വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയര്‍ താരങ്ങളുമായി വരുന്ന സെനഗല്‍, ഇവരുടെ ദിവസം ആരെയും വീഴ്ത്തും !

വിപുൽനാഥ്

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായ വിപുൽനാഥ് മലയാളത്തിലെ ശ്രദ്ധേയരായ സ്പോർട്സ് ജേർണലിസ്റ്റുകളിൽ ഒരാളാണ്.

ലോകകപ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പ് സൂപ്പര്‍ ഫേവറിറ്റുകളും ഫേവറിറ്റുകളും ആയി കുറച്ച് ടീമുകളുണ്ടാകും. റഷ്യയില്‍ ബ്രസീലാണ് സൂപ്പര്‍ഫേവറിറ്റ്. സ്‌പെയിനും ജര്‍മനിയും ഫ്രാന്‍സും അര്‍ജന്റീനയുമൊക്കെ സൂപ്പര്‍ ഫേവറിറ്റുകള്‍. അപ്രസക്തരുടെ ഗണത്തില്‍ മറ്റ് ചിലര്‍. കറുത്ത കുതിരകളാകാന്‍ വേറെ ചിലര്‍. ടൂര്‍ണമെന്റ് ആരംഭിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ പരമ്പരാഗത ശക്തികള്‍ അല്ലലില്ലാതെ മുന്നേറും. ചിലപ്പോള്‍ കഥ മാറും. ഇത്തരം കാഴ്ചകളാണ് യഥാര്‍ഥത്തില്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആവേശം. റഷ്യയില്‍ ഗ്രൂപ്പുകളില്‍ അട്ടിമറി നടത്താന്‍ സാധ്യതയുള്ള ടീമുകളുണ്ട്. ഗ്രൂപ്പ് എയില്‍ ആ സ്ഥാനം സഊദി അറേബ്യക്ക് നല്‍കുന്നു. കാരണം, അവര്‍ ലോകചാമ്പ്യന്‍മാരായ ജര്‍മനിയെ സന്നാഹത്തില്‍ വിറപ്പിച്ചിരിക്കുന്നു. വളരെ പാഷനേറ്റീവായി കളിക്കുന്ന ഒരു സംഘമാണ് സഊദിയെന്ന് ജര്‍മന്‍ കോച്ച് ജോക്വം ലോ പറഞ്ഞത് ശരിക്കും പൊള്ളിയത് കൊണ്ടാണ്. റഷ്യ, ഈജിപ്ത്, ഉറുഗ്വെ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഒരു ജയവും രണ്ട് സമനിലയും പോലെ സഊദിക്ക് കരുത്തരായ ഉറുഗ്വെയുടെ നില തെറ്റിക്കാന്‍ !

fifa

ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലും സ്‌പെയിനും ക്ലിയര്‍ ഫേവറിറ്റുകളാണ്. ഇറാനും മൊറോക്കോയുമാണ് മറ്റ്ടീമുകള്‍. അന്നം മുടക്കികള്‍ എന്ന ലേബല്‍ മൊറോക്കോക്ക് നല്‍കുന്നു.

ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിനെ വഴി മുടക്കാന്‍ മറ്റ് മൂന്ന് ടീമുകള്‍ക്കും സാധിച്ചേക്കും. ഡെന്‍മാര്‍ക്കിനെ ഒന്ന് കരുതിക്കോളൂ. ആസ്‌ത്രേലിയയും പെറുവുമാണ് മറ്റ് ടീമുകള്‍.

ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനക്ക് പരിചയമില്ലാത്ത ടീം ഐസ് ലാന്‍ഡാണ്. നിഗൂഢതയാണ് അവരുടെ മുഖമുദ്ര. ക്രൊയേഷ്യയും നൈജീരിയയും അര്‍ജന്റീനക്ക് അത്ര പ്രയാസം സൃഷ്ടിക്കില്ല.

ഗ്രൂപ്പ് ഇയില്‍ ബ്രസീലിന് എതിരുണ്ടാകില്ല. പക്ഷേ, സന്നാഹത്തില്‍ സെര്‍ബിയ മികവറിയിച്ചു. അവരെ ഒന്ന് കരുതണം. ഗ്രൂപ്പ് എഫില്‍ ജര്‍മനിയും സ്വീഡനും തന്നെയാണ് കരുത്തര്‍. ഈ ഗ്രൂപ്പില്‍ മെക്‌സിക്കോയും ദ.കൊറിയയും വലിയ അട്ടിമറി നടത്താന്‍ സാധ്യതയില്ല. നോക്കൗട്ടിലെത്തിയാല്‍ സ്വീഡന്‍ അട്ടിമറികള്‍ സൃഷ്ടിച്ചേക്കാം.

ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ടും ബെല്‍ജിയവും ക്ലിയര്‍ ഫേവറിറ്റുകള്‍. ടുണീഷ്യക്കും പാനമക്കും അട്ടിമറി കരുത്ത് ഇനിയും തെളിയിക്കാനായിട്ടില്ല.

ഗ്രൂപ്പ് എച്ചില്‍ കൊളംബിയയും പോളണ്ടുമാണ് കരുത്തര്‍. ഇതില്‍ പ്രീമിയര്‍ ലീഗ് കളിക്കാരുമായെത്തുന്ന സെനഗലിന്റെ വീര്യം കാണാനിരിക്കുന്നു. അട്ടിമറി പാരമ്പര്യമുള്ളവരാണവര്‍. ജപ്പാന്‍ ഗ്രൂപ്പ് റൗണ്ടില്‍ മടങ്ങും.

ഇനി ലോകകപ്പ് കണ്ട എക്കാലത്തേയും ചില അട്ടിമറികളിലൂടെ ഒന്ന് കണ്ണോടിക്കാം...


football


1950, ബ്രസീല്‍

നാല് ഗ്രൂപ്പുകളിലെ ജേതാക്കള്‍ ഫൈനല്‍ റൗണ്ടിലെത്തുന്ന ഫോര്‍മാറ്റ്. ബ്രസീല്‍, സ്വീഡന്‍, സ്‌പെയിന്‍, ഉറുഗ്വെ ഇവരായിരുന്നു ആ നാല് ടീമുകള്‍. 7-1ന് സ്വീഡനെയും 6-1ന് സ്‌പെയ്‌നിനെയും തരിപ്പണമാക്കിയ ബ്രസീല്‍ കിരീടവിജയിയെ നിര്‍ണയിക്കുന്ന മാറക്കാനയില്‍ ഉറുഗ്വെയോട് 2-1ന് തോറ്റു ! രണ്ട് ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന പുതിയ മാറക്കാന സ്റ്റേഡിയം ബ്രസീല്‍ പണിതത് തന്നെ അവിടെ വെച്ച് ലോകകപ്പ് ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു. ബ്രസീല്‍ ചാമ്പ്യന്‍മാരാകുമെന്ന് കരുതി നേരത്തെ തന്നെ 22 മെഡലുകള്‍ തയ്യാറാക്കിയിരുന്നു ! യുവാന്‍ ആല്‍ബര്‍ട്ടോ ഷിയാഫിനോയും അല്‍സിഡെസ് ഗിഗിയയുമാണ് ഉറുഗ്വെയുടെ ഗോളുകള്‍ നേടിയത്. 2010 ല്‍ ഇഎസ്പിഎന്‍ ഡോക്യുമെന്ററില്‍ ഗിഗിയ പറഞ്ഞു : മാറക്കാനയെ നിശബ്ദമാക്കിയത് മൂന്ന് പേരാണ് - പോപ്, ഫ്രാങ്ക് സിനാത്ര, പിന്നെ ഞാന്‍.

1954,സ്വിറ്റ്‌സര്‍ലന്‍ഡ്

നാല് വര്‍ഷമായി തോല്‍വിയറിയാതെ കുതിക്കുകയാണ് ഫെറെങ്ക് പുഷ്‌കാസിന്റെ വിശ്വോത്തര ഹംഗറി ടീം. ലോകകപ്പ് മറ്റൊരു ടീമിന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതുപോലെ ലോകകപ്പ് ഫൈനലിലെത്തുമെന്ന് സ്വപ്‌നത്തില്‍ പോലും ആരും കരുതാത്ത ടീമായിരുന്നു പശ്ചിമ ജര്‍മനി. സംഭവിച്ചത് ഹംഗറിയും പശ്ചിമ ജര്‍മനിയും ഫൈനലിലെത്തി. 3-2ന് പശ്ചിമ ജര്‍മനി കപ്പുയര്‍ത്തി. ആദ്യ പത്ത് മിനുട്ടില്‍ രണ്ട് ഗോളുകള്‍ക്ക് പിറകിലായ ശേഷമായിരുന്നു പശ്ചിമജര്‍മനിയുടെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചുള്ള അത്ഭുതകൃത്യം. എണ്‍പത്തിനാലാം മിനുട്ടിലെ വിജയ ഗോള്‍ ഉള്‍പ്പടെ രണ്ട് ഗോളുകള്‍ നേടിയ ഹെല്‍മുട് റാനാണ് ജര്‍മനിയുടെ ഹീറോ. ഇതാണ് പില്‍ക്കാലത്ത് ബേണിലെ അത്ഭുതം എന്നറിയപ്പെട്ടത്.

