വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെനാല്‍റ്റി സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ടോപ് സ്‌കോറര്‍ പട്ടം!

വിപുൽനാഥ്

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായ വിപുൽനാഥ് മലയാളത്തിലെ ശ്രദ്ധേയരായ സ്പോർട്സ് ജേർണലിസ്റ്റുകളിൽ ഒരാളാണ്.

ഗോള്‍.....! ജൂണിലെ രാത്രിമഴകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച് എത്രയെത്ര ഗോളുകള്‍ പിറന്നിരിക്കുന്നു. ഫിഫ ലോകകപ്പില്‍ ഒരൊറ്റ ഇന്ത്യന്‍ ഗോള്‍ പോലും പിറന്നിട്ടില്ല. എന്നിട്ടും, നമ്മള്‍ ഇരുന്ന ഇരുപ്പില്‍ നിന്ന് ചാടിയെണീറ്റ് ഗോള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. കഴിഞ്ഞ ഇരുപത് ലോകകപ്പുകളിലായി ഏകദേശം രണ്ടായിരത്തി മുന്നൂറിലേറെ ഗോളുകള്‍ പിറന്നിരിക്കുന്നു. ആയിരത്തി ഇരുനൂറിലേറെ പേര്‍ ഗോളടിച്ചിരിക്കുന്നു ഈ മാമാങ്കത്തില്‍. ആദ്യ ഗോളിന്റെ അവകാശി ഫ്രാന്‍സിന്റെ ലൂസിയന്‍ ലോറന്റ് ആണ്. 1930 ലോകകപ്പിലായിരുന്നു ലൂസിയന്‍ ചരിത്ര പുരുഷനായി മാറിയത്. എന്നാല്‍, പ്രഥമ ലോകകപ്പില്‍ എട്ട് ഗോളുകള്‍ നേടിയ അര്‍ജന്റീനക്കാരന്‍ ഗ്യുല്ലെര്‍മോ സ്റ്റബൈലായിരുന്നു ടോപ് സ്‌കോറര്‍. ഗോളടിക്കുക എന്നത് തന്നെയാണ് ഫുട്‌ബോളില്‍ പ്രധാനം. അതുകൊണ്ടു തന്നെ അത് ഗോളടിക്കുന്നവന് പ്രാമുഖ്യം ലഭിക്കുന്ന കളിയായി മാറുകയും ചെയ്യുന്നു.

1954 ലോകകപ്പില്‍ ഹംഗറിയുടെ സാന്‍ഡര്‍ കോസിസ് ആണ് ആദ്യമായി ഒരു ടൂര്‍ണമെന്റില്‍ പത്തിലേറെ ഗോളുകള്‍ നേടിയത്. പതിനൊന്ന് ഗോളുകളായിരുന്നു ഹംഗേറിയന്‍ താരം ആ ലോകകപ്പില്‍ അടിച്ച് കൂട്ടിയത്. 1958 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്‍ 13 ഗോളുകളാക്കി റെക്കോര്‍ഡ് മാറ്റിയെഴുതി. വെറും ആറ് മത്സരങ്ങളില്‍ നിന്നായിരുന്നു ഫ്രഞ്ച് പ്ലെയറുടെ ഗോളടി എന്നോര്‍ക്കണം. പിന്നീടാര്‍ക്കും അത്തരമൊരു ഗോള്‍ അര്‍മാദം സാധ്യമായില്ല.1970 ലോകകപ്പില്‍ പശ്ചിമ ജര്‍മനിയുടെ ജെര്‍ഡ് മ്യൂളര്‍ പത്ത് ഗോളുകള്‍ നേടിയതാണ് തൊട്ടരികിലെത്തിയ ഒരു പ്രകടനം. 1974 ലോകകപ്പ് ഫൈനലില്‍ നേടിയ ഗോള്‍ ഉള്‍പ്പടെ ജെര്‍ഡ് മ്യൂളര്‍ തന്റെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം പതിനാലാക്കി. ഈ റെക്കോര്‍ഡ് തകര്‍ത്തത് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയാണ്. 1998-2006 വരെയുള്ള മൂന്ന് ലോകകപ്പുകളില്‍ നിന്നായി റൊണാള്‍ഡോ പതിനഞ്ച് ഗോളുകള്‍ നേടി. അധികം ആയുസുണ്ടായില്ല ഈ റെക്കോര്‍ഡിന്. ജര്‍മനിയുടെ ഗോള്‍ മെഷീന്‍ മിറോസ്ലാവ് ക്ലോസെ 2002-2014 വരെയുള്ള കാലഘട്ടത്തില്‍ തുടരെ നാല് ലോകകപ്പില്‍ നിന്നായി പതിനാറ് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ഈ റെക്കോര്‍ഡ് നേട്ടമാകട്ടെ, നാല് വര്‍ഷം മുമ്പ് ജര്‍മനി 7-1ന് ബ്രസീലിനെ അവരുടെ ബെലൊഹൊറിസോന്റെ സ്‌റ്റേഡിയത്തില്‍ വെച്ച് തകര്‍ത്തപ്പോള്‍.ഇവരെ കൂടാതെ പത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ട് കളിക്കാര്‍ മാത്രമേയുള്ളൂ. ഒന്ന് ഫുട്‌ബോള്‍ രാജാവ് പെലെയാണ്. പന്ത്രണ്ട് ഗോളുകളാണ് 1958-1970 കാലഘട്ടത്തില്‍ പെലെ നേടിയത്. രണ്ടാമത്തെ ആള്‍ ജര്‍മനിയുടെ യുര്‍ഗന്‍ ക്ലിന്‍സ്മാന്‍. 1990-98 കാലയളവില്‍ ക്ലിന്‍സിയുടെ എക്കൗണ്ടില്‍ വീണത് പതിനൊന്ന് ലോകകപ്പ് ഗോളുകള്‍.

