നാന്‍ജിങ്: ചൈനയില്‍ നാന്‍ജിങ്ങില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി താരം എച്ച് എസ് പ്രണോയ് തന്റെ ആദ്യ മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പ്രണോയ് ന്യൂസിലന്‍ഡിന്റെ അഭിനവ് മനോതയെയാണ് കീഴടക്കിയത്. സ്കോര്‍ 21-12, 21-11.
മത്സരം 28 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. പ്രണോയിയുടെ പരിചയ സമ്പന്നതയ്ക്കും വേഗതയ്ക്കും മുന്നില്‍ അഭിനവിന് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ സെറ്റ് 14 മിനിറ്റിനകം ഇന്ത്യന്‍താരം താരം സ്വന്തമാക്കി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിനിറങ്ങിയ പ്രണോയ് നിരാശപ്പെടുത്തിയില്ല. ഒരവസരത്തിലും എതിരാളിക്ക് മേല്‍ക്കൈ നല്‍കാത്ത പ്രകടനമായിരുന്നു പ്രണോയിയുടേത്. രണ്ടാം സെറ്റിലും ആധിപത്യം തുടര്‍ന്നതോടെ 14 മിനിറ്റില്‍ കളിയവസാനിച്ചു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി വന്‍ സംഘമാണ് നാന്‍ജിങ്ങില്‍ ഇറങ്ങുന്നത്. സിംഗിള്‍സിലും ഡബിള്‍സിലുമായി 25 ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. സിംഗിള്‍സിലാണ് ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷ. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു, സൈന നേവാള്‍ എന്നിവരും പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, സായ് പ്രണീത്, സമീര്‍ വര്‍മ എന്നിവരും മത്സരിക്കുന്നുണ്ട്. ഇതു കൂടാതെ ഇന്ത്യയുടെ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ പ്രതീക്ഷിച്ച് കളിക്കും.