ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകളെ മത്സരിപ്പിക്കാന്‍ ഫിഫ; കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മത്സരം?

Posted By: rajesh mc

ബര്‍ലിന്‍: 2022 ലോകകപ്പിനായി ഖത്തര്‍ ഒരുക്കത്തിലാണ്. കാലാവസ്ഥയെ അതിജീവിച്ച്, മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധത്തെ മറികടന്ന് ഖത്തര്‍ നടത്തുന്ന ഒരുക്കങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. എന്നാല്‍ ഫുട്‌ബോള്‍ മേലാളന്‍മാരായ ഫിഫ പുതിയൊരു വെല്ലുവിളി ഖത്തറിന് മുന്നില്‍ വെയ്ക്കുകയാണ്.

നിലവില്‍ 32 ടീമുകള്‍ മത്സരിക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ 48 ടീമുകള്‍ പോരാടാനെത്തിയാല്‍ നടപ്പാകുമോയെന്നാണ് ഫിഫ ആലോചിക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകളെ പങ്കെടുപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോ വ്യക്തമാക്കി.

fifa

2026 മുതല്‍ 48 ടീമുകള്‍ കളത്തിലിറങ്ങുമെന്ന് ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഖത്തറില്‍ തന്നെ ഇത് ആരംഭിച്ച് കൂടേയെന്നാണ് സൗത്ത് അമേരിക്കന്‍ കോണ്‍ഫെഡറേഷന്‍ ചോദിക്കുന്നത്. എന്നാല്‍ 16 ടീമുകള്‍ക്ക് കൂടി ആതിഥേയത്വം വഹിക്കുന്ന കാര്യം ബുദ്ധിമുട്ടാകുമോയെന്നാണ് ഖത്തര്‍ അധികൃതര്‍ ആശങ്കപ്പെടുന്നത്. ഇതേക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. പ്രാവര്‍ത്തികമാണെങ്കില്‍ നടപ്പാക്കാം. ഫുട്‌ബോളിന്റെ വികസനത്തില്‍ ഇത് നിര്‍ണ്ണായകമാകുമെന്നും ഇന്‍ഫാന്റിനോ കരുതുന്നു. 48 ടീമുകള്‍ക്ക് കളിക്കാന്‍ പുതിയ നാല് സ്റ്റേഡിയങ്ങള്‍ കൂടി ഖത്തറിന് ആവശ്യമായി വരും.

വേനല്‍ക്കാലത്ത് നടക്കുന്ന മത്സരങ്ങള്‍ ഗള്‍ഫിലെ ചൂടില്‍ പ്രാവര്‍ത്തികമല്ലാത്തതിനാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ 28 ദിവസമാണ് ഖത്തര്‍ ലോകകപ്പ് അരങ്ങേറുക. ഖത്തറിന് പുറത്ത് ഏതെങ്കിലും ഗള്‍ഫ് രാജ്യത്തെ കൂട്ടുപിടിച്ച് ഈ വികസനം നടപ്പാക്കുന്നതിനെക്കുറിച്ചും അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

കുവൈറ്റിനെ ഉള്‍പ്പെടുത്താനാണ് ഫിഫ താല്‍പര്യപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങള്‍ പ്രതിബന്ധമാണെങ്കിലും ഫുട്‌ബോള്‍ വഴി രാജ്യങ്ങളെ ഒരുമിപ്പിക്കാന്‍ ഫിഫ ആഗ്രഹിക്കുന്നു. അതേസമയം ഖത്തര്‍ ഒറ്റയ്ക്ക് ലോകകപ്പ് നടത്തില്ലെന്ന വാര്‍ത്ത മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയാകും. അതുകൊണ്ട് തന്നെ ഈ നീക്കത്തെ എതിര്‍ക്കുകയോ, വെല്ലുവിളി ഏറ്റെടുക്കുകയോ ആകും ഖത്തറിന് മുന്നിലുള്ള പോംവഴി.

Story first published: Sunday, April 15, 2018, 8:52 [IST]
Other articles published on Apr 15, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