിപ്പിക്കും. 1992 ല്‍ ലിസ്ബന്‍ ക്ലബ്ബില്‍ ബോബി റോബ്‌സന്റെ ഭാഷാ ഇടനിലക്കാരനായി വന്ന കക്ഷിയാണ് ഈ മൗറിഞ്ഞോ. റോബ്‌സനൊപ്പം കൂടി ഫുട്‌ബോള്‍ ടാക്റ്റിക്‌സ് പഠിച്ചെടുത്തു. എഫ് സി പോര്‍ട്ടോക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതോടെ മൗറിഞ്ഞോ ലോകപ്രശസ്തനായി.

mourinho

പോര്‍ച്ചുഗലിലും സ്‌പെയ്‌നിലും ഇറ്റലിയിലും ഇംഗ്ലണ്ടിലും ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ പ്രതിഭാധനനായ പരിശീലകന്‍. ഇപ്പോള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ചക്രശ്വാസം വലിക്കുന്നു. പത്രസമ്മേളനങ്ങളില്‍ നിലവിട്ട് പെരുമാറുന്ന ശീലക്കാരന്‍ അതാവര്‍ത്തിക്കുന്നു. റയല്‍ മാഡ്രിഡില്‍ കോച്ചായിരുന്നപ്പോള്‍ സ്വയം സ്‌പെഷ്യല്‍ വണ്‍ എന്ന് വിശേഷിപ്പിച്ചു കളഞ്ഞ വിധ്വാനാണ് ഈ മൗറീഞ്ഞോ. പ്രീമിയര്‍ ലീഗില്‍ തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റിരിക്കുമ്പോള്‍ മൗറിഞ്ഞോയോട് മാധ്യമപ്രവര്‍ത്തകര്‍ ഒന്ന് കൊത്തി നോക്കി. ഇപ്പോഴും താങ്കളുടെ കഴിവില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദ്യം എറിഞ്ഞിട്ടു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഈ സീസണില്‍ ഒരു കിരീടം പോലും നേടിയില്ലെന്ന് കരുതുക. എന്നാലും, ലോകത്തിലെ ഏറ്റവും മഹത്തായ പരിശീലകരില്‍ ഒരാള്‍ താനായിരിക്കും. ഇറ്റലിയിലും സ്‌പെയ്‌നിലും ഇംഗ്ലണ്ടിലും കിരീടം നേടിയ ഒരേയൊരു പരിശീലകന്‍ ഞാനാണ്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിറകില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് എന്റെ ഏറ്റവും മികച്ച നേട്ടങ്ങളില്‍ ഒന്നാണ് - മൗറിഞ്ഞോ രൂക്ഷമായ നോട്ടം അയച്ചു കൊണ്ട് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപും ഇതേ ചോദ്യം നേരിട്ടതാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അയാള്‍ വലിയ കോച്ചൊന്നുമല്ല, ഒരു കിരീടം എടുത്തു പറയാനുണ്ടോ എന്ന് മൗറിഞ്ഞോ.

പോരേ പുകില്. വിവാദ പ്രസ്താവനകള്‍ പുറപ്പെടുവിക്കാന്‍ വിരുതുള്ള മൗറിഞ്ഞോയുടെ വായില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒരു വെടിക്കുള്ളത് തോണ്ടിയെടുത്തു. ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് ചിരിച്ചു കൊണ്ടാണ് മൗറിഞ്ഞോയുടെ പ്രസ്താവനയെ നേരിട്ടത്. ഞാനദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളൊന്നും കാണാറില്ല. ഇപ്പോള്‍, എന്റെ ടീം കളിക്കുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ എന്നൊരു കൊട്ടാണ് ക്ലോപ് നല്‍കിയത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗോര്‍ഡിയോള രണ്ട് പത്രസമ്മേളനത്തെ കുറിച്ചും അറിഞ്ഞിട്ടുണ്ട്. മൗറിഞ്ഞോ പറഞ്ഞത് ശരിയാണ്. അദ്ദേഹം ബഹുമാനം അര്‍ഹിക്കുന്നു. എന്നുവെച്ച് യുര്‍ഗന്‍ ക്ലോപിനെ വിലകുറച്ച് കാണുന്നതിനോട് യോജിപ്പില്ല. കിരീടം നേടാത്ത പരിശീലകരും മികച്ചവരാണ്. മികവിന്റെ മാനദണ്ഡം കിരീട നേട്ടമല്ലെന്ന് ബാഴ്‌സലോണക്കൊപ്പം റെക്കോര്‍ഡ് കിരീടങ്ങള്‍ സ്വന്തമാക്കിയ പെപ് ഗോര്‍ഡിയോള വിനയാന്വതനായി പറയുന്നു.

