വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഴ്‌സയിലെ മെസിയെ അര്‍ജന്റീനക്കാര്‍ മിശിഹായാക്കുന്നതാണ് പ്രശ്‌നം, മെസിയില്‍ മറഡോണയെ കാണരുത് !

വിപുൽനാഥ്

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായ വിപുൽനാഥ് മലയാളത്തിലെ ശ്രദ്ധേയരായ സ്പോർട്സ് ജേർണലിസ്റ്റുകളിൽ ഒരാളാണ്.

എന്തു കൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആത്മവിശ്വാസമുള്ളവനാകുന്നു ? എന്തു കൊണ്ട് മെസി മത്സരത്തിന് മുമ്പേ തോറ്റവന്റെ ശരീരഭാഷയും പേറി നടക്കുന്നു ?ക്ലബ്ബ് ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോയും മെസിയും ഒപ്പത്തിനൊപ്പം പോരാട്ടം കാഴ്ചവെക്കുമ്പോള്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ മെസി പോര്‍ച്ചുഗീസുകാരന്റെ താഴെ പോകുന്നത് അമ്പരപ്പിക്കുന്ന കാഴ്ചയാണ്.

ഭൂതകാലം വലിയ ഘടകമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ മറികടക്കാന്‍ വലിയ അതിയാകയരില്ലായിരുന്നു. യുസേബിയോയും ലൂയിസ് ഫിഗോയും മാത്രമായിരുന്നു വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍, ഇവര്‍ രണ്ട് പേരും പോര്‍ച്ചുഗലിന് ലോകകപ്പ് നേടിക്കൊടുത്തിട്ടില്ല. വലിയ കപ്പുകളുടെ ചരിത്രം പറയാനില്ലാത്ത സൂപ്പര്‍ താരങ്ങള്‍ മാത്രമായിരുന്നു ക്രിസ്റ്റ്യാനോക്ക് മറികടക്കേണ്ടതായ ഭൂതകാലത്തിലുള്ളത്.

messi

മെസിയുടെ അവസ്ഥ വ്യത്യസ്തമാണ്. 1986 ല്‍ ലോകകപ്പ് അര്‍ജന്റീനക്ക് ഏതാണ്ടൊറ്റക്ക് നേടിക്കൊടുത്ത ഡിയഗോ മറഡോണ എന്ന ഇതിഹാസം ലയണല്‍ മെസിക്ക് മുന്നില്‍ തലയെടുപ്പോടെ ഇന്നും നില്‍ക്കുകയാണ്. മറഡോണയെ റീപ്ലേസ് ചെയ്യുവാന്‍ ഒരാള്‍ വേണമെന്ന് ഓരോ അര്‍ജന്റീനക്കാരനും ആഗ്രഹിക്കുന്നു. കാരണം, മറഡോണയെ പോലൊരാള്‍ക്കേ അര്‍ജന്റീനയെ വീണ്ടും ലോകചാമ്പ്യന്‍മാരാക്കാന്‍ സാധിക്കൂ എന്നവര്‍ ഉറച്ച് വിശ്വസിക്കുന്നു.

അതുകൊണ്ടാണ് ഏതൊരു താരോദയമുണ്ടാകുമ്പോഴും മറഡോണയുടെ പിന്‍ഗാമിയെന്ന് വിളിച്ച് അര്‍ജന്റീനക്കാര്‍ ഓമനിക്കുന്നത്. ഒര്‍ടേഗയെ കാണാന്‍ മറഡോണയെ പോലെ തന്നെയുണ്ടായിരുന്നു. ഡിബ്ലിംഗില്‍ അയാള്‍ മറഡോണയെ അതിശയിപ്പിച്ചു. പക്ഷേ, മറഡോണയായില്ല. പിന്നീട് സാവിയോള വന്നു. മറഡോണയെ പോലെ അതിവേഗ ഡ്രിബ്ലിംഗുമായി കളം വാഴാന്‍ കെല്‍പ്പുള്ളവന്‍. പക്ഷേ, മറഡോണയായില്ല !

