ഐപിഎല്‍ കളികളുടെ ക്ലൈമാക്‌സിന് മുന്‍പ് പ്രേക്ഷകര്‍ ടിവി ഓഫ് ചെയ്യുന്നു; കാരണം ഇതാണ്

Posted By: rajesh mc
പ്രേക്ഷകരുടെ എണ്ണം വന്‍തോതില്‍ കുറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഉറക്കമൊഴിഞ്ഞിരുന്ന് കാണുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ സീസണ്‍ 2018 എത്തിയപ്പോഴേക്കും ആളുകള്‍ ഈ പതിവൊക്കെ അവസാനിപ്പിച്ച ലക്ഷണമാണ്. അവസാന ഓവറില്‍ ത്രില്ലറുകളായാണ് പല ടീമുകളും വിജയം കരസ്ഥമാക്കുന്നത്. മത്സരങ്ങള്‍ അവസാനിക്കുന്ന ശരാശരി സമയം രാത്രി 11.55 മുതല്‍ അര്‍ദ്ധരാത്രി വരെ. ഇൗ സമയമാകുമ്പോഴേക്കും രാജ്യത്തെ ടെലിവിഷന്‍ സെറ്റുകള്‍ ഓഫാകുന്നുവെന്നാണ് സ്റ്റാര്‍ ഇന്ത്യയുടെ ടിപിആര്‍ റേറ്റിംഗ് വ്യക്തമാക്കുന്നത്.

അര്‍ദ്ധരാത്രി ടെന്‍ഷനടിച്ച് ഇരുന്ന് മത്സരം കാണാനൊന്നും പ്രേക്ഷകര്‍ മെനക്കെടുന്നില്ലെന്ന് സാരം. 11 മണിക്ക് ശേഷം ടിപിആറില്‍ വന്‍ കുറവാണ് നേരിടുന്നതെന്ന് സ്റ്റാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് ഗുപ്ത വ്യക്തമാക്കി. 50% വരെ റേറ്റിംഗ് കുറയുന്നുണ്ട്. 16,347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഐപിഎല്‍ സംപ്രേക്ഷണാവകാശം പിടിച്ചത്. കഴിഞ്ഞ സീസണില്‍ ഏറെ ലാഭകരവുമായിരുന്നു. പക്ഷെ ഇക്കുറി ഇതിന് നേര്‍വിപരീതമാണ് കാര്യങ്ങള്‍.

ipl

പ്രേക്ഷകരുടെ എണ്ണം വന്‍തോതില്‍ കുറയുന്നത് ബിസിനസ്സിനെ ബാധിക്കുമെന്ന ഘട്ടം എത്തിയതോടെ ഐപിഎല്‍ മത്സരങ്ങളുടെ സമയം നേരത്തെ ആക്കണമെന്നാണ് സ്റ്റാര്‍ ആവശ്യപ്പെടുന്നത്. അടുത്ത ആഴ്ച പ്ലേഓഫ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ മത്സരങ്ങള്‍ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും തുടങ്ങണമെന്നാണ് ആവശ്യം. ഈ സീസണില്‍ തുടക്കമിട്ട അമ്പയര്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡിആര്‍എസ്) വന്നതോടെ മത്സരങ്ങളുടെ ദൈര്‍ഘ്യം വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

ഡിആര്‍എസിനെ ഗുപ്ത പിന്തുണയ്ക്കുന്നുണ്ടെങ്കിലും മത്സരങ്ങളുടെ ദൈര്‍ഘ്യം കൂടിയത് റേറ്റിംഗിനെ ബാധിക്കുന്നതാണ് സ്റ്റാറിനെ സങ്കടത്തിലാക്കുന്നത്. ഐപിഎല്‍ സീസണ്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ സമയം മാറ്റിയില്ലെങ്കില്‍ വരുമാനം ഇടിയുമെന്നാണ് ചാനലിന്റെ ഭയം.

Story first published: Wednesday, May 16, 2018, 8:21 [IST]
Other articles published on May 16, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