കോമണ്‍വെല്‍ത്ത് ഗെയിംസ് പന്ത് ചുരണ്ടിയ ഓസ്‌ട്രേലിയയുടെ ചീത്തപ്പേര് മാറ്റി

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തിരിതാഴുമ്പോള്‍ ഏറ്റവും അധികം വാഴ്ത്തപ്പെടുന്നത് ഗെയിംസ് നടത്തിപ്പിലെ കൃത്യതയും ആത്മാര്‍ഥതയും. ഗെയിംസ് ഓര്‍ഗനൈസേഷന്‍ കമ്മറ്റി ചെയര്‍മാന്‍ പീറ്റര്‍ ബെറ്റി ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.

ഗെയിംസിന് മുന്‍പ് ഓസ്‌ട്രേലിയ ക്രിക്കറ്റ് പന്തു ചുരണ്ടല്‍ വിവാദത്തിന്റെ കരിനിഴലിലായിരുന്നു. ഓസീസ് താരങ്ങള്‍ വഞ്ചകരെന്ന് മുദ്രകുത്തപ്പെട്ടത് രാജ്യത്തെ ജനങ്ങളെയും കായിക താരങ്ങളെയും മോശമായി ബാധിച്ചു. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് ഓസ്‌ട്രേലിയയുടെ ചീത്തപ്പേര് മായ്ച്ചുകളഞ്ഞതായി പീറ്റര്‍ ബെറ്റി പറഞ്ഞു.

cmg

അന്താരാഷ്ട്ര കായിക രംഗത്തെ ഓസ്‌ട്രേലിയയുടെ സല്‍പ്പേര് തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ഞങ്ങളുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യക്തമാണ്. കളിയില്‍ വഞ്ചനയോ ചതിയോ കാണിച്ചിട്ടില്ല. വിജയിച്ചവരെ അനുമോദിക്കുന്നതില്‍ ഓസ്‌ട്രേലിയക്കാര്‍ യാതൊരു പക്ഷപാതവും കാട്ടിയിട്ടില്ലെന്നും പീറ്റര്‍ വ്യക്തമാക്കി.

സൗത്ത് ആഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പന്തു ചുരണ്ടിയത് ഏറെ വിവാദമായിരുന്നു. സംഭവത്തിനുശേഷം സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ, കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുകയുണ്ടായി.

Story first published: Monday, April 16, 2018, 8:14 [IST]
Other articles published on Apr 16, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