നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവും, സൈന നേവാളും, സായ് പ്രണീതും ക്വാര്‍ട്ടറിലെത്തി. അതേസമയം, മെഡല്‍ പ്രതീക്ഷയായിരുന്ന കെ ശ്രീകാന്ത് മൂന്നാം റൗണ്ടില്‍ തോറ്റു പുറത്തായി. ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് താരങ്ങളായ അശ്വിനി പൊന്നപ്പ, സാത്വിക്‌സായ്‌രാജ് ടീമും ക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്.

ലോക ആറാം നമ്പര്‍ താരമായ കെ ശ്രീകാന്തിന് മലേഷ്യയുടെ ഡാരന്‍ ല്യൂ ആണ് മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 21-18, 21-18. എതിരാളിക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അനാവശ്യ പിഴവുകള്‍ ശ്രീകാന്തിന് വിനയായി. 2017ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് ശ്രീകാന്തിന്റെ മികച്ച പ്രകടനം. നേരത്തെ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയും, സമീര്‍ വര്‍മയും പുരുഷ സിംഗിള്‍സില്‍ നിന്നും പുറത്തായിരുന്നു. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക പുരുഷ സിംഗിള്‍സ് താരമായ സായ് പ്രണീത് അവസാന എട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്കിന്റെ എച്ച്.കെ വിറ്റിന്‍ഹസിനെതിരെ 21-13, 21-11 എന്ന നിലയിലായിരുന്നു സായ് പ്രണീതിന്റെ വിജയം.
ഇന്ത്യയുടെ പുരുഷ, വനിതാ ഡബിള്‍സ് താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും പുറത്തായതോടെ അവശേഷിക്കുന്നത് മിക്‌സഡ് ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പ, സാത്വിക്‌സായ്‌രാജ് ടീമാണ്. മലേഷ്യയുടെ ലോക ഏഴാം നമ്പര്‍ താരങ്ങളായ ഗോ സൂണ്‍ ഹുയാത്ത്, ഷെവോണ്‍ ജാമി ടീമിനെ 20-22, 21-14, 21-6 എന്ന നിലയിലാണ് ഇന്ത്യന്‍ ജോഡി തോല്‍പ്പിച്ചത്.