ബാഡ്മിന്റണില്‍ കെ ശ്രീകാന്ത് ലോക ഒന്നാം നമ്പറിലേക്ക്; ചരിത്ര നിമിഷത്തിനായി ഇന്ത്യ

Posted By: rajesh mc

ദില്ലി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കെ ശ്രീകാന്ത് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഈ ആഴ്ച പുതുക്കിയ റാങ്കിങ് പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ശ്രീകാന്ത് ഒന്നാം സ്ഥാനത്തെത്തിയേക്കുമെന്നാണ് സൂചന. കോമണ്‍വെല്‍ത്ത് ഗെയിംസിലെ തകര്‍പ്പന്‍ പ്രകടനമാണ് ശ്രീകാന്തിന് തുണയായത്.

ശ്രീകാന്ത് ഒന്നാം നമ്പര്‍ പദവിയിലെത്തിയാല്‍ ഇന്ത്യന്‍ കായിക രംഗത്ത് മറ്റൊരു ചരിത്രം കൂടിയായിരിക്കും അത്. ഇന്നേവരെ ഒരു ഇന്ത്യന്‍ പുരുഷതാരത്തിന് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ വനിതാ വിഭാഗത്തില്‍ സൈന നേവാള്‍ ലോക ഒന്നാം നമ്പര്‍ പദവി സ്വന്തമാക്കിയിരുന്നു.

srikanth

പ്രകാശ് പദുക്കോണും ഗോപീചന്ദും ലോക നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെച്ചപ്പോഴും അവര്‍ക്ക് എത്തിപ്പിടിക്കാന്‍ ആകാത്തതാണ് ലോക ഒന്നാം നമ്പര്‍ പദവി. കഴിഞ്ഞവര്‍ഷം തന്നെ ഒന്നാം റാങ്ക് ശ്രീകാന്തിന് ലഭിക്കുമായിരുന്നെങ്കിലും പരിക്കേറ്റതോടെ താരം പിന്നോക്കം പോകുകയായിരുന്നു.

മലേഷ്യയുടെ മുന്‍ ലോക ചാമ്പ്യനെ ശ്രീകാന്ത് കോമണ്‍വെല്‍ത്തില്‍ മുട്ടുകുത്തിച്ചിരുന്നു. ഇത് മലേഷ്യയെ തോല്‍പ്പിച്ച് ഇന്ത്യന്‍ ടീമിന് കോമണ്‍വെല്‍ത്ത് സ്വര്‍ണം നേടിക്കൊടുക്കാന്‍ നിര്‍ണായകമാകുകയും ചെയ്തു. കഴിഞ്ഞവര്‍ഷം നാല് സൂപ്പര്‍ സീരീസുകള്‍ വിജയിച്ച് സൂപ്പര്‍താരമായ ശ്രീകാന്ത് നവംബറില്‍ രണ്ടാം റാങ്കിലെത്തിയതാണ് മികച്ച നേട്ടം. കോമണ്‍വെല്‍ത്ത് വ്യക്തിഗത ഇനത്തില്‍ക്കൂടി സ്വര്‍ണം നേടിയാല്‍ ശ്രീകാന്തിനെ കാത്തിരിക്കുന്നത് അതുല്യ പദവിയായിരിക്കും.

Story first published: Wednesday, April 11, 2018, 10:09 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