cristiano

കാര്‍ലോസ് ടെവസിനെയും ആകാശത്തോളം ഉയര്‍ത്തി സമ്മര്‍ദത്തിലാഴ്ത്തി, മറഡോണയല്ലാതാക്കി. ബാഴ്‌സയില്‍ മെസി ഉദയം ഉണ്ടായപ്പോള്‍, അര്‍ജന്റീനക്കാര്‍ ആദ്യം നെഞ്ചിലേറ്റിയില്ല. കാരണം, മെസി അര്‍ജന്റൈന്‍ മണ്ണിലല്ല പന്തിന്റെ മണമറിഞ്ഞത്. അവനൊരു നൗകാംപ്കാരനായിരുന്നു. പക്ഷേ, മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്‍ ബാഴ്‌സലോണയില്‍ മെസി ആവര്‍ത്തിച്ചപ്പോള്‍ ലോകം ഞെട്ടി. പെലെയും മറഡോണയും യൊഹാന്‍െ്രെകഫും എല്ലാം ഒരാളില്‍ ഒരുമിക്കുന്ന കാഴ്ച. ഇത് വേറെ ജനുസില്‍ പെട്ട താരമാണെന്ന് പതിയെ ലോകം തിരിച്ചറിഞ്ഞു. മെസി ഫുട്‌ബോളില്‍ മിശിഹായായി വളര്‍ന്നു. ബൊക്കജൂനിയേഴ്‌സിന്റെ ചൂടേറ്റ് വളര്‍ന്നവനല്ലെങ്കിലും ബാഴ്‌സയുടെ മെസിയെ അര്‍ജന്റീനക്കാരും നെഞ്ചിലേറ്റി. അവര്‍ അറിയാതെ അവനെ ഇതാ ഞങ്ങളുടെ അടുത്ത ഡിയഗോ എന്ന് പറഞ്ഞ് കണ്ണ് വെച്ചു. മെസി എന്ത് ചെയ്താലും അതില്‍ ഡിയഗോയുമായി താരതമ്യം തലപൊക്കി. 2014 ല്‍ ബ്രസീലിയന്‍ മണ്ണില്‍ മെസി ഒരു മിശിഹായെ പോലെ അര്‍ജന്റീനയെ ലോകകപ്പ് ഫൈനലിലെത്തിച്ചു. ജര്‍മനിയോട് തോറ്റതോടെ, മെസിക്ക് മറഡോണയാകാനായില്ല !

ബ്രസീലിയന്‍ ഫുട്‌ബോള്‍ നോക്കൂ. പെലെ ഇനിയുണ്ടാകില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് അവര്‍. അതുകൊണ്ടാണ് ബ്രസീലില്‍ സീക്കോയും റൊമാരിയോയും റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും നെയ്മറും ഉണ്ടായത്. ഇവര്‍ക്ക് മുന്നില്‍ ബ്രസീലിയന്‍ ജനത പെലെയാകാനുള്ള കടമ്പ വെച്ചില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് യൂറോ കപ്പ് നേടിക്കൊടുത്ത് ഒരു ലെജന്‍ഡായി മാറിക്കഴിഞ്ഞു. ലോകകപ്പില്‍ അയാള്‍ ചാമ്പ്യനെ പോലെ കളിക്കുന്നു. റയല്‍മാഡ്രിഡിന് തുടരെ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തിട്ടാണ് ക്രിസ്റ്റ്യാനോ റഷ്യയിലേക്ക് ഫ്‌ളൈറ്റ് കയറിയത്.

മെസി ഒരു പ്രതിഭയും ക്രിസ്റ്റ്യാനോ ഒരു ഗോള്‍ മെഷീനുമാണെന്ന് ചില നിരീക്ഷണങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. മണ്ടത്തരം മാത്രമാണത്. രണ്ടും മനുഷ്യരാണ്. അതല്ലേ യാഥാര്‍ഥ്യം. ആരും മെഷീനല്ല.

