Paralympics: ഇന്ത്യക്കു തിരിച്ചടികളുടെ ദിനം, മെഡലും നേടാനായില്ല

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യക്കു ഇന്നു തിരിച്ചടികളുടെ ദിവസമായിരുന്നു. പലയിനങ്ങൡലും പരാജയം നേരിട്ട ഇന്ത്യക്കു മെഡലുകളും അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാനായില്ല. അത്‌ലറ്റിക്‌സില്‍ വൈകീട്ട് നടന്ന F51 വിഭാഗം ക്ലബ്ബ് ത്രോ ഫൈനലില്‍ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ മല്‍സരിച്ചിരുന്നു. പക്ഷെ രണ്ടു പേര്‍ക്കും മെഡലൊന്നും ലഭിച്ചില്ല. അമിത് കുമാര്‍ സരോഹയും ധരംഭീറുമായിരുന്നു ഇന്ത്യക്കു വേണ്ടി ഫൈനലില്‍ ഇറങ്ങിയത്. 27.77 മീറ്റര്‍ എറിഞ്ഞ അമിത് കുമാര്‍ അഞ്ചാംസ്ഥാനത്താണ് മല്‍സരം പൂര്‍ത്തിയാക്കിയത്. എങ്കിലും സീസണിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്.

ഇന്ത്യയുടെ മറ്റൊരു അത്‌ലറ്റായ ധരംഭീര്‍ എട്ടാംസ്ഥാന്തനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. അദ്ദേഹമെറിഞ്ഞത് 25.59 മീറ്ററായിരുന്നു. ധരംഭീറിന്റെയും ഈ സീസണിലെ മികച്ച ദൂരമാണിത്. റഷ്യന്‍ പാരാലിംപിക് കമ്മിറ്റിക്കു കീഴില്‍ മല്‍സരിച്ച മൂസ മെയ്മസോവിനാണ് ഈയിനത്തില്‍ സ്വര്‍ണം ലഭിച്ചത്. ലോക റെക്കോര്‍ഡ് തിരുത്തിയാണ് അദ്ദേഹം ഒന്നാമനായത്.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് റിയോയില്‍ നടന്ന പാരാംലിംപിക്‌സില്‍ നാലാംസ്ഥാനത്തായിരുന്നു 36 കാരനായ അമിത് ഫിനിഷ് ചെയ്തത്. അന്നു 26.63 മീറ്ററായിരുന്നു അദ്ദേഹമെറിഞ്ഞത്. ഇത്തവണ ടോക്കിയോയില്‍ ഈ ദൂരം മെച്ചപ്പെടുത്തിയെങ്കിലും ഫൈനലില്‍ അമിത് ഒരു സ്ഥാനം പിറകിലേക്കു പോവുകയാണ് ചെയ്തത്. നിലവിലെ ഏഷ്യ പാരാ ഗെയിംസിലെ ചാംപ്യന്‍ കൂടിയാണ് അദ്ദേഹം. 32കാരനായ ധരംഭീറാവട്ടെ 2018ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ അമിത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.

പുരുഷന്‍മാരുടെ SL2 വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് ഗ്രൂപ്പ് എയില്‍ ഇന്ത്യന്‍ താരവും ടോപ് സീഡുമായ പ്രമോദ് ഭഗത് വിജയത്തോടെ മുന്നേറ്റം നടത്തി. നാട്ടുകാരന്‍ കൂടിയായ മനോജ് സര്‍ക്കാരിനെയാണ് വാശിയേറിയ പോരാട്ടത്തില്‍ അദ്ദേഹം കീഴടക്കിയത്. സ്‌കോര്‍: 21-10, 21-23, 21-9. മല്‍സരം 56 മിനിറ്റ് നീണ്ടുനിന്നു.

