നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇന്തോനേഷ്യയുടെ ഫിത്രിയാനിക്കെതിരെ 21-14, 21-9 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. അതേസമയം, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളിതാരം എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി.

ടൂര്‍ണമെന്റില്‍ പതിനൊന്നാം സീഡായ പ്രണോയ് 39-ാം റാങ്കുകാരനായ ബ്രസീല്‍ താരം ഇഗോര്‍ കൊയിലോയോടാണ് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. ജയമുറപ്പിച്ച് കോര്‍ട്ടിലിറങ്ങിയ പ്രണോയ് ആദ്യ സെറ്റില്‍ 21-8 എന്ന നിലയില്‍ അനായാസ ജയം നേടിയപ്പോള്‍ 16-21, 15-21 എന്നിങ്ങനെ തുടര്‍ന്നുള്ള രണ്ടു സെറ്റുകളും നേടി ബ്രസീലിയന്‍ ഇന്ത്യന്‍ താരത്തെ പുറത്താക്കി.
പ്രണോയ്ക്ക് പുറമെ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് താരങ്ങളായ സാത്വിക്‌സായ് രാജ് രങ്കറെഡ്ഡി, ചിരാഗ് ഷെട്ടി ടീമും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഡെന്മാര്‍ക്ക് ജോഡികളായ കിം ആസ്ട്രപ്, അന്ദേര്‍ സ്‌കാരുപ് ടീമിനോട് 18-21, 21-15, 16-21 ഒന്നിനെതിരെ രണ്ടു സ്‌കോറുകള്‍ക്കാണ് ഇന്ത്യ തോറ്റത്.
ഇന്ത്യയുടെ അശ്വനി പൊന്നപ്പ, എന്‍ സിക്കി റെഡ്ഡി സഖ്യം ജപ്പാന്റെ യുക്കി ഫുക്കുഷിമ, സയാക്ക ഹിരോത ജോഡിയോട് 14-21, 15-21 എന്ന നിലയില്‍ തോറ്റു. ദേശീയ ചാമ്പ്യന്മാരായ മനു അത്രി, സുമീത് റെഡ്ഡി സഖ്യവും ജപ്പാന്‍ ജോഡിയോട് 24-22, 13-21, 16-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡബിള്‍സ് പോരാട്ടം അവസാനിക്കുകയും ചെയ്തു.