fiarussia

ആരായിരിക്കും റഷ്യയിലെ ടോപ് സ്‌കോറര്‍...

ഒറ്റ നോട്ടത്തില്‍ കുറച്ച് പേരുകള്‍ നമുക്ക് പറയാന്‍ സാധിക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, മുഹമ്മദ് സാല, റോബര്‍ട് ലെവന്‍ഡോസ്‌കി, തോമസ് മ്യൂളര്‍, ഹാരി കാന്‍, അന്റോയിന്‍ ഗ്രിസ്മാന്‍ ഇങ്ങനെ പേരുകള്‍ നിരത്താം. കാരണം, ഇവരുടെ ക്ലബ്ബ് ഫോം.

പക്ഷേ, ക്ലബ്ബില്‍ ഒരു സീസണ്‍ മുഴുവന്‍ ഗോളടിക്കാന്‍ സമയമുണ്ട്. പരുക്ക് കാരണം കുറച്ച് ആഴ്ചകള്‍ പുറത്തായിരുന്ന ക്രിസ്റ്റ്യാനോക്ക് തിരിച്ചു വന്ന് ഫോം തെളിയിക്കാനും ഗോളടിക്കാനും സാധിച്ചല്ലോ. മുഹമ്മദ് സാല തകര്‍ത്താടിയപ്പോള്‍ ക്രിസ്റ്റിയാനോ വരെ പിറകിലായി. മെസി യൂറോപ്പിലെ ടോപ് സ്‌കോററായി. ഗ്രിസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് യൂറോപ ലീഗ് ഫൈനലില്‍ രണ്ട് ഗോളുകള്‍ നേടി താരമായി. ഇങ്ങനെ, ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇവര്‍ക്കെല്ലാം ഗോളടിക്കാനും മികവ് തെളിയിക്കാനും അവസരമുണ്ട്. ലോകകപ്പ് അതുപോലെയല്ല. ഒരു അവസരമാണ്, അത് മുതലെടുത്തോണം. അതിന് സാധിക്കുന്നവരാണ് ലോകത്തിന് മുന്നില്‍ എക്കാലത്തും ഇതിഹാസം. പെലെയും മറഡോണയും ക്ലബ്ബുകള്‍ക്കായി കളിച്ചതിന്റെ സ്ഥിതിവിവര കണക്കുകള്‍ ആരെങ്കിലും നോക്കാറുണ്ടോ.

ഇത്തവണ ടോപ് സ്‌കോറര്‍ ആരാകും എന്നത് പ്രവചിക്കുക അസാധ്യം. പക്ഷേ, സാധ്യതകളിലൂടെ ഒന്ന് കണ്ണോടിക്കാം.

