
ടോക്കിയോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്‍സിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. എച്ച്എസ് പ്രണോയി ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരിക്കുകയാണ്. ചൈനയുടെ സാവോ ജുന്‍ പെങ്ങിനോട് ക്വാര്‍ട്ടറില്‍ പ്രണോയ് തോല്‍വി വഴങ്ങിയത്. ആദ്യ സെറ്റ് ജയിച്ച് തുടങ്ങിയ പ്രണോയ് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റിലും തോറ്റ് പുറത്താവുകയായിരുന്നു. സ്‌കോര്‍ 21-19, 6-21, 18-21.

രണ്ടാം സീഡുകാരനും രണ്ട് തവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ കെന്റോ മൊമോട്ടോയെ തോല്‍പ്പിച്ചാണ് പ്രണോയ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. അട്ടിമറി ജയമായിരുന്നു ഇത്. ഇതോടെ വലിയ പ്രതീക്ഷയായിരുന്നു പ്രണോയിലുണ്ടായിരുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിനെ 17-21, 21-16, 21-17 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് പ്രണോയിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. എന്നാല്‍ ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തോട് മുട്ടുമടക്കേണ്ടി വന്നു.

അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ത്തന്നെ തോറ്റ് പുറത്തായത് ഇന്ത്യക്ക് വലിയ ക്ഷീണമായിരുന്നു. ഇതോടെ എല്ലാ കണ്ണുകളും പ്രണോയിലായിരുന്നു. വനിതകളില്‍ പിവി സിന്ധുവിന്റെ അഭാവം നികത്താന്‍ സൈനക്കായില്ല. തായ്‌ലന്‍ഡിന്റെ ബുസാനയോട് തോറ്റാണ് സൈന പുറത്തായത്. 17-21, 21-16, 13-21 എന്ന സ്‌കോറിനായിരുന്നു സൈനയുടെ തോല്‍വി. സൈ പുറത്തായതോടെ വനിതാ സിംഗിള്‍സിലെ ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ് അസ്തമിച്ചത്.

അതേ സമയം പുരുഷ ഡബിള്‍സില്‍ ചരിത്രമെഴുതി ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയില്‍ പ്രവേശിച്ചു. ആദ്യമായാണ് ഇന്ത്യയുടെ പുരുഷ ടീം ഈ നേട്ടത്തിലേക്കെത്തുന്നത്. രണ്ടാം സീഡായ ജപ്പാന്റെ ഹോകി-ബോബയാഷി സഖ്യത്തെയാണ് ഇന്ത്യ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍ 24-22, 15-21, 21-14. അതേ സമയം മറ്റൊരു ഇന്ത്യന്‍ സഖ്യമായ എംആര്‍ അര്‍ജുന്‍ - ദ്രുവ് കപില സഖ്യം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. മൂന്ന് തവണ ചാമ്പ്യന്മാരായ മുഹമ്മദ് അഹ്‌സാന്‍-ഹേന്ദ്ര സെതിവാന്‍ സഖ്യത്തോടാണ് അര്‍ജുന്‍-ദ്രുവ് സഖ്യം തോറ്റത്.