നാന്‍ജിങ്: ബാഡ്മിന്റണ്‍ കളിക്കാരുടെ ശാരീരിക ക്ഷമത അളക്കുന്നതാണ് ഒറ്റ പോയന്റിനായുള്ള നീണ്ട റാലികള്‍. മിനിറ്റുകളോളം നില്‍ക്കാതെ കോര്‍ട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന താരങ്ങള്‍ ക്ഷീണിച്ച് വീഴുന്ന കാഴ്ചയും അപൂര്‍വമല്ല. ഇന്ത്യയുടെ പിവി സിന്ധുവും ജപ്പാന്റെ ഒകുഹാരയും തമ്മിലുള്ള പോരാട്ടം പലപ്പോഴും നീണ്ട റാലികളാല്‍ ആവേശമാകാറുണ്ട്.
ചൈനയിലെ നാന്‍ജിങ്ങില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞദിവസം കണ്ടു അത്തരത്തിലൊന്ന്. പുരുഷവിഭാഗം ഡബിള്‍സ് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു പോയന്റിനായി 117 ഷോട്ട് നീണ്ട റാലിയാണ് കളിച്ചത്. ഇന്തോനേഷ്യയും ജപ്പാനും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം.
ടോപ് സീഡായ ഇന്‍ഡൊനീഷ്യയുടെ മാര്‍ക്കസ് ഫെര്‍നാള്‍ഡി, കെവിന് സഞ്ജയ സുകമുല്‍ജോ സഖ്യവും അഞ്ചാം സീഡ് ജപ്പാന്റെ തകേഷി കമൂറ, കെയ്ഗോ സൊനോഡ സഖ്യവും തമ്മിലുള്ള മത്സരം അത്യാവേശകരമായി. റാലി നീണ്ടുപോയതോടെ ഗ്യാലറിയില്‍ കരഘോഷവും ആര്പ്പുവിളിയുമുയര്ന്നു. റാലിക്കൊടുവില്‍ പോയന്റ് ലഭിച്ചത് ജപ്പാനാണ്. മത്സരത്തില്‍ ജയിച്ച ജപ്പാന് സെമിയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.