ഗ്രൂപ്പ് റൗണ്ടില്‍ പരമാവധി ഗോളുകള്‍ നേടുന്ന താരത്തിനാകും ഗോള്‍ഡന്‍ബൂട്ട് കൈവരിക. പോളണ്ടിന്റെ നിരയില്‍ ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍ മെഷീന്‍ റോബര്‍ടോ ലെവന്‍ഡോസ്‌കിയുണ്ട്. സെനഗലും കൊളംബിയയും ജപ്പാനും ഉള്‍പ്പെട്ട ഗ്രൂപ്പ് എച്ചിലാണ് പോളണ്ട്. കൊളംബിയ മാത്രമാകും പോളണ്ടിന് വെല്ലുവിളിയാവുക. രണ്ടാമത്തെ സാധ്യത ലയണല്‍ മെസിക്കാണ്. ഗ്രൂപ്പ് റൗണ്ടില്‍ ഐസ് ലാന്‍ഡും ക്രൊയേഷ്യയും നൈജീരിയയുമാണ് എതിരാളികള്‍. മെസിയെ തടയാന്‍ പോന്ന പ്രതിരോധ നിരയൊന്നും ഈ ടീമുകള്‍ക്കില്ല. യൂറോപ്യന്‍ ക്ലബ്ബ് സീസണിലെ ടോപ് സ്‌കോറര്‍ ബൂട്ടുമായാണ് മെസി റഷ്യയിലേക്ക് വരുന്നത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ പരുക്കില്‍ നിന്ന് മുക്തനായിരിക്കുന്നു. യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോളുകള്‍ മത്സരഗതി മാറ്റിമറിച്ചിരുന്നു. സന്നാഹ മത്സരങ്ങളിലും ക്രിസ്റ്റിയാനോ ഹെഡര്‍ ഗോളുകളിലൂടെ തരംഗം സൃഷ്ടിച്ചു. മൊറോക്കോയും ഇറാനും സ്‌പെയ്‌നും ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ നിന്ന് ക്രിസ്റ്റ്യാനോ ഈസി സ്‌കോറിംഗിനാകും കച്ചകെട്ടുന്നത്. സ്‌പെയിനിനെതിരെ മാത്രമാകും കൃത്യമായ മാര്‍ക്കിംഗ് നേരിടുക.

ബ്രസീലിയന്‍ പ്രതീക്ഷയായ നെയ്മറാണ് അടുത്ത താരം. സന്നാഹ മത്സരത്തില്‍ ഗോളടിച്ച് നെയ്മര്‍ സൂചന നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് ഇയില്‍ സെര്‍ബിയ, കോസ്റ്ററിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളെ മറികടക്കാന്‍ ഇന്നത്തെ നിലക്ക് മഞ്ഞപ്പടക്ക് വലിയ പ്രയാസമില്ല. നെയ്മറിന് ഗോളടിച്ച് കൂട്ടാനുള്ള അവസരമാണ് ഗ്രൂപ്പ് ഘട്ടം. ജര്‍മനിയുടെ തോമസ് മ്യൂളറെ ഒന്ന് കരുതിക്കോണം. ബയേണിനായി പഴയ ഫോം പുറത്തെടുക്കാനായിട്ടില്ലെങ്കിലും മ്യൂളര്‍ ലോകകപ്പിലെത്തിയാല്‍ കളി മാറും. 2010 ല്‍ അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ ജര്‍മനി മൂന്നാം സ്ഥാനക്കാരായി. 2014 ല്‍ വീണ്ടും അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ ജര്‍മനി ചാമ്പ്യന്‍മാരായി. 2018 ലും അഞ്ച് ഗോളുകള്‍ അടിക്കാനുള്ള നേര്‍ച്ചയുമായിട്ടാകും മ്യൂളര്‍ വരിക. സാന്‍ഡര്‍ കോസിസ് (11 ഗോളുകള്‍), പെലെ (12), ജസ്റ്റ് ഫോണ്ടെയ്ന്‍ (13), ജെര്‍ഡ് മ്യൂളര്‍ (14), റൊണാള്‍ഡോ (15), മിറോസ്ലാവ് ക്ലോസെ (16) എന്നിവരുടെ റെക്കോര്‍ഡുകളാണ് മ്യൂളറിന് മുന്നിലുള്ളത്.