1966, ഇംഗ്ലണ്ട്

സോവിയറ്റ് യൂണിയനും ഇറ്റലിയും ചിലിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ഏഷ്യയില്‍ നിന്നുള്ള ഉത്തര കൊറിയക്കാര്‍. സോവിയറ്റ് യൂണിയനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്ന കൊറിയ രണ്ടാം മത്സരത്തില്‍ ചിലിയെ 1-1ന് തളച്ചു. വിധിനിര്‍ണായകമായ മത്സരത്തില്‍ ഇറ്റലിയെ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു. പാക് ഡൂഇക് നേടിയ ലീഡ് ഗോളിനെ ഓരോ രോമം കൊണ്ടും പ്രതിരോധിച്ചു നിന്ന് കൊറിയ ഇറ്റലിയെ മറിച്ചിടുകയായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലിലും കൊറിയ ഞെട്ടിച്ചു. യുസേബിയോയുടെ പോര്‍ച്ചുഗലിനെതിരെ 3-0ന് ലീഡെടുത്തു. എന്നാല്‍, യുസേബിയോയുടെ ഹാട്രിക്ക് ബലത്തില്‍ തിരിച്ചടിച്ച പോര്‍ച്ചുഗല്‍ 5-3ന് അട്ടിമറി ഒഴിവാക്കി. ഇന്നും നിഗൂഢമാണ് എടുത്തു പറയാന്‍ പ്രമുഖരില്ലാത്ത കൊറിയന്‍ സ്‌ക്വാഡിന്റെ അട്ടിമറികരുത്ത്.

1990, ഇറ്റലി

മറഡോണയുടെ മികവില്‍ 1986 ല്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീന നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റാലിയ ലോകകപ്പിനെത്തിയപ്പോള്‍ ആഫ്രിക്കയുടെ സിംഹഗര്‍ജനത്തിന് മുന്നില്‍ വീണു. കാമറൂണിന്റെ വന്യമായ ഫുട്‌ബോളിന് മുന്നില്‍ അര്‍ജന്റീന മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്.

ആ മത്സരത്തെ കുറിച്ച് മറഡോണ പിന്നീട് അനുസ്മരിച്ചത് ഇങ്ങനെ : എന്റെ തലക്കൊരു ചവിട്ട് കിട്ടി, ബോധം മറഞ്ഞു പോകുമോ എന്ന് ഭയന്നു പോയ ചവിട്ട്. കാടന്‍ കളിക്കൊടുവില്‍ കാമറൂണ്‍ ഒമ്പത് പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

അര്‍ജന്റീനയുടെ ക്ലോഡിയോ കനീജിയയെ കാമറൂണിന്റെ ബെഞ്ചമിന്‍ മാസിംഗ് അനങ്ങാന്‍ വിടാതെ മാര്‍ക്ക് ചെയ്തു.

ഈ വിജയം കാമറൂണിനെ മാത്രമല്ല, ആഫ്രിക്കന്‍ ഫുട്‌ബോളിനെയൊന്നടങ്കം ഉണര്‍ത്തി. കാമറൂണിന്റെ വിജയം ആഫ്രിക്ക മുഴുവന്‍ ആഘോഷിച്ചു.



2002,ദ.കൊറിയ&ജപ്പാന്‍


ഗ്രൂപ്പ് റൗണ്ടില്‍ പോര്‍ച്ചുഗല്‍, പോളണ്ട് ടീമുകളെ വീഴ്ത്തിയ ദക്ഷിണകൊറിയ പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയെയും ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനെയും വീഴ്ത്തി സെമിയിലെത്തിയപ്പോള്‍ ലോക ഫുട്‌ബോള്‍ അവിശ്വസനീയതയോടെ നിന്നു. വമ്പന്‍ കൊലയാളികള്‍ എന്ന് അപ്പോഴേക്കും പേര് വീണ കൊറിയയെ സെമിയില്‍ ജര്‍മനി വീഴ്ത്തി. അതാകട്ടെ നേരിയ മാര്‍ജിനില്‍, 1-0.

ഇറ്റലിയും സ്‌പെയ്‌നും തോറ്റത് അധിക സമയത്തും ഷൂട്ടൗട്ടിലുമായിരുന്നു. റഫറിമാര്‍ ആതിഥേയരായ കൊറിയക്ക് അനുകൂലമായി വിധിയെഴുതിയെന്ന് ഇറ്റലിയും സ്‌പെയ്‌നും ആരോപണം ഉന്നയിച്ചിരുന്നു.

ഡച്ച് പരിശീലകന്‍ ഗസ് ഹിഡിങ്കായിരുന്നു കൊറിയയുടെ ഹീറോ ആയി മാറിയത്. കൊറിയയിലെ വാംജു സ്‌റ്റേഡിയത്തിന് ഗസ് ഹിഡിങ്ക് സ്‌റ്റേഡിയം എന്ന് നാമകരണം ചെയ്ത് കൊറിയ ഡച്ച് കോച്ചിനെ ആദരിച്ചു.

Story first published: Monday, June 11, 2018, 9:06 [IST]
Other articles published on Jun 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X