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ SU5 ഗ്രൂപ്പ് എ മല്‍സരത്തില്‍ ഇന്ത്യന്‍ താരം പലക് കോലി പരാജയപ്പെട്ടു. ലോക ഒന്നാംനമ്പര്‍ കൂടിയായ ജപ്പാനീസ് താരം അയോക്കോ സുസുക്കിയാണ് 21-4, 21-7ന് പലകിനെ നിഷ്പ്രഭയാക്കിയത്. മല്‍സരം വെറും 19 മിനിറ്റ് കൊണ്ട് അവസാനിച്ചിരുന്നു.

മിക്‌സഡ് ഡബിള്‍സ് ബാഡ്മിന്റണിലും ഇന്ത്യ തോല്‍വി രുചിച്ചു. പ്രമോദ് ഭഗത്- പലക് കോലി ജോടിയായിരുന്നു റാക്കറ്റേന്തിയത്. രണ്ടാം സീഡുകളും ഫ്രഞ്ച് ജോടികളുമായ ലൂക്കാസ് മസൂര്‍- ഫോസ്റ്റിന്‍ നോയല്‍ സഖ്യത്തോടാണ് ഇന്ത്യന്‍ ജോടി ഗ്രൂപ്പ് ബിയിലെ ആദ്യ കളിയില്‍ പരാജയപ്പെട്ടത്. സ്‌കോര്‍: 9-21, 21-15, 19-21.

നീന്തലില്‍ പുരുഷന്‍മാരുടെ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ SB7 വിഭാഗത്തില്‍ ഇന്ത്യന്‍ താരം സുയാഷ് നാരായണ്‍ മല്‍സരിച്ചിരുന്നു. പക്ഷെ അദ്ദേഹം അയോഗ്യനാക്കപ്പെടുകയായിരുന്നു. മല്‍സരത്തിലെ പിഴവ് കാരണമായിരുന്നു സുയാഷിനെ അയോഗ്യനാക്കിയത്. ഇതു കാരണം അദ്ദേഹം മല്‍സരം പൂര്‍ത്തിയാക്കിയ സമയം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തില്ല.

രാവിലെ ഷൂട്ടിങിലും ഇന്ത്യക്കു മല്‍സരമുണ്ടായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഷൂട്ടിങില്‍ രാജ്യത്തിനു സ്വര്‍ണം സമ്മാനിച്ച അവാനി ലെഖാരയും 10 മീറ്റര്‍ എയര്‍ റൈഫിള്‍ പ്രോണ്‍ മിക്‌സഡ് ഇനം SH1 യോഗ്യതാ റൗണ്ടില്‍ ഇറങ്ങിയിരുന്നു. അവാനി 27ാംസ്ഥാനത്തും സിദ്ധാര്‍ഥ ബാബു 40ാംസ്ഥാനത്തും ദീപക് 43ാം സ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തത്. ഫൈനല്‍ കാണാതെ ഇന്ത്യന്‍ ടീം ഇതോടെ പുറത്താവുകയും ചെയ്തു.

പാരാലിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഗെയിംസായി ഇത്തവണത്തേത് മാറിക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായി മെഡല്‍ക്കൊയ്ത്തില്‍ ഇന്ത്യ രണ്ടക്കത്തിലെത്തിയിട്ടുണ്ട്. 10 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. രണ്ടു സ്വര്‍ണ മെഡലുള്‍പ്പെടെയാണിത്. ഇന്ത്യയുടെ നേട്ടം 11 മെഡല്‍ ആവേണ്ടതായിരുന്നു. പക്ഷെ ഡിസ്‌കസ് ത്രോയില്‍ വെങ്കലം ലഭിച്ച വിനോദ് കുമാറിനെ അയോഗ്യനാക്കിയതു കാരണം ഇന്ത്യക്കു ഈ മെഡല്‍ നഷ്ടമാവുകയായിരുന്നു. മല്‍സരിച്ച ഇനത്തില്‍ പങ്കെടുക്കാനുള്ള നിശ്ചിത യോഗ്യത അദ്ദേഹത്തിന് ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, September 1, 2021, 19:52 [IST]
Other articles published on Sep 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X