ഫ്രാന്‍സ് മുന്നേറുമ്പോള്‍ അന്റോയിന്‍ ഗ്രിസ്മാന്റെ പേര് ഗോളുകള്‍ക്കൊപ്പം നിറയും. അത്‌ലറ്റിക്കോ മാഡ്രിഡിനായി യൂറോപ ലീഗ് ഫൈനലില്‍ ഡബിളടിച്ച ഗ്രിസ്മാന്‍ കഴിഞ്ഞ യൂറോ കപ്പിലും താരമായിരുന്നു. ആസ്‌ത്രേലിയ, പെറു, ഡെന്‍മാര്‍ക്ക് ഉള്‍പ്പെട്ട ഗ്രൂപ്പ്‌റൗണ്ടില്‍ ഗ്രിസ്മാന് സാധ്യതകള്‍ ഏറെയാണ്. ഇംഗ്ലണ്ട് നിരയില്‍ ഹാരി കാനിനെ സൂക്ഷിക്കണം. ടുണീഷ്യയും പനാമയും ബെല്‍ജിയവും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ടിന്റെ ശക്തിപ്രകടനം പ്രതീക്ഷിക്കാം. ബെല്‍ജിയം-ഇംഗ്ലണ്ട് ആയിരിക്കും ഒപ്പത്തിനൊപ്പമുള്ള പോര്.

നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുമ്പോള്‍ മത്സരം കൂടുതല്‍ പ്രതിരോധാത്മകമാകും. ഗോളുകളുടെ എണ്ണം കുറയും. മത്സരം അധിക സമയത്തേക്ക് കടക്കുന്നതോടെ ഗോളടി ദൗത്യം പകരക്കാരുടെ ഉത്തരവാദിത്വമായി മാറും. ഇവിടെയാണ്, നോക്കൗട്ട് റൗണ്ട് സ്‌കോറിംഗിന് പ്രാധാന്യം വരുന്നത്. മാത്രമല്ല, നെയ്മര്‍, മെസി, ലെവന്‍ഡോസ്‌കി, മ്യൂളര്‍, ക്രിസ്റ്റിയാനോ, ഗ്രിസ്മാന്‍ പെനാല്‍റ്റി സ്‌പെഷ്യലിസ്റ്റുകളാണ്. മത്സരത്തിനിടെ ലഭിക്കുന്ന സ്‌പോട് കിക്കുകള്‍ എടുക്കാനുള്ള അവസരവും ഇവര്‍ക്ക് കൈവരും.

കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസും ബെല്‍ജിയത്തിന്റെ എദെന്‍ ഹസാദും സ്‌പെയ്‌നിന്റെ ഡിയഗോ കോസ്റ്റയും ടോപ് സ്‌കോറര്‍ സാധ്യതാ പട്ടികയില്‍ അട്ടിമറി പ്രകടനത്തോടെ കടന്നു വന്നാല്‍ അത്ഭുതപ്പെടാനില്ല. സ്‌പെയിന്‍ ടീമില്‍ സ്‌കോറിംഗ് ഒരാളില്‍ മാത്രം ഒതുങ്ങില്ല എന്നതിനാലാണ് കോസ്റ്റ സാധ്യത പട്ടികയില്‍ അട്ടിമറി ഗണത്തില്‍ ഉള്‍പ്പെടുന്നത്.

എല്ലാ സാധ്യതകളെയും തള്ളിക്കളഞ്ഞു കൊണ്ട് മറ്റൊരു താരോദയം ഉണ്ടാകുമോ ? അങ്ങനെയൊരു വിപ്ലവത്തിനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. അത് പക്ഷേ, പരമ്പരാഗത ശക്തികളില്‍ നിന്ന് മാത്രമായിരിക്കും. അര്‍ജന്റീനയില്‍ നിന്ന് ഡിബാല, ബ്രസീലില്‍ നിന്ന് ജീസസ്, ഇംഗ്ലണ്ടില്‍ ഒന്നിലധികം പേരുണ്ട് ആ വിപ്ലവത്തിന് കരുത്തുള്ളവര്‍...കാത്തിരിക്കാം..

Story first published: Friday, June 8, 2018, 10:43 [IST]
Other articles published on Jun 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X