വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാലണ്‍ദ്യോര്‍ നേടാന്‍ സാലക്ക് സാധ്യതയേറെ, അത്ഭുതതാരമെന്ന് വിശേഷിപ്പിക്കാന്‍ വരട്ടെ!

By കാശ്വിന്‍

ആന്‍ഫീല്‍ഡ് ചെങ്കടലായിരുന്നു. ഒരു യുദ്ധസന്നാഹം എവിടെയും കാണാം. ലിവര്‍പൂളും ഇറ്റലിയില്‍ നിന്നുള്ള എ എസ് റോമയും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ സെമിഫൈനലില്‍ ഏറ്റുമുട്ടാന്‍ പോവുകയാണ്. പോലീസുകാര്‍ പതിവിലേറെ വിന്യസിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ലിവര്‍പൂളിന്റെ ആരാധകപ്പട ആകെ അലമ്പാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബസിന് നേരെ അവര്‍ ആക്രമണമഴിച്ചുവിട്ടത് വലിയ ചര്‍ച്ചയായിരുന്നു. സിറ്റിക്കെതിരെ ജയിച്ചു നില്‍ക്കുമ്പോള്‍ പോലും ലിവര്‍പൂളിന്റെ ആരാധകര്‍ ആത്മസംയമനം പാലിക്കുന്നതില്‍ തികഞ്ഞ പരാജയമായിരുന്നു. ഈ സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്നെത്തുന്ന എ എസ് റോമയെ അവരെങ്ങാനും കാച്ചിക്കളഞ്ഞാലോ എന്ന ഭയം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ടായിട്ടുണ്ടാകണം.

റോമയും ലിവര്‍പൂളും യൂറോപ്പില്‍ വലിയ അട്ടിമറികള്‍ സൃഷ്ടിച്ചാണ് സെമിയിലെത്തിയത്. അതിന്റെയൊരു തിരയിളക്കം ക്ലബ്ബ് ആരാധകരിലും പടര്‍ന്ന് പിടിച്ചിരുന്നു. അവര്‍ രാവ് മുഴുവന്‍ തെരുവില്‍ ആഘോഷിച്ചു തീര്‍ക്കുകയാണ്. ടീമിന്റെ അപ്രതീക്ഷിത കുതിപ്പ് നല്‍കിയ ആനന്ദം.

രണ്ട് ക്ലബ്ബുകളും അവസാന ശ്വാസം വരെ ഫൈറ്റ് ചെയ്യുന്നവര്‍. രണ്ട് ക്ലബ്ബിനും പൊതുവായുള്ള ഒരു വികാരം മുഹമ്മദ് സാല എന്ന ഈജിപ്ഷ്യനാണ്. എ എസ് റോമയില്‍ നിന്ന് ലിവര്‍പൂള്‍ സ്വന്തമാക്കിയ സാലയാണ് ഇപ്പോള്‍ ലോകഫുട്‌ബോളിലെ നക്ഷത്രത്തിളക്കമുള്ള താരം. സീസണില്‍ ലിവര്‍പൂളിനായി സാല 41 ഗോളുകള്‍ അന്നേക്ക് നേടിക്കഴിഞ്ഞിരുന്നു. അത്ഭുതതാരമായി ലിവര്‍പൂള്‍ ആരാധകര്‍ നെഞ്ചിലേറ്റി നടക്കുകയാണ് സാലയെ. റോമക്കാരാകട്ടെ, ട്രാന്‍സ്ഫറില്‍ തങ്ങളുടെ ടീം മാനേജ്‌മെന്റിന് സംഭവിച്ച അബദ്ധമോര്‍ത്ത് നിരാശയിലും.

മത്സരത്തിന് മുമ്പ് സാലയെ സമ്മര്‍ദത്തിലാഴ്ത്തും വിധം വൈകാരികമായ പ്രസ്താവനകള്‍ റോമക്കാരുടെ ഭാഗത്ത് നിന്നുണ്ടായി. സാല നിന്നെ ഞങ്ങളിന്നും സ്‌നേഹിക്കുന്നു എന്ന രീതിയിലുള്ള ട്വീറ്റുകള്‍.

ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് പ്രസ് മീറ്റില്‍ ഇത്തരം വൈകാരിക ട്വീറ്റുകളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്തു.

സാല ഇന്നും റോമയെ സ്‌നേഹിക്കുന്നു, പക്ഷേ അയാള്‍ ഗോളടിക്കുക ലിവര്‍പൂളിന് വേണ്ടിയായിരിക്കും. കാരണം അദ്ദേഹം പ്രൊഫഷണലാണ് - ക്ലോപിന്റെ ഈ ഡയലോഗിന്റെ പഞ്ച് ഗംഭീരമായിരുന്നു.