ക്രിസ്റ്റ്യാനോയുടെ ജനിതകത്തില്‍ വാസ്‌കോഡഗാമയുടെ പറങ്കിപ്പടയെ പോലെ എല്ലാം വെട്ടിപ്പിടിക്കാനുള്ള മനോഭാവം കാണാം. എവിടെയും ഒരിഞ്ച് താഴാന്‍ അവര്‍ ഒരുക്കമല്ല. സ്വയം മാര്‍ക്കറ്റ് ചെയ്യാനറിയുന്നവര്‍. കഠിനാധ്വാനികള്‍. ടീം ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ ക്രിസ്റ്റിയാനോ തന്നെക്കാള്‍ ഉയരക്കൂടുതലുള്ളവരുണ്ടെങ്കില്‍ പെരുവിരലുകളില്‍ ഊന്നി നില്‍ക്കും. തന്റെ ടീമില്‍ തന്നെക്കാള്‍ ഫിറ്റ്‌നെസ് മറ്റാര്‍ക്കുമുണ്ടാകരുതെന്ന് വാശിയുണ്ട് അയാള്‍ക്ക്. അതുകൊണ്ടാണ് റയല്‍മാഡ്രിഡില്‍ ജോസ് മൗറിഞ്ഞോ കോച്ചായിരുന്ന കാലത്ത് ക്രിസ്റ്റിയാനോ പ്രത്യേക പരിശീലന സെഷന്‍ സ്വന്തം നിലക്ക് നടത്തി വിവാദമായത്. പിന്നീട് മൗറിഞ്ഞോയും ക്രിസ്റ്റിയാനോയും അകലുന്നതില്‍ വരെയെത്തി കാര്യങ്ങള്‍.

christianoronaldo

ലോകഫുട്‌ബോളില്‍ ഏറ്റവും ശമ്പളമുള്ള താരമല്ല താനെന്ന് ബോധ്യപ്പെട്ടപ്പോള്‍ അയാള്‍ റയലിന് മുന്നില്‍ കണക്ക് പറഞ്ഞു. ഇത്തവണ കരാര്‍ പുതുക്കാത്തതിന്റെ കാരണം മറ്റൊന്നല്ല. ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ക്ലബ്ബ് മാര്‍ക്കറ്റില്‍ സിആര്‍7 എന്ന ബ്രാന്‍ഡിന്റെ മൂല്യം ഉയര്‍ത്താന്‍ കൂടിയാണ്. വെട്ടിപ്പിടിക്കലും കച്ചവടചിന്തയുമൊക്കെയുള്ള അസ്സല് മനുഷ്യനാണ് ക്രിസ്റ്റ്യാനോ. പ്രതിഭ കൊണ്ട് തന്റെ മുന്നിലുള്ള മെസിയെ മറികടക്കാന്‍ അയാള്‍ പാതിരാത്രിക്കും ഫ്രീകിക്കുകള്‍ പരിശീലിക്കും. മെസി വിരമിച്ചാല്‍, അതോടെ ക്രിസ്റ്റിയാനോയിലെ ഊര്‍ജം കെട്ടു പോകില്ലേ എന്ന് തോന്നിയിട്ടുണ്ട്. കാരണം, അയാള്‍ ജീവിക്കുന്നത് തന്നെ ലോകഫുട്‌ബോളിലെ അത്ഭുതമായ മെസിയെ തോല്‍പ്പിക്കാനാണ്.

മെസി ദൈവമല്ല. മനുഷ്യനാണ്. ഇഷ്ടമുള്ളവര്‍ ഒപ്പമുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന മനുഷ്യന്‍. ബാഴ്‌സലോണയില്‍ ഷാവിയും ഇനിയെസ്റ്റയും മെസിയും ക്ലാസിക് രചിച്ചത് കളിക്കളത്തില്‍ ഒരേ ഇഷ്ടങ്ങള്‍ പങ്കുവെച്ച് കുതിച്ചതു കൊണ്ടായിരുന്നു. പിന്നീട്, സുവാരസും നെയ്മറും വന്നപ്പോഴും ആ ഇഷ്ടക്കാരുടെ ഗെയിം നാം കണ്ടു. നെയ്മര്‍ പോകുമ്പോള്‍ മെസി വിഷമം അറിയിച്ചു. ഷാവി വിരമിച്ചപ്പോള്‍ മെസി തനിക്കുണ്ടായ നഷ്ടമെന്തെന്ന് അതിന് ശേഷമുള്ള മത്സരങ്ങളില്‍ പ്രകടിപ്പിച്ചു, ഫോം കണ്ടെത്താനാകാതെ.

