തോല്‍പ്പിക്കാനാവില്ല മക്കളേ... മഹാരാഷ്ട്രയെയും തകര്‍ത്തു, ഹാട്രിക് ജയവുമായി കേരളം സെമിയില്‍

Posted By: Kishan
Kerala Maharashtra Match

ഹൗറ: 72ാമത് സന്തോഷ് ട്രാഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ഹാട്രിക് വിജയം കുറിച്ചു. ഗ്രൂപ്പ് എയിലെ തങ്ങളുടെ മൂന്നാമത്തെ മല്‍സരത്തില്‍ കരുത്തരായ മഹാരാഷ്ട്രയെയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ കേരളം മുക്കിയത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. ഇതോടെ കേരളം ഒരു മല്‍സരം ബാക്കിനില്‍ക്കെ സെമി ഫൈനലിലേക്ക് കുതിക്കുകയും ചെയ്തു. ഒന്നാംപകുതിയില്‍ തന്നെ രണ്ടു ഗോളുകളുടെ ലീഡുമായി വിജയമുറപ്പിച്ച കേരളം രണ്ടാംപകുതിയില്‍ ഒരു ഗോള്‍ കൂടി നേടി മഹാരാഷ്ട്ര വധം പൂര്‍ത്തിയാക്കുകയായിരുന്നു.

24ാം മിനിറ്റില്‍ രാഹുല്‍ രാജിലൂടെയാണ് കേരളം അക്കൗണ്ട് തുറക്കുന്നത്. 39ാം മിനിറ്റില്‍ എംഎസ് ജിതിന്‍ കേരളത്തിന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. 58ാം മിനിറ്റില്‍ കെപി രാഹുലാണ് കേരളത്തിന്റെ മൂന്നാം ഗോളിന് അവകാശിയായത്. കൡയുടെ ആദ്യ വിസില്‍ മുതല്‍ കേരളത്തിന്റെ ആധിപത്യമാണ് കണ്ടത്. മുന്‍ മല്‍സരങ്ങളിലേതു പോലെ ആക്രമണാത്മക ഫുട്‌ബോളിലൂടെ കേരളം എതിരാളികള്‍ക്കു മേല്‍ കത്തിക്കയറുന്നതാണ് കണ്ടത്. വികെ അഫ്ദല്‍, പിസി അനുരാഗ്, ജിതിന്‍ ഗോപാലന്‍ എന്നിവര്‍ക്കെല്ലാം കേരളത്തിനെ മുന്നിലെത്തിക്കാന്‍ അവസരം ലഭിച്ചെങ്കിലും മഹാരാഷ്ട്ര ഗോളി ആദിത്യ മിശ്രയെ മറികടക്കാനായില്ല.

24ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് കേരളം അര്‍ഹിച്ച ലീഡ് കണ്ടെത്തിയത്. അഫ്ദലിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ രാജ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പിന്നീട് രണ്ടു ഗോളുകള്‍ കൂടി നേടി കേരളം സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി. മറ്റൊരു മല്‍സരത്തില്‍ ചണ്ഡീഗഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി പശ്ചിമ ബംഗാളും സെമി ഫൈനലില്‍ എത്തിയിട്ടുണ്ട