കോമണ്‍വെല്‍ത്ത്; ഐഒഎ പാലംവലിച്ചു; വെയ്റ്റ്‌ലിഫ്റ്റിംഗ് താരങ്ങളും പരിശീലകരും രോഷത്തില്‍

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ അക്കൗണ്ട് തുറന്നത് വെയ്റ്റ്‌ലിഫ്റ്റിംഗ് താരങ്ങളാണ്. എന്നാല്‍ വെയ്റ്റ്‌ലിഫ്റ്റിംഗ് അധികൃതരും, പരിശീലകരും ഇപ്പോള്‍ പൂര്‍ണ്ണമായി സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സുപ്രധാനമായ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ടീമിന് ലഭ്യമാക്കാത്തതാണ് ഈ രോഷത്തിന് കാരണം. ഇന്ത്യയുടെ വെയ്റ്റ്‌ലിഫ്റ്റര്‍മാരെ സഹായിക്കേണ്ട ഫിസിയോ ഓസ്‌ട്രേലിയയിലെ വേദികളില്‍ പടിക്ക് പുറത്ത് നില്‍ക്കേണ്ട ഗതികേടിലാണ്.

ഒരു മാനേജറെ പിന്‍വലിച്ചാണ് ടീമില്‍ ഫിസിയോയെ ഉള്‍പ്പെടുത്തിയതെന്ന് ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സഹദേവ് യാദവ് വ്യക്തമാക്കി. ഇതിന് സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. എന്നാല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഉദ്യോഗസ്ഥര്‍ പാലംവലിച്ചു. ഫിസിയോക്ക് കൃത്യമായ അക്രഡിറ്റേഷന്‍ വാങ്ങിനല്‍കാതെ വന്നതോടെ ഗോള്‍ഡ് കോസ്റ്റിലെത്തിയ മെഡിക്കല്‍ വിദഗ്ധന് മത്സരം നടക്കുന്ന ഇടങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്ത സാഹചര്യമാണുള്ളത്, യാദവ് പറയുന്നു.

commonwealthgoldcoast2018

വെയ്റ്റ്‌ലിഫ്റ്റിംഗ് ഫിസിയോ എ. സക്‌സേനയ്ക്ക് അക്രഡിറ്റേഷന്‍ ലഭിച്ചെങ്കിലും ഇതിന് പ്രവേശനം പരിശീലന കേന്ദ്രത്തിലേക്ക് മാത്രമാണ്. മത്സരങ്ങള്‍ നടക്കുന്ന പ്രദേശത്തേക്ക് ഇദ്ദേഹത്തിന് പ്രവേശിക്കാന്‍ പോലും കഴിയുന്നില്ല. നീല നിറത്തിലുള്ള ബാന്‍ഡും, ഇനീഷ്യലും കൃത്യമാണെങ്കില്‍ മാത്രമേ മത്സരസ്ഥലത്ത് പ്രവേശനം നല്‍കാന്‍ കഴിയൂ എന്നാണ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ പി. ഗുരുരാജയ്ക്ക് ഭാരം ഉയര്‍ത്തുന്നതിനിടെ പിന്‍ഭാഗത്തും, മുട്ടിനും പ്രശ്‌നങ്ങള്‍ നേരിട്ടു. പക്ഷെ സഹായിക്കേണ്ട ഫിസിയോയ്ക്ക് അടുത്ത് വരാന്‍ പോലും കഴിഞ്ഞില്ല. ഈ പ്രതികൂല സാഹചര്യത്തിലും താരം വെള്ളി മെഡല്‍ നേടി.

ഗെയിംസ് വില്ലേജില്‍ കുടുംബക്കാര്‍ക്ക് അക്രഡിറ്റേഷന്‍ ലഭിച്ചോയെന്നും, മുറി കിട്ടുമോയെന്നും അന്വേഷിക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികള്‍. ഭാര്യമാരും, മാതാപിതാക്കളും വരെ ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ഇടംപിടിച്ചു. പക്ഷെ ടീമിന് ആവശ്യമായ ഒരു ഫിസിയോയ്ക്ക് ഇതിന് അവസരം നല്‍കിയില്ലെന്നതാണ് വൈരുദ്ധ്യം.

Story first published: Friday, April 6, 2018, 8:27 [IST]
Other articles published on Apr 6, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