ലോകകപ്പിന് ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് റഫറിമാരെ ഒഴിവാക്കി; 6 പേര്‍ ആഫ്രിക്കയില്‍ നിന്നും

Posted By: rajesh mc

ലണ്ടന്‍: റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ മത്സരം നിയന്ത്രിക്കുന്ന റഫറിമാരുടെ പട്ടിക പുറത്തുവിട്ടു. 36 റഫറിമാരെയാണ് ഫിഫ തെരഞ്ഞെടുത്തത്. ക്ലബ്ബ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒരു റഫറിയും പട്ടികയില്‍ ഇടപിടിച്ചില്ല. അതേസമയം, ആഫ്രിക്കയില്‍ നിന്നും ആറുപേര്‍ സ്ഥാനംപിടിച്ചു.

മാര്‍ക്ക് ക്ലാറ്റന്‍ബര്‍ഗ് മാത്രമാണ് ഫിഫ തയ്യാറാക്കിയ ആദ്യ പട്ടികയില്‍ ബ്രിട്ടനില്‍നിന്നും ഇടം നേടിയത്. എന്നാല്‍, പ്രീമിയര്‍ലീഗിലെ ജോലി ഉപേക്ഷിച്ച ഇദ്ദേഹം സൗദിയില്‍ റഫറിമാരുടെ തലവനായി ചുമതലയേറ്റതോടെ അന്തിമ പട്ടികയില്‍ സ്ഥാനം നേടിയില്ല. ക്ലാറ്റന്‍ബര്‍ഗിന് പകരം മറ്റൊരാളെ ഉള്‍പ്പെടുത്തണമെന്ന ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യം ഫിഫ അംഗീകരിച്ചതുമില്ല.

fifaworldcuprussia

ഇപിഎല്‍ റഫറി ഹോവാര്‍ഡ് വെബ് ആയിരുന്നു നേരത്തെ 2010, 2014 ലോകകപ്പുകളില്‍ പ്രതിനിധീകരിച്ചിരുന്നത്. 2010ലെ ഫൈനല്‍ നിയന്ത്രിച്ചതും ഹോവാര്‍ഡ് ആയിരുന്നു. പ്രീമിയര്‍ ലീഗിലെ റഫറിമാര്‍ക്ക് നിലവാരം കുറവാണെന്ന ആരോപണം ശരിവെക്കുന്നതുകൂടിയായി 2018 ലോകകപ്പിലെ റഫറിമാരുടെ പട്ടിക.

അതേമയം, ഇത്തവണ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ റഷ്യയില്‍ കളി നിയന്ത്രിക്കാനെത്തും. യൂറോപ്യന്‍ രാജ്യങ്ങളിലേത് കൂടാതെ, ആറുപേര്‍ നോര്‍ത്ത്, സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും റഷ്യയിലെത്തുന്നുണ്ട്. 63 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയും ഫിഫ പുറത്തിറക്കി. തെരഞ്ഞെടുത്തവര്‍ക്ക് അടുത്തമാസം പ്രത്യേക പരിശീലനം നല്‍കും. റഷ്യയില്‍ ജൂണ്‍ പതിനാലിനാണ് ലോകകപ്പിന് തുടക്കമാവുക.

Story first published: Saturday, March 31, 2018, 9:24 [IST]
Other articles published on Mar 31, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