വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കപിലിന്റെ കഴിവിനെ ഞാന്‍ മാനിക്കുന്നു: പ്രഭാകര്‍

By Staff

ദില്ലി: തനിക്ക് ഒരു മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാരോപിച്ചാണ് മനോജ് പ്രഭാകര്‍ ആദ്യം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. എന്നാല്‍ കഴിഞ്ഞ മെയില്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തത് ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാപ്രതിഭാസമായ കപില്‍ ദേവായിരുന്നു എന്ന് പ്രഭാകര്‍ വെളിപ്പെടുത്തിയപ്പോഴാണ് ക്രിക്കറ്റ് ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്.

പിന്നീട് തന്റെ ആരോപണങ്ങള്‍ക്കുള്ള തെളിവിനായി അദ്ദേഹം വീഡിയോടേപ്പുകള്‍ വെളിപ്പെടുത്തി. അതിനുശേഷം അത് സി.ബി.ഐക്ക് കൈമാറി. എന്നാല്‍ പ്രഭാകര്‍ ഇപ്പോള്‍ ചെയ്യുന്നതെല്ലാം വെറും പബ്ലിസിറ്റിക്കു വേണ്ടിയാണോ എന്ന സംശയവും ക്രിക്കറ്റ് പ്രേമികളില്‍ വളര്‍ന്നിട്ടുണ്ട്. ഇന്ത്യാ ഇന്‍ഫോയുമായുള്ള അഭിമുഖത്തില്‍ പ്രഭാകര്‍ മനസ്സു തുറന്നു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍...

കപില്‍ദേവിനെക്കുറിച്ച്...

94-ല്‍ കൊളംബോയില്‍ വെച്ചു നടന്ന സിംഗര്‍ കപ്പില്‍ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തത് കപില്‍ദേവാണെന്ന് വെളിപ്പെടുത്തിയെങ്കിലും കപില്‍ തന്നെയാണ് ഇപ്പോഴും പ്രഭാകറിന്റെ ഇഷ്ടകളിക്കാരന്‍. കളിക്കളത്തില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന കഴിവിനെ ഞാന്‍ മാനിക്കുന്നു. കപില്‍ദേവെന്ന ഒരാള്‍ക്കെതിരെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഇപ്പോഴത്തെ സമ്പ്രദായത്തെയാണ് ഞാന്‍ എതിര്‍ക്കുന്നത്, പ്രഭാകര്‍ പറഞ്ഞു.

എന്നാല്‍ പ്രഭാകറിനെതിരെ കപില്‍ കേസ് കൊടുക്കുമെന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായി ഒന്നും പറഞ്ഞില്ല. ഒരാള്‍ വിറളി പിടിച്ച് നില്‍ക്കുമ്പോള്‍ പ്രതികരിക്കരുതെന്നാണ് ഞാന്‍ ബഹുമാനിക്കുന്ന മൊഹീന്ദര്‍ അമര്‍നാഥും രമണ്‍ലാംബയും എന്നെ ഉപദേശിച്ചിട്ടുള്ളത്. എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം.

എന്തുകൊണ്ട് ഇവയെല്ലാം വെളിപ്പെടുത്തി...

സത്യം എന്റെ രാജ്യത്തെ അറിയിക്കണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. എന്റെ രാജ്യത്തെ എല്ലാവരും ഇക്കാര്യം അറിയണമെന്നും ഞാനേറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് ഈ ദുര്‍ഭൂതത്തില്‍ നിന്ന് രക്ഷപ്പെടണമെന്നും ഞാനാഗ്രഹിച്ചു. സത്യം പുറത്തുവരാതെ ഒരിക്കലും ക്രിക്കറ്റ് രക്ഷപ്പെടില്ല. ഞാന്‍ ടീമിലുണ്ടായിരുന്നപ്പോള്‍ ഒരു പോരാളിയെപ്പോലെ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ടീമിനെ വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോഴാണ് എന്റെ പ്രകടനം കൊണ്ട് മാത്രം കളി ജയിക്കാന്‍ പറ്റില്ലെന്ന് അറിയുന്നത്, പ്രഭാകര്‍ വ്യക്തമാക്കി.

വീഡിയോ ക്യാമറ ഒളിച്ചുവെച്ചുകൊണ്ട് സംഭാഷണം പകര്‍ത്തിയതിനെക്കുറിച്ച്...

കൊളംബോയില്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്യപ്പെട്ട കാര്യം പറയാന്‍ ഓരോ ആളെ സമീപിച്ചപ്പോള്‍ അവരും ഈ കൂട്ടുകെട്ടില്‍ ഭാഗമാണെന്നറിഞ്ഞതോടെ ഞെട്ടിപ്പോയെന്ന് പ്രഭാകര്‍ പറഞ്ഞു.

