കശ്മീരിനെക്കുറിച്ച് അഫ്രീദിയുടെ രോഷപ്രകടനം; ചുട്ടമറുപടി നല്‍കി ഗൗതം ഗംഭീര്‍

Posted By: rajesh mc

ന്യൂഡല്‍ഹി: ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നു വിശേഷിപ്പിച്ച് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി അവിടെ നടക്കുന്ന സ്വാതന്ത്ര വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വികാരപരമായൊരു ട്വീറ്റ് പോസ്റ്റ് ചെയ്തു. ഒരു പാക് താരം ഇങ്ങനൊരു പോസ്റ്റിട്ടാല്‍ ഇന്ത്യന്‍ താരങ്ങള്‍ വെറുതെ ഇരിക്കുമോ, തീര്‍ച്ചയായും ഇല്ല. ഉഗ്രന്‍ മറുപടിയുമായി ഗൗതം ഗംഭീര്‍ പിന്നാലെയെത്തി. ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ അവസ്ഥ തന്നെ ആശങ്കപ്പെടുത്തുന്നുവെന്നാണ് 2016-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അഫ്രീദി അഭിപ്രായപ്പെട്ടത്.

കടുത്ത ദാരിദ്യത്തില്‍ നിന്നും കോടികളുടെ ഐപിഎല്ലിലേക്ക്; അറിയണം ഈ ഇന്ത്യന്‍ താരത്തെ

പാക് പ്രീമിയര്‍ ലീഗിലേക്ക് ഇന്ത്യന്‍ താരങ്ങളെ ക്ഷണിക്കണമെന്ന് അഭിപ്രായപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം അഫ്രീദി നടത്തിയ പ്രതികരണം ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചു. 'ഇന്ത്യയുടെ കശ്മീരില്‍ നിരപരാധികളെ വെടിവെച്ച് കൊല്ലുകയാണ് ഭരണകൂടം. സ്വാതന്ത്ര്യത്തെയും, ദൃഢനിശ്ചയത്തെയും അടിച്ചമര്‍ത്തുകയാണ്. എവിടെ യുഎന്‍ പോലുള്ള സംഘടനകള്‍, ഈ രക്തച്ചൊരിച്ചില്‍ നിര്‍ത്താന്‍ അവര്‍ ഇടപെടാത്തത് എന്താണ്?', അഫ്രീദി ചോദിച്ചു.

shahidafridi

എന്തായാലും അഫ്രീദിയുടെ വേദനയ്ക്ക് ഉടന്‍ പരിഹാരവുമായി ഗൗതം ഗംഭീര്‍ രംഗത്തെത്തി. യുഎന്‍ എന്നാല്‍ അണ്ടര്‍ 19 എന്ന് മനസ്സിലാക്കാനുള്ള വിവരമേ അഫ്രീദിക്കുള്ളുവെന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. 'നമ്മുടെ കശ്മീരിനെയും, യുഎന്നിനെക്കുറിച്ചും അഫ്രീദി നടത്തിയ പ്രസ്താവനയില്‍ മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചു. എന്ത് പറയാനാണ്, യുഎന്‍ എന്നാല്‍ അദ്ദേഹത്തിന്റെ ഡിക്ഷണറിയില്‍ അണ്ടര്‍ 19 എന്നാണ്. മാധ്യമങ്ങള്‍ ശാന്തരായിരിക്കണം, നോബോളില്‍ പുറത്തായതിന്റെ ആഘോഷത്തിലാണ് അഫ്രീദി', ഗംഭീര്‍ മറുപടി നല്‍കി.

അഫ്രീദിയും, ഗംഭീറും തമ്മിലുള്ള ഉടക്ക് ക്രിക്കറ്റ് രംഗത്ത് പ്രശസ്തമാണ്. താന്‍ ഇതെല്ലാം മറന്നെങ്കിലും ഗംഭീറിന് ഇത് സാധിക്കുന്നില്ലെന്ന് പിന്നീടൊരിക്കല്‍ പാക് താരം തന്നെ വ്യക്തമാക്കിയിരുന്നു. എന്തായാലും അഫ്രീദിയുടെ അസ്ഥാനത്തുള്ള അഭിപ്രായപ്രകടനം വരുംദിവസങ്ങളില്‍ കൂടുതല്‍ തിരിച്ചടികള്‍ക്ക് വഴിയൊരുക്കും.

Story first published: Wednesday, April 4, 2018, 8:14 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