റാഫേല്‍ നദാലിന് ഞെട്ടിക്കുന്ന തോല്‍വി; സ്വപ്‌നക്കുതിപ്പിന് വിരാമം; ഫെഡറര്‍ ഒന്നാമത്

Posted By: rajesh mc

മാഡ്രിഡ്: കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനെന്ന് അറിയപ്പെട്ടുന്ന റാഫേല്‍ നദാലിന്റെ സ്വപ്‌നക്കുതിപ്പിന് വിരാമം. മാഡ്രിഡിലെ ക്ലേ കോര്‍ട്ടില്‍ ഓസ്‌ട്രേലിയയുടെ ഡൊമനിക് തീം ആണ് നദാലിനെ അട്ടിമറിച്ചത്. സ്‌കോര്‍: 7-5, 6-3. നേരിട്ടുള്ള സ്‌കോറില്‍ തോറ്റതോടെ കളിമണ്‍ കോര്‍ട്ടില്‍ 22-ാം വിജയം തേടിയുള്ള നദാലിന്റെ യാത്ര അവസാനിച്ചു.

തുടര്‍ച്ചയായ 50-ാം സെറ്റ് ജയിച്ച് ഇതിഹാസ താരം ജോണ് മക്കന്റോയുടെ 34 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് കഴിഞ്ഞദിവസം നദാല്‍ തിരുത്തിക്കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. 2017 ല്‍ ക്ലേ കോര്‍ട്ടില്‍ തീമിനോട് നദാല്‍ തോറ്റിരുന്നു. ഇതിനുശേഷം ഒരു സെറ്റുപോലും തോല്‍ക്കാതെ വിജയങ്ങള്‍ നേടിയ നദാല്‍ ഒടുവില്‍ തീമിന് മുന്നില്‍ത്തന്നെ വീണ്ടും അടിയറവ് പറഞ്ഞു.

rafealnadal

മാഡ്രിഡിലെ അപ്രതീക്ഷിത തോല്‍വിയോടെ ലോക ഒന്നാം നമ്പര്‍ സ്ഥാനവും നദാലിനു നഷ്ടമായി. റോജര്‍ ഫെഡറര്‍ ആണ് ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നത്. നദാലിനെ തകര്‍ത്തതോടെ മാഡ്രിഡിയില്‍ ഡൊമനിക് തീമിന് കിരീട പ്രതീക്ഷയുയര്‍ന്നു. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ അന്‍ഡേഴ്‌സന്‍ ആണ് സെമിയില്‍ തീമിന്റെ എതിരാളി.

അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മാനനെ 6-3, 6-4 എന്ന സ്‌കോറിനാണ് നദാല്‍ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. മാഡ്രിഡില്‍ ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ സ്പാനിഷ് താരത്തിന് സ്വന്തം നാട്ടില്‍ ചുവട് പിഴച്ചത് ആരാധകരെ ഞെട്ടിച്ചു. അതേസമയം, കഴിഞ്ഞ മാര്‍ച്ച് മുതല്‍ കോര്‍ട്ടില്‍ നിന്നും പുറത്തിരിക്കുന്ന റോജര്‍ ഫെഡറര്‍ക്ക് ലോക ഒന്നാം നമ്പര്‍ പദവി തിരിച്ചുവരാനുള്ള ആത്മവിശ്വാസമൊരുക്കും.

Story first published: Saturday, May 12, 2018, 9:00 [IST]
Other articles published on May 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