റോമക്കെതിരെ സാല രണ്ട് ഗോളടിച്ചു, രണ്ട് ഗോളടിപ്പിച്ചു ! ലിവര്‍പൂളിന് 5-2ന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ എത്തിക്കഴിഞ്ഞുവെന്ന് പറയാവുന്ന വിധം അരികിലാണിപ്പോള്‍ ലിവര്‍പൂള്‍. ബാഴ്‌സലോണക്കെതിരെ റോമ നടത്തിയ തിരിച്ചുവരവ് ഓര്‍ക്കുമ്പോള്‍ മാത്രമാണ്, ഇതിനൊരു തിരുത്ത് വേണ്ടി വരിക.

റോമക്കെതിരെ സാല ആദ്യ ഗോള്‍ നേടിയപ്പോള്‍ ഗാലറിയില്‍ ആ ബാനര്‍ ഉയര്‍ന്നു - ഈജിപ്ഷ്യന്‍ കിംഗ് ! യൂറോപ്പിന്റെ കളിത്തട്ടില്‍ ആഫ്രിക്കന്‍ ഫറോവകളുടെ രാജാവായി ഒരു താരം - മുഹമ്മദ് സാല.

ഗോളുകള്‍ നേടി സാല ലിവര്‍പൂളിനെ വാനോളം ഉയര്‍ത്തുമ്പോഴും അദ്ദേഹം റോമയുടെ വീഴ്ച ആഘോഷിച്ചില്ല. ഗോളുകള്‍ ആദ്ദേഹം ആഘോഷിച്ചില്ല. അതേ, യുര്‍ഗന്‍ ക്ലോപിന്റെ പ്രസ് മീറ്റ് വാക്കുകള്‍ ഓര്‍മ വന്നു : സാല ഇന്നും റോമയെ സ്‌നേഹിക്കുന്നു, പക്ഷേ അയാള്‍ ഗോളടിക്കുക ലിവര്‍പൂളിന് വേണ്ടിയായിരിക്കും.

റോമ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ വെട്ടിലായി...

റോമ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ വെട്ടിലായി...

റോമയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ മോഞ്ചി ആകെ പെട്ടിരിക്കുകയാണ്. സെവിയ്യയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് റോമയിലെത്തിയ മോഞ്ചിയുടെ ആദ്യ ഇടപാടായിരുന്നു സാലയെ ലിവര്‍പൂളിന് വിറ്റത്. ഇന്ന് ഏറ്റവുമധികം സമ്മര്‍ദത്തിലായിരിക്കുന്നത് മോഞ്ചിയാണ്. ലിവര്‍പൂളിന് ലോട്ടറിയായി മാറിയ ആ ട്രാന്‍സ്ഫര്‍ റോമ ക്ലബ്ബിന് പറ്റിയ ഭീമന്‍ അബദ്ധമാണെന്ന് സാലയുടെ ഗോളുകള്‍ സ്വന്തം നെഞ്ചിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ റോമക്കാര്‍ തിരിച്ചറിയുന്നു. എന്നാല്‍, മോഞ്ചി തന്റെ തീരുമാനത്തെ ന്യായീകരിക്കുന്നു. യുവേഫയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ എന്ന കുരിശ് റോമ ക്ലബ്ബിന്റെ യൂറോപ്യന്‍ ഭാവിയെ തന്നെ ചോദ്യം ചെയ്തു നില്‍ക്കുമ്പോഴാണ് ഗത്യന്തരമില്ലാതെ സാലയുടെ ട്രാന്‍സ്ഫര്‍. വിപണിയില്‍ അപ്പോള്‍ സാലക്ക് വലിയ മൂല്യമില്ലായിരുന്നുവെന്ന് ഓര്‍ക്കണം. നെയ്മര്‍, കുട്ടീഞ്ഞോ, ഡെംബെലെ എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു ട്രാന്‍സ്ഫര്‍ വിപണിയില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടന്നത്. ഇതിനിടെ ലിവര്‍പൂള്‍ ഈജിപ്ത് ഫോര്‍വേഡിന് വേണ്ടി റോമയെ സമീപിച്ചു. മാന്യമായ ട്രാന്‍സ്ഫറിന് താന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്ന് മോഞ്ചി പറയുന്നു.

