പന്ത്രണ്ട് വയസ്സുള്ള ആരാധകന്റെ കത്തിന് യൂനിസ് ഖാന്റെ മറുപടി വൈറലാകന്നു

Posted By: rajesh mc

ദില്ലി: യൂനിസ് ഖാന്‍ ഏറെ ആരാധകരെ സൃഷ്ടിച്ച ഒരു പാക് ക്രിക്കറ്റ് താരമാണ്. കളം വിട്ടൊഴിഞ്ഞിട്ടും ആരാധകര്‍ക്ക് കുറവില്ലെന്നതാണ് വാസ്തവം. എന്നാല്‍ പേരും പ്രശസ്തിയും ഏറുമ്പോള്‍ ആരാധകരെ കണ്ടില്ലെന്ന് നടിക്കുന്ന സെലിബ്രിറ്റികളുള്ള ഇക്കാലത്ത് യൂനിസ് ഖാന്‍ തികച്ചും വ്യത്യസ്തനാണ്. ന്യൂസിലാന്‍ഡില്‍ നിന്നുമുള്ള ഒരു ബാലന്‍ അയച്ച കത്തിന് മറുപടി നല്‍കിയാണ് ഈ മുന്‍ പാക് ബാറ്റ്‌സ്മാന്‍ ഹൃദയങ്ങള്‍ കീഴടക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് ഫെലിക്‌സ് ആന്‍ഡേഴ്‌സണ്‍ തന്റെ പ്രിയ ക്രിക്കറ്ററായ യൂനിസിന് കത്തയയ്ക്കുന്നത്. രണ്ട് വര്‍ഷക്കാലം ചുറ്റിക്കറങ്ങിയ ശേഷമാണ് കത്ത് താരത്തിന്റെ കൈയിലെത്തുന്നത്. 'പ്രിയപ്പെട്ട ഖാന്‍, എന്റെ പേര് ഫെലിക്‌സ്. ന്യൂസിലാന്‍ഡില്‍ നിന്നുമുള്ള 12-കാരനാണ് ഞാന്‍. എന്റെ ഏറ്റവും വലിയ ഹീറോസില്‍ ഒരാളാണ് താങ്കള്‍. താങ്കളുടെ കവര്‍ ഡ്രൈവും, കട്ട് ഷോട്ടും എനിക്ക് ഏറെ ഇഷ്ടമാണ്. ലങ്കയ്ക്ക് എതിരെ നേടിയ 318 റണ്ണും, ഇംഗ്ലണ്ട് പര്യടനത്തിലെ 218 റണ്ണും സൂപ്പറായിരുന്നു. അടുത്ത മത്സരങ്ങള്‍ക്ക് എല്ലാ ആശംസകളും', ഫെലിക്‌സ് ആന്‍ഡേഴ്‌സണ്‍ കുറിച്ചു.

youniskhan

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17,790 റണ്‍ നേടിയിട്ടുള്ള ഈ 40-കാരന്‍ കവര്‍ ഡ്രൈവും, കട്ട് ഷോട്ടും അടിക്കാനുള്ള വീഡിയോ കൂടി ഉള്‍പ്പെടുത്തിയാണ് തന്റെ കുഞ്ഞ് ആരാധകനുള്ള മറുപടി നല്‍കിയത്. 'ഈ ഷോട്ടുകള്‍ക്കുള്ള എന്റെ ടിപ്പ് ഇതാണ്. നന്നായി പ്രാക്ടീസ് ചെയ്യൂ, കളിയില്‍ മികവ് വര്‍ദ്ധിപ്പിക്കൂ. ഓള്‍ ദി ബെസ്റ്റ് ഫെലിക്‌സ്. നീ ഒരു ദിവസം രാജ്യത്തിനായി കളിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു', യൂനിസ് കുറിച്ചു.

വീഡിയോ കണ്ട ഫെലിക്‌സ് ടിപ്പിന് നന്ദി അറിയിച്ചു. ഒപ്പം ന്യൂസിലാന്‍ഡില്‍ വരുമ്പോള്‍ തന്റെ ക്രിക്കറ്റ് ക്ലബ് സന്ദര്‍ശിക്കണമെന്ന ആവശ്യവും ഫെലിക്‌സ് പങ്കുവെച്ചു. ഈ ട്വീറ്റ് പങ്കുവെച്ച യൂനിസ് ഖാന്‍ തന്റെ കൊച്ച് ആരാധകന്റെ ക്ലബിനെ പാകിസ്ഥാനിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Story first published: Tuesday, May 15, 2018, 7:40 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