മൗറിഞ്ഞോയുടെ യഥാര്‍ഥ പ്രശ്‌നം ക്ലബ്ബിനുള്ളിലാണ്. അതിന്റെ അസ്വസ്ഥകളാണ് അദ്ദേഹം പുറത്തേക്ക് വലിച്ചിഴക്കുന്നത്. സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി പതിനാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ലിവര്‍പൂളും ചെല്‍സിയും ആദ്യ നാല് കളിയും ജയിച്ച് കിരീടപ്പോരാട്ടം ഉഷാറാക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയാകട്ടെ ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു കൊണ്ട് വിജയപീഠത്തില്‍ തിരിച്ചെത്തിയിരിക്കുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ മൗറിഞ്ഞോയുടെ ഭാവി വലിയ ചോദ്യചിഹ്നമാണ്. ഇനിയൊരു തോല്‍വി കൂടി നേരിട്ടാല്‍ ഓള്‍ഡ്ട്രഫോര്‍ഡില്‍ പോര്‍ച്ചുഗീസ് കോച്ചിന്റെ രക്തത്തിനായി മുറവിളി ഉയരും. മൗറിഞ്ഞോ സമ്മര്‍ദത്തിലാണ്. ഇരുപത് തവണ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഓഹരിവില ഇടിയുകയാണ്. ലോകഫുട്‌ബോളിലെ വലിയ ബ്രാന്‍ഡാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ എന്ന ഇതിഹാസ പരിശീലകന്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കഠിനാധ്വാനം കൊണ്ടുണ്ടാക്കിയ പേരും പ്രശസ്തിയും കൈമോശം വരാന്‍ ക്ലബ്ബ് മാനേജ്‌മെന്റ് ആഗ്രഹിക്കില്ല. പരസ്യമായ വാക് പോര് പോലും അവര്‍ പിന്തുണക്കില്ല. മൗറിഞ്ഞോയുടെ നിലവിട്ട പെരുമാറ്റം നിരീക്ഷിക്കപ്പെടുന്നുണ്ടാകും.

Mourinho

ബ്രാന്‍ഡ് ഓഫ് ഫുട്‌ബോള്‍ എന്നൊന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ചെല്‍സിയും ടോട്ടനം ഹോസ്പറും പ്രീമിയര്‍ ലീഗിന് ആവേശം വിതറുന്ന ബ്രാന്‍ഡ് ഗെയിം പുറത്തെടുക്കുമ്പോള്‍ മൗറിഞ്ഞോയുടെ ടീം വിരസതയാണ് നല്‍കുന്നത്. തനിക്കാവശ്യമുള്ള കളിക്കാരെ ഇനിയും ലഭിച്ചില്ലെന്ന പരാതിയും പരിഭവവുമാണ് മൗറിഞ്ഞോ പ്രകടിപ്പിക്കുന്നത്. ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എഡ് വുഡ്വാര്‍ഡും മൗറിഞ്ഞോയും അത്ര സുഖത്തിലല്ല. ട്രാന്‍സ്ഫറില്‍ വേണ്ടത്ര പണമിറക്കാന്‍ വുഡ്വാര്‍ഡ് സമ്മതിച്ചിട്ടില്ല. മൗറിഞ്ഞോക്ക് തോന്നുന്ന പോലെ പണം ചെലവഴിക്കാന്‍ സാധിക്കില്ലെന്നതാണ് വുഡ്വാര്‍ഡ് നല്‍കിയ സൂചന. 2013 ല്‍ ഫെര്‍ഗൂസന്‍ വിരമിച്ചതിന് ശേഷം ഇങ്ങോട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കാര്‍ക്ക് വേണ്ടി ചെലവഴിച്ചത് 700 ദശലക്ഷം പൗണ്ടാണ്. പക്ഷേ, ചെലവഴിച്ച പണത്തിന്റെ മാറ്റൊന്നും ക്ലബ്ബിന് ലഭിച്ചിട്ടില്ല. ഏഞ്ചല്‍ ഡി മരിയ, മെംഫിസ് ഡിപേ, ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍, മോര്‍ഗന്‍ ഷ്‌നെഡര്‍ലിന്‍, ഹെന്റിക് മഹിതരിയാന്‍ എന്നിവര്‍ക്കെല്ലാം ധാരാളം പണമൊഴുക്കി. വലിയ ഗുണമുണ്ടായില്ല.