ചെല്‍സിയില്‍ മങ്ങിയ സാല ലിവര്‍പൂളില്‍ തിളങ്ങിയതിന്റെ രഹസ്യം !

ചെല്‍സിയില്‍ മങ്ങിയ സാല ലിവര്‍പൂളില്‍ തിളങ്ങിയതിന്റെ രഹസ്യം !

സ്വിറ്റ്‌സര്‍ലന്‍ഡില്‍ എഫ് സി ബാസലിന്റെ താരമായിരുന്നപ്പോഴാണ് സാലയെ 2014 ല്‍ ചെല്‍സി ടീമിലെത്തിച്ചത്. രണ്ട് വര്‍ഷം ചെല്‍സിയുടെ നീലപ്പടയില്‍. പക്ഷേ, സാലക്ക് അവിടെ മേല്‍വിലാസമുണ്ടാക്കാന്‍ സാധിച്ചില്ല. ചെല്‍സി ആദ്യ സീസണിന് ശേഷം സാലയെ ഫിയോറന്റീനക്ക് ലോണില്‍ കൊടുത്തു. അടുത്ത സീസണില്‍ റോമക്കും ലോണായി നല്‍കി. ചെല്‍സിയില്‍ കരാര്‍ പൂര്‍ത്തിയായപ്പോള്‍ റോമ ഈജിപ്ഷ്യനെ സ്വന്തമാക്കി. ഇത് 2016-17 സീസണില്‍. അടുത്ത ഊഴം ലിവര്‍പൂളില്‍. ഒറ്റ സീസണ്‍ കൊണ്ട് സാല ക്ലിക്ക്ഡ്. എന്താണ്, ലിവര്‍പൂളിലെത്തിയപ്പോള്‍ സാലക്ക് സംഭവിച്ചത് ?

ലിവര്‍പൂളിന്റെ ക്രൊയേഷ്യന്‍ സെന്റര്‍ബാക്ക് ദെയാന്‍ ലൗറന്‍ ഈ സന്ദേഹത്തിന് ഉത്തരം നല്‍കുന്നത് ഇങ്ങനെ : ലിവര്‍പൂളിന്റെ ശൈലി സാലയെ സഹായിച്ചു.

എന്തായിരുന്നു ആ ശൈലി ?

എന്തായിരുന്നു ആ ശൈലി ?

റോമയുടെ വെറ്ററന്‍ ഡാനിയല്‍ ഡി റോസി ലിവര്‍പൂളും സാലയും തങ്ങളെ തകര്‍ത്തു കളഞ്ഞതിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു : ഗ്രൗണ്ടിന്റെ ഏത് മൂലയിലേക്കും ഏത് ആംഗിളില്‍ നിന്നും ലിവര്‍പൂള്‍ താരങ്ങള്‍ ലോംഗ് ബോള്‍ കളിച്ചു. എല്ലാ ലോംഗ് ബോളുകളും പിടിച്ചെടുക്കാന്‍ അവരുടെ സ്‌ട്രൈക്കര്‍മാര്‍ക്ക് സാധിച്ചു. മിഡ്ഫീല്‍ഡില്‍ കളിയില്ലായിരുന്നു. അതുകൊണ്ട് തന്നെ പന്ത് പിടിച്ചെടുത്ത് കളി മെനയുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. സാല പന്തിലേക്കും പന്ത് സാലയിലേക്കും എത്തിക്കൊണ്ടിരുന്നു !

മെസിക്കും ക്രിസ്റ്റ്യാനോക്കും ഭീഷണി...

മെസിക്കും ക്രിസ്റ്റ്യാനോക്കും ഭീഷണി...


എത്ര പെട്ടെന്നാണ് മുഹമ്മദ് സാല ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള ഫേവറിറ്റ് കാന്‍ഡിഡേറ്റായി മാറിയത്. ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായാല്‍ സാലയുടെ സാധ്യത വര്‍ധിക്കും. റഷ്യ ലോകകപ്പില്‍ സാലയുടെ ഈജിപ്ത് ഗ്രൂപ്പ് എയില്‍ നിന്ന് റഷ്യ, സഊദി അറേബ്യ, ഉറുഗ്വെ ടീമുകളെ മറികടന്ന് നോക്കൗട്ട് റൗണ്ടിലെത്തുകയും അവിടെ അട്ടിമറികളുമായി മുന്നേറുകയും ചെയ്താല്‍, അതിലെല്ലാം സാലയുടെ ടച് ഉണ്ടായാല്‍ ഉറപ്പിച്ചോളൂ, ലോക ഫുട്‌ബോളര്‍ ഈജിപ്തില്‍ നിന്നായിരിക്കും.

ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗ ചാമ്പ്യന്‍മാരായാല്‍ മെസിക്ക് അവകാശവാദ മുന്നയിക്കാം. റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരായാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണും തല പൊക്കും. ബാലണ്‍ദ്യോര്‍ തീരുമാനിക്കപ്പെടുന്ന വേദി ഒരു പക്ഷേ, റഷ്യ ലോകകപ്പ് തന്നെയാകും. മെസി അര്‍ജന്റീനയെയും ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനെയും മുഹമ്മദ് സാല ഈജിപ്തിനെയും എത്രമാത്രം മുന്നോട്ട് നയിക്കും എന്നത് ബാലണ്‍ദ്യോറില്‍ നിര്‍ണായകമാകും.

മെസിയും ക്രിസ്റ്റിയാനോയും സാലക്ക് പിറകിലായോ...

മെസിയും ക്രിസ്റ്റിയാനോയും സാലക്ക് പിറകിലായോ...

ചില ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയും നടക്കുന്നു. മെസിക്കും ക്രിസ്റ്റിയാനോക്കും മുകളിലാണ് സാല എന്ന് ചില പോസ്റ്റുകള്‍. അത് ശരിവെക്കുന്ന കമെന്റുകള്‍. എതിര്‍ക്കുന്ന കമെന്റുകളും കാണാം.

മെസിയും ക്രിസ്റ്റിയാനോയും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകഫുട്‌ബോളിലെ പെര്‍ഫെക്ട് തങ്ങളാണെന്ന് തെളിയിക്കാന്‍ പരസ്പരം മത്സരിക്കുകയാണ്. അവര്‍ക്കിടയിലേക്ക് ഇടക്കൊന്ന് എത്തിനോക്കിയത് ലൂയിസ് സുവാരസ് മാത്രമാണ്. നെയ്മറിന് പോലും അവര്‍ക്ക് ഭീഷണിയാകാന്‍ സാധിച്ചിട്ടില്ല.

ഒരൊറ്റ സീസണ്‍ കൊണ്ട് സാലയെ മെസിയോട് ഉപമിക്കരുത്. ലെസ്റ്റര്‍ സിറ്റിയുടെ റിയാദ് മെഹ്‌റസിനെയും കൊളംബിയയുടെ റഡാമെല്‍ ഫാല്‍കോയെയും ഹാമിഷ് റോഡ്രിഗസിനെയും ഗാരെത് ബെയ്‌ല്ിനെയും ഇതുപോലെ ലോകഫുട്‌ബോളര്‍മാരോട് ഉപമിച്ചിരുന്നു. ഇവര്‍ക്കൊന്നും തന്നെ മെസി-ക്രിസ്റ്റ്യാനോ ലെവലില്‍ എത്താന്‍ സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ഇതില്‍ ഫാല്‍കോ മാത്രമാണ് കുറച്ചെങ്കിലും ഭീഷണി ഉയര്‍ത്തിയത്.

മുഹമ്മദ് സാല ലിവര്‍പൂളില്‍ അടുത്ത സീസണിലും ഇതേ ഫോം നിലനിര്‍ത്തട്ടെ. പിഎഫ്എ പ്ലെയേഴ്‌സ് പുരസ്‌കാരം നേടിയ സാലയെ അപ്പോള്‍ മാത്രം നമുക്ക് മെസിയെ പോലെയുണ്ടെന്നൊക്കെ പറഞ്ഞു തുടങ്ങാം.

സ്‌പോട് കിക്ക് : 47 മത്സരങ്ങളില്‍ നിന്ന് 43 ഗോളുകള്‍. ലിവര്‍പൂളില്‍ സാലക്ക് മുന്നില്‍ ഗോളടി റെക്കോര്‍ഡുകള്‍ വഴി മാറുന്ന കാഴ്ചയാണ്. പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് ടോട്ടനം ഹോസ്പരിന്റെ ഹാരി കാനിനെ പിന്തള്ളി സ്വന്തമാക്കിയേക്കും.

ലോക ഫുട്‌ബോളിലെ പണച്ചാക്കുകളായ റയല്‍ മാഡ്രിഡ് ആന്‍ഫീല്‍ഡിലേക്ക് ഏജന്റിനെ അയച്ചിട്ടുണ്ടെന്നും ഇല്ലെന്നുമുള്ളതാണ് ചൂടുള്ള വാര്‍ത്ത.

Story first published: Friday, April 27, 2018, 16:48 [IST]
Other articles published on Apr 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X