ഇറ്റാലിയന്‍ ഓപ്പണ്‍: ക്വാര്‍ട്ടറില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച് ഷ്വാര്‍ട്ട്‌സ്മാന്‍

റോം: ഇറ്റാലിയന്‍ ഓപ്പണില്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിന് അട്ടിമറി തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനന്‍ യുവതാരം ഗീഡോ ഷ്വാര്‍ട്ട്‌സ്മാനാണ് നദാലിനെ അട്ടിമറിച്ചത്. കളിമണ്‍ കോര്‍ട്ടിലെ രാജാവായ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കാണ് ഷ്വാര്‍ട്ട്‌സ്മാന്‍ തകര്‍ത്തത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി കളിത്തിന് പുറത്തായിരുന്ന നദാലിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ഷ്വാര്‍ട്ട്‌സ്മാന്‍ കാഴ്ചവെച്ചത്. രണ്ട് മണിക്കൂറും നാല് മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് രണ്ടാം റാങ്കുകാരനും രണ്ടാം സ്വീഡുമായ നദാലിനെ എട്ടാം സീഡായ ഷ്വാര്‍ട്ട്‌സ്മാന്‍ തകര്‍ത്തത്.

സ്‌കോര്‍ 6-2,7-5. രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടം പുറത്തെടുക്കാന്‍ നദാലിന് സാധിച്ചെങ്കിലും ഷ്വാര്‍ട്ട്‌സ്മാന്റെ മികവിനെ മറികടക്കാനായില്ല. ഇത്തവണ യുഎസ് ഓപ്പണില്‍ നിന്ന് വിട്ടു നിന്ന നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ കളിക്കുന്നുണ്ട്. 20 ഗ്രാന്റ്സ്ലാം കിരീടം അക്കൗണ്ടിലുള്ള താരമാണ് മുന്‍ ലോക ഒന്നാം നമ്പറായ നദാല്‍. അതേ സമയം നിലവിലെ ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഇറ്റാലിയന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡാണ് ജോക്കോവിച്ചിന്റെ എതിരാളി.

യുഎസ് ഓപ്പണിനിടെ റഫറിയുടെ ദേഹത്ത് പന്ത് അടിച്ചതിന് പാതിവഴിയില്‍ വിലക്ക് നേരിട്ട ജോക്കോവിച്ചിന് ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം അഭിമാന പ്രശ്‌നമാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയുടെ ഡൊമിനിക് കോപ്‌ഫെറിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. രണ്ട് മണിക്കൂറും 12 മിനുട്ടും നീണ്ട മത്സരത്തില്‍ ആദ്യ സെറ്റ് ജോക്കോവിച്ച് 6-3ന് നേടിയപ്പോള്‍ രണ്ടാം സെറ്റ് ഡൊമിനിക് 6-4ന് തിരിച്ചുപിടിച്ചു.

എന്നാല്‍ വാശിയേറിയ മൂന്നാം സെറ്റ് 6-3ന് ജയിച്ച ജോക്കോവിച്ച് സെമി ടിക്കറ്റെടുക്കുകയായിരുന്നു. അതേ സമയം ആതിഥേയ താരവും എട്ടാം റാങ്കുകാരനുമായ മാറ്റിയോ ബെറേറ്റിനിയെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് റൂഡ് സെമി ടിക്കറ്റെടുത്തത്. മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് റൂഡിന്റെ ജയം. ആദ്യ സെറ്റ് പരാജയപ്പെട്ട റൂഡ് രണ്ടാം സെറ്റ് തിരിച്ചുപിടിച്ചപ്പോള്‍ വാശിയേറിയ മൂന്നാം സെറ്റില്‍ ടൈ ബ്രേക്കറിനൊടുവില്‍ റൂഡ് വിജയിക്കുകയായിരുന്നു. സ്‌കോര്‍ 4-6,6-3,7-6.

വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ റൊമേനിയയുടെ രണ്ടാം റാങ്കുകാരി സിമോണ ഹാലപ്പ് സ്‌പെയിന്റെ 17ാം റാങ്കുകാരി ഗബ്രിനി മുഗുരസയെ നേരിടും. ക്വാര്‍ട്ടറില്‍ ഒരു സെറ്റിന് ശേഷം പുടിന്‍സ്റ്റീവ പിന്‍മാറിയതോടെയാണ് ഹാലപ്പ് അനായാസമായി സെമി സീറ്റ് നേടിയത്. ആദ്യ സെറ്റ് 6-2ന് ഹാലപ്പ് നേടിയിരുന്നു. എന്നാല്‍ 14ാം റാങ്കുകാരിയായ അസറിന്‍കയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മുഗുരസ സെമിയില്‍ പ്രവേശിച്ചത്.

രണ്ട് മണിക്കൂറും 21 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ 3-6,6-3,6-4 എന്ന സ്‌കോറിനാണ് മുഗുരസ ക്വാര്‍ട്ടറില്‍ ജയിച്ചത്. വനിതാ സിംഗിള്‍സിലെ രണ്ടാം സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവ നാട്ടുകാരിയായ മാര്‍ക്കിറ്റ വന്‍ഡ്രോസൂവയെ നേരിടും. പ്ലിസ്‌കോവ എടിപി റാങ്കിങ്ങില്‍ നാലാം സ്ഥാനത്തും വന്‍ഡ്രോസൂവ 19ാം സ്ഥാനത്തുമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, September 20, 2020, 12:58 [IST]
Other articles published on Sep 20, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X