അവരുടെ കള്ളി വെളിച്ചത്താക്കണമെന്ന് എനിക്ക് തോന്നി. അവരുടെ സംഭാഷണങ്ങള്‍ ഞാന്‍ റെക്കോര്‍ഡു ചെയ്തിരുന്നു. എന്നാല്‍ അത് മതിയായ തെളിവാകില്ലെന്ന് എനിക്ക് തോന്നി. അതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ മികച്ച വഴി ഞാന്‍ കണ്ടെത്തി. കോഴവാഗ്ദാനത്തെക്കുറിച്ച് ഞാന്‍ ഓരോ ആളെയും സമീപിക്കുമ്പോള്‍ ഞാന്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നു. പകരം അവര്‍ പറയുന്നത് ഞാന്‍ കേള്‍ക്കേണ്ടിവന്നു. അങ്ങനെയുള്ളവരോട് എന്റെ കൈയില്‍ ക്യാമറ ഉള്ള കാര്യം ഞാന്‍ വെളിപ്പെടുത്തിയതുമില്ല, പ്രഭാകര്‍ പറഞ്ഞു.

ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന ആപ്തവാക്യം തന്റെ പ്രവൃത്തിയെ പിന്തുണക്കുമെന്ന് പ്രഭാകര്‍ വ്യക്തമാക്കി. ഞാനും നിങ്ങളും മനുഷ്യരാണ്. തെറ്റുകള്‍ വരുത്തുന്ന മനുഷ്യര്‍. ചെയ്തതതൊന്നും തെറ്റായ മാര്‍ഗത്തിലൂടെയാണെന്ന് ഞാന്‍ കരുതുന്നില്ല. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ആവര്‍ത്തിക്കപ്പെടുമ്പോള്‍ അവ ക്രിമിനല്‍ കുറ്റങ്ങളായി മാറുന്നു.

താന്‍ ഈ ചെയ്തതൊന്നും പബ്ലിസിറ്റിക്കു വേണ്ടിയല്ലെന്നും പ്രഭാകര്‍ പറഞ്ഞു. ഞാന്‍ എന്റെ ഭാഗം വിശദീകരിച്ചതോടെ ഇക്കാര്യത്തില്‍ എനിക്ക് ചെയ്യാനുള്ളതെല്ലാം കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. ഇനിയെല്ലാം സി.ബി.ഐയുടെ കൈയിലാണ്.

വെളിപ്പെടുത്തലിനെത്തുടര്‍ന്നുളള പ്രതികരണത്തെക്കുറിച്ച്...

പ്രഭാകറിന്റെ സഹകളിക്കാരായിരുന്ന മിക്കവാറും എല്ലാവരും ഇപ്പോള്‍ അദ്ദേഹത്തെ വിട്ടുപോവുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ആരുടെയും പിന്തുണ ആവശ്യമില്ലെന്ന് പ്രഭാകര്‍ പറയുന്നു. ഞാന്‍ ചെയ്തത് ശരിയാണെന്ന് എന്റെ കുടുംബം പോലും കരുതുന്നില്ല. എന്നെ പിന്തുണക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് അവരാണ്. എന്തുതന്നെയായാലും എന്റെ ഭാര്യ സന്ധ്യ ആദ്യാവസാനം എന്റെ കൂടെയുണ്ട്, പ്രഭാകര്‍ വ്യക്തമാക്കി.

യഥാര്‍ത്ഥത്തില്‍ തനിക്ക് വിശ്വസ്തരായ കൂട്ടുകാരില്ലെന്നും തന്റെ ഏറ്റവും നല്ല കൂട്ടുകാരന്‍ താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ എന്തു കരുതുമെന്നതിനെക്കുറിച്ച് ഞാന്‍ വ്യാകുലപ്പെടുന്നില്ല. എനിക്ക് ശരിയെന്ന് തോന്നിയത് ഞാന്‍ ചെയ്തു. ഇത് ചെയ്യണമെന്നും അത് ചെയ്യണമെന്നും എന്നോട് ഇപ്പോഴും പലരും പറയുന്നുണ്ട്. അവര്‍ പറയുന്നതെല്ലാം ഞാന്‍ കേള്‍ക്കും. പക്ഷെ അവസാനം ഞാന്‍ ചെയ്യുന്നത് എന്റെ ഇഷ്ടത്തിനനുസരിച്ചായിരിക്കും.

പണമിടപാട് കമ്പനിയില്‍ക്കൂടി ജനങ്ങളെ വഞ്ചിച്ചുവെന്ന കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രഭാകര്‍ പറഞ്ഞു. ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്കറിയാം. ഇപ്പോള്‍ ഇതിനെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല, അദ്ദേഹം വ്യക്തമാക്കി.

(അവസാന വിക്കറ്റ് )

ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റ് കളിക്കാര്‍ ഇപ്പോഴെങ്കിലും സത്യം പുറത്തു പറയാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ അവരെ കണ്ടു പഠിക്കണം.

Story first published: Saturday, June 10, 2000, 5:30 [IST]
Other articles published on Jun 10, 2000
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X