പോര്‍ച്ചുഗല്‍ ടീമില്‍ ആരുമില്ലെങ്കിലും താന്‍ ഒറ്റക്ക് മതിയെന്ന ചങ്കുറപ്പിലാണ് ക്രിസ്റ്റ്യാനോയുടെ കളി. കോച്ച് ഫെര്‍നാണ്ടോ സാന്റോസ് ക്രിസ്റ്റിയാനോയുമായി ആലോചിച്ചിട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് പോലും. ഒരു ഫ്രണ്ട്‌ലി അപ്രോച് അവിടെ കാണാം. യൂറോ കപ്പ് ഫൈനലില്‍ ക്രിസ്റ്റ്യാനോ കോച്ചിന്റെ റോള്‍ ചെയ്തത് ഓര്‍മയില്ലേ. വേറെ ഏത് കോച്ചാണ് ഒരു താരത്തെ തന്റെ ഏരിയയിലേക്ക് കടത്തുക.

അര്‍ജന്റീനയില്‍ മാര്‍ട്ടിനോ കോച്ചാകുന്നത് മെസിയുടെ നിര്‍ദേശം കൊണ്ടായിരുന്നു. പിന്നീടത് പാളിയപ്പോള്‍ മെസി നിശബ്ദനായി. രാജിവെക്കുകയും ചെയ്തു. ബൗസ കോച്ചായപ്പോള്‍ മെസിയെ തിരികെ കൊണ്ടു വന്നു. അവിടെ മെസിക്ക് റോളുണ്ടായിരുന്നു. ബൗസ പുറത്തായപ്പോള്‍ അര്‍ജന്റീന ചിലിക്ക് കോപ അമേരിക്ക നേടിക്കൊടുത്ത ജോര്‍ജ്‌സംപോളിയെ കൊണ്ടു വന്നു.

സംപോളിക്ക് മെസിയെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് അയാള്‍ മെസി കേന്ദ്രീകൃത ടീമുണ്ടാക്കി. പക്ഷേ, അതിലേക്ക് വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിവുണ്ടായില്ല. ഒന്നുകില്‍ മെസിയുടെ നിര്‍ബന്ധത്തിന് ചില താരങ്ങളെ അകറ്റി നിര്‍ത്തുന്നു. അല്ലെങ്കില്‍ താനാണ് സൂപ്പര്‍ കോച്ച് എന്ന ഭാവത്തില്‍ അയാള്‍ എല്ലാം ചെയ്യുന്നു.

ലോകകപ്പില്‍ ഏത് ഫോര്‍മേഷനില്‍ കളിക്കണമെന്നത് പോലും പ്ലാന്‍ ചെയ്യാതെ വന്ന കോച്ചുണ്ടെങ്കില്‍ അത് സംപോളിയാകും. ഡിഫന്‍സില്‍ നാല് പേരെ നിര്‍ത്തിയ ആദ്യകളിയില്‍ സമനില. ജയിക്കാന്‍ വേണ്ടി മൂന്ന് ഡിഫന്‍ഡര്‍മാരിലേക്ക് തന്ത്രം മാറ്റുന്ന സംപോളിക്ക് ക്രൊയേഷ്യ മെരുങ്ങിയില്ല. ഗ്രൗണ്ടില്‍ തലങ്ങും വിലങ്ങും നടക്കുകയും പിച്ചും പേയും പറയുകയും ചെയ്ത സംപോളി ഗോള്‍ ഓരോന്നായി കുടുങ്ങിയപ്പോള്‍ കോട്ട് വലിച്ചെറിഞ്ഞ് കരഞ്ഞ് നില്‍പ്പായി. ഇതാണോ, പരിശീലകന്‍. മെസിയെ പരിശീലിപ്പിക്കാനുള്ള പ്രൊഫഷണലിസം അര്‍ജന്റീന പരിശീലകര്‍ക്കൊന്നും ഇല്ലാതെ പോയി എന്നതാണ് യാഥാര്‍ഥ്യം

Story first published: Saturday, June 23, 2018, 12:04 [IST]
Other articles published on Jun 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X