ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: ഇന്ത്യക്കു നിരാശ, ശ്രീകാന്ത് ഫൈനലില്‍ പൊരുതി വീണു

ഹുയെല്‍വ (സ്‌പെയിന്‍): ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്തിനു സ്വപ്‌നനേട്ടത്തിനരികെ കാലിടറി. ആവേശകരമായ കലാശക്കളിയില്‍ സിംഗപ്പൂര്‍ താരം കീന്‍ യു ലോയോട് ശ്രീകാന്ത് പൊരുതി വീഴുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരം ലോകകിരീടം കൈയെത്തുംദൂരത്ത് കൈവിട്ടത്. സ്‌കോര്‍: 15-21, 20-21. ഇതോടെ ശ്രീകാന്തിനു വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. എങ്കിലും ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി കൈക്കലാക്കിയ ആദ്യ പുരുഷ താരമെന്ന നിലയില്‍ അദ്ദേഹത്തിനു അഭിമാനിക്കാം.

പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം റാങ്കുകാരനാണ് കെ ശ്രീകാന്തെങ്കില്‍ 22ാം സ്ഥാനക്കാരനാണ് ലോ. പക്ഷെ ഫൈനലില്‍ റാങ്കിങിലെ ഈ മേധാവിത്വം പ്രദര്‍ശിപ്പിക്കാന്‍ ഇന്ത്യന്‍ താരത്തിനു കഴിഞ്ഞില്ല. ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വന്ന പോരാട്ടം കൂടിയായിരുന്നു ഇത്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ച ഇന്ത്യയുടെ ആദ്യത്തെ പുരുഷ താരം കൂടിയാണ് ശ്രീകാന്ത്. ലോയ്ക്കും ഇതു ചരിത്രനിമിഷമായിരുന്നു. സിംഗപ്പൂരില്‍ നിന്നും ലോക ചാംപന്‍ഷിപ്പിന്റെ ഫൈനലിലെത്തിയ ആദ്യ താരമായിരുന്നു അദ്ദേഹം.

ഫൈനലില്‍ ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ 1-3നു പിന്നില്‍ നിന്ന ശേഷം ശക്തമാി തിരിച്ചുവന്ന ശ്രീകാന്ത് 8-3നും 9-4നും മുന്നിലെത്തിയിരുന്നു. എന്നാല്‍ തുടരെ മൂന്നു പോയിന്റുകള്‍ നേടിയ ലോ സ്‌കോര്‍ 9-6 ആക്കി മാറ്റി. 11-7നു ശ്രീകാന്ത് ലീഡുയര്‍ത്തിയെങ്കിലും എതിരാളി ഇതു 11-9ലേക്കു എത്തിച്ചു. പിന്നീട് ലോ കളിയില്‍ ലീഡ് നേടുന്നതാണ് കണ്ടത്. 13-12ന് ശ്രീകാന്തിനു തൊട്ടുപിറകിലെത്തിയ അദ്ദേഹം 14-13, 15-13, 17-13 എന്നിങ്ങനെ ലീഡുയര്‍ത്തിക്കൊണ്ടിരുന്നു. 19-15നു പിന്നിലായ ശ്രീകാന്തിനു പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. രണ്ടു പോയിന്റുകള്‍ കൂടി നേടിയ ലോ 21-15ന് ആദ്യ ഗെയിം കൈക്കലാക്കി. 16 മിനിറ്റായിരുന്നു ദൈര്‍ഘ്യം.

രണ്ടാം ഗെയിമിലും ഇരുവരും വീറോടെ തന്നെ പൊരുതി. ആദ്യ ഗെയിമിനു സമാനമായി രണ്ടാമത്തേതിലും തുടക്കത്തില്‍ ശ്രീകാന്ത് ലീഡ് ചെയ്തിരുന്നു. 4-4ല്‍ നിന്ന് അദ്ദേഹം 5-4, 7-5, 8-6, 9-7 എന്നിങ്ങനെ മുന്നേറിക്കൊണ്ടിരുന്നു. പക്ഷെ അടുത്ത രണ്ടു പോയിന്റും നേടിയ ലോ സ്‌കോര്‍ 9-9 ആക്കിയെടുത്തു. പിന്നീട് സ്‌കോര്‍ 14-14ലെത്തി. പിന്നീട് ശ്രീകാന്ത് 17-15ന് മുന്നില്‍ കയറി. 18-16എന്ന നിലയില്‍ ഇന്ത്യന്‍ താരം മുന്നിലെത്തിയെങ്കിലും അടുത്ത രണ്ടു പോയിന്റും നേടി ലോ 18-18ന് ഒപ്പമെത്തി. പിന്നീട് പോരാട്ടം തീപാറി. 20-20ന് ഇരുവരും ഒപ്പത്തിനൊപ്പമെത്തുകയും ചെയ്തു. എന്നാല്‍ നിര്‍ണായകമായ അടുത്ത പോയിന്റ് സ്വന്തമാക്കിയ ലോ ഗെയിമും മല്‍സരവും ഒപ്പം ലോക കിരീടവും തന്റെ പേരിലാക്കുകയായിരുന്നു.

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ സ്വന്തമാക്കിയ നാലാമത്തെ ഇന്ത്യന്‍ പുരുഷ താരം കൂടിയാണ് ശ്രീകാന്ത്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ലക്ഷ്യ സെന്‍ നേരത്തേ വെങ്കല മെഡല്‍ കൈക്കലാക്കിയിരുന്നു. 1983ല്‍ പ്രകാശ് പാദുകോണാണ് ആദ്യമായി മെഡല്‍ നേടിയ പുരുഷ താരം. അന്നു വെങ്കലമായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. 2019ല്‍ ബി സായ്പ്രണീതും വെങ്കലത്തിനു അര്‍ഹനായിരുന്നു.

നേരത്തേ ക്ലാസിക്ക് സെമി ഫൈനലില്‍ നാട്ടുകാരനായ ലക്ഷ്യ സെന്നിനെ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിലേക്കു മുന്നേറിയത്. ആദ്യത്തെ ഗെയിം നഷ്ടമായ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവ്. സ്‌കോര്‍: 17-21, 21-14, 21-17. മറ്റൊരു സെമി ഫൈനലില്‍ മൂന്നാം സീഡായ ആന്‍ഡേഴ്‌സ് അന്റോണ്‍സനെ വീഴ്ത്തിയാണ് ലോ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. സ്‌കോര്‍: 23-21, 21-14.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, December 19, 2021, 20:18 [IST]
Other articles published on Dec 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X