ലൂക് ഷാ, യുവാന്‍ മാറ്റ, പോള്‍ പോഗ്ബ, അലക്‌സിസ് സാഞ്ചസ് എന്നിവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. പോഗ്ബയെ മൗറിഞ്ഞോയുടെ ഇഷ്ടപ്രകാരം ടീമിലെത്തിച്ചത് റെക്കോര്‍ഡ് തുകക്കാണ്. ഇന്ന് പോഗ്ബയും മൗറിഞ്ഞോയും തമ്മില്‍ അത്ര സുഖത്തിലല്ല. ക്ലബ്ബ് വിടാന്‍ തയ്യാറായി നിന്ന പോഗ്ബയെ ക്യാപ്റ്റനാക്കിക്കൊണ്ടുള്ള നയതന്ത്രമാണ് മൗറിഞ്ഞോ ഒടുവില്‍ പയറ്റിയത്. എന്നിട്ടും ഒന്നും നേരായ വഴിക്കല്ല പോകുന്നത്. യുവെന്റസിലേക്ക് മടങ്ങണം എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് പോഗ്ബ.

ഡ്രസിംഗ് റൂം സാഹചര്യങ്ങള്‍ വഷളായിരിക്കുകയാണോ?

മൗറിഞ്ഞോയുടെ മാജിക് ടച് നഷ്ടമായത് വലംകൈയ്യായ റൂയി ഫരിയയുമായി പിരിഞ്ഞതാണ്. ബ്രെന്‍ഡന്‍ റോജേഴ്‌സ്, എയ്‌റ്റോര്‍ കരാങ്ക, ആന്ദ്രെ വിലാസ് ബോസ് എന്നീ പരിശീലകര്‍ മൗറിഞ്ഞോയുടെ അസിസ്റ്റന്റ് ആയിരുന്നെങ്കിലും റൂയി ഫരിയ ആണ് ഏറ്റവും മിടുക്കനെന്ന് മൗറീഞ്ഞോ സാക്ഷ്യപ്പെടുത്തും. എഫ് സി പോര്‍ട്ടോ, ചെല്‍സി, ഇന്റര്‍മിലാന്‍, റയല്‍ മാഡ്രിഡ് എന്നിവിടങ്ങളിലെല്ലാം മൗറിഞ്ഞോ കരുത്തറിയിച്ചത് റൂയി ഫരിയ കൂടെയുള്ളതിന്റെ ആത്മബലത്തിലായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തുടക്കത്തില്‍ ഒരുമിച്ചായിരുന്നു. പിന്നീട് ഫരിയ ടീം വിട്ടു. കാരണം വ്യക്തമല്ല. സ്വതന്ത്ര പരിശീലകനാവുകയാണ് ഫരിയയുടെ ലക്ഷ്യമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍, മൗറിഞ്ഞോ മൗനം പാലിക്കുന്നു. എഫ് സി പോര്‍ട്ടോയില്‍ മൗറിഞ്ഞോക്ക് കീഴില്‍ ഫിറ്റ്‌നെസ് കോച്ചായി തുടങ്ങിയ ഫരിയ ചെല്‍സിയില്‍ രണ്ടാം കോച്ചായി. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ ചെല്‍സിക്കൊപ്പം ഇവര്‍ ഒരുമിച്ച് നേടി. ഇന്റര്‍മിലാന് 2010 ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തു. റയല്‍ മാഡ്രിഡ് പെപ് ഗോര്‍ഡിയോളയുടെ ബാഴ്‌സലോണയുടെ സര്‍വാധിപത്യം അവസാനിപ്പിച്ചതും ഈ കൂട്ടുകെട്ടിന്റെ കരുത്തിലായിരുന്നു. ഇന്ന് അവരില്ല. മൗറിഞ്ഞോ ഒറ്റക്കാണ്. വലംകൈ നഷ്ടമായ ആശാന്‍.

Story first published: Sunday, September 2, 2018, 8:30 [IST]
Other articles published on Sep 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X