ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനം അത്‌ലറ്റിക്‌സില്‍ ഇന്ത്യ മെഡലുകള്‍ വാരിക്കൂട്ടി. എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായി മാറിയത് വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലായിരുന്നു. വിവാദ ഫൈനലില്‍ ആദ്യം ഇന്ത്യക്കു ലഭിച്ചത് വെങ്കല മെഡലായിരുന്നെങ്കിലും പിന്നീട് ഇതു വെള്ളിയായി മാറുകയായിരുന്നു. ജ്യോതി യാരാജിയായിരുന്നു രാജ്യത്തിനു വെള്ളി മെഡല്‍ സമ്മാനിച്ചത്.
ഫാള്‍സ് സ്റ്റാര്‍ട്ട് കാരണം ആശയക്കുഴപ്പങ്ങള്‍ കണ്ട ഫൈനലില്‍ 12.91 സെക്കന്റിലായിരുന്നു ജ്യോതി മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. എന്നാല്‍ ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്നു ഒഫീഷ്യലുകള്‍ റീപ്ലേകള്‍ പുനപ്പരിശോധിക്കുകയും തുടര്‍ന്നു വെള്ളി നേടിയ ചൈനീസ് താരം യാനി വുയെ അയോഗ്യയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ താരം ജ്യോതിയുടെ വെങ്കലം വെള്ളിയായി മാറിയത്.

ഫൈനലിനു പിന്നാലെ നാടകീയ രംഗങ്ങളായിരുന്നു ട്രാക്കില്‍ കണ്ടത്. കാരണം ഫൈനലിനു ശേഷം ചൈനീസ് താരം മാത്രമല്ല ജ്യോതിയും ഫാള്‍സ് സ്റ്റാര്‍ട്ടാണ് നടത്തിയതെന്നു ഒഫീഷ്യലുകള്‍ വിധിക്കുകയായിരുന്നു. ഇതിനിടെ ജ്യോതിയുടെ ശരീരം ഇളകുന്നത് കണ്ടാണ് താന്‍ ഓട്ടം തുടങ്ങിയതെന്നു ചൈനീസ് താരം ഒഫീഷ്യലുകളോടു വാദിച്ചു.
എന്നാല്‍ ഇന്ത്യ ഇതിനെതിരേ പ്രതിഷേധിച്ചതോടെ ഒഫീഷ്യലുകള്‍ റീപ്ലേ പരിശോധിക്കുകയായിരുന്നു. ചൈനീസ് താരമാണ് ആദ്യം എഴുന്നേറ്റ് ഓട്ടം തുടങ്ങിയതെന്നും അതിനു ശേഷമാണ് ജ്യോതി ഓടാന്‍ തുടങ്ങിയതെന്നും റീപ്ലേകളില്‍ വ്യക്തമായി. തുടര്‍ന്നാണ് ആതിഥേയ താരം അയോഗ്യയാക്കപ്പെട്ടത്.
ലോങ്ജംപില്‍ മലയാളിത്തിളക്കം
പുരുഷന്‍മാരുടെ ലോങ്ജംപില്‍ മലയാളി താരം എം ശ്രീശങ്കര്‍ മിന്നുന്ന പ്രകടനത്തോടെ വെള്ളി മെഡലിനു അര്‍ഹനായി. നാലാം ശ്രമത്തില്‍ ചാടിയ 8.19 മീറ്ററാണ് ഫൈനലില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ അദ്ദേഹത്തെ സഹായിച്ചത്. ഫൈനലില്‍ ശ്രീശങ്കറിന്റെ ആദ്യത്തെ ശ്രമം ഫൗളില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ശ്രമത്തില്‍ 7.87 മീറ്റര്‍ ചാടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
മൂന്നാമത്തെ ശ്രമത്തില്‍ ശ്രീശങ്കര്‍ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തി. 8.01 മീറ്ററായിരുന്നു താരം ചാടിയത്. ഇതു അദ്ദേഹത്തെ രണ്ടംസ്ഥാനത്തേക്കു ഉയര്‍ത്തുകയും ചെയ്തു. പിന്നീട് മൂന്നാം സ്ഥാനത്തേക്കു വീണെങ്കിലും നാലാമത്തെ ശ്രമത്തില്‍ 8.19 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ രണ്ടാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. ഇതോടെ വെള്ളിയും താരം തന്റെ പേരില്‍ ഭദ്രമാക്കുകയായിരുന്നു.

അതേമയം, വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പുനിയ ഇന്ത്യക്കായി വെങ്കല മെഡല്‍ കൊയ്തു. സീസണിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് താരം മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത്. 58.62 മീറ്റര്‍ എറിഞ്ഞായിരുന്നു പൂനിയ വെങ്കലത്തിനു അവകാശികളായത്. നാലാമത്തെ ശ്രമത്തിലായിരുന്നു അവര്‍ ഈ ദൂരം കണ്ടെത്തിയത്. വനിതകളുടെ ഹെപ്റ്റാത്തലണില്‍ ഇന്ത്യയുടെ നന്ദിനി അഗസര വെങ്കല കൈക്കലാക്കി.
ബാഡ്മിന്റണില്‍ വെള്ളി
പുരുഷ വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യന്‍ ടീമിനു വെള്ളി മെഡലുമായി തൃപ്തിപ്പെടേണ്ടി വന്നു. ആവേശകരമായ ഫൈനലില്‍ ചൈനയോടു 2-3നു ഇന്ത്യ പൊരുതിത്തോല്‍ക്കുകയായിരുന്നു. ആദ്യത്തെ രണ്ടു ഗെയിമും നേടി 2-0ന് ലീഡ് ചെയ്ത ശേഷമാണ് അടുത്ത മൂന്നു ഗെയിമുകളും കൈവിട്ട് ഇന്ത്യ സ്വര്‍ണം കൈയെത്തുംദൂരത്തു നഷ്ടമാക്കിയത്.
ആദ്യ ഗെയിമില്‍ ലക്ഷ്യ സെന്‍ ചൈനീസ് താരത്തെ 22-20, 14-21, 21-18 എന്ന സ്‌കോറിനു തോല്‍പ്പിച്ചിരുന്നു. അടുത്ത ഡബിള്‍സ് ജയിച്ച് സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി ജോടിയും ജയിച്ചതോടെ ഇന്ത്യ 2-0ന് മുന്നിലെത്തി.
പക്ഷെ മൂന്നാം ഗെയിമില്‍ കെ ശ്രീകാന്ത് പരാജയപ്പെട്ടു. നാലാം ഗെയിമില്‍ ധ്രുവ് കപില- സായ് പ്രതീക് സഖ്യുവും വീണതോടെ ചൈന 2-2നു ഒപ്പമെത്തി. അവസാന ഗെയിമില്‍ മഞ്ജുനാഥും കീഴടങ്ങിയതോടെ ചൈന സ്വര്‍ണവും സ്വന്തമാക്കുകയായിരുന്നു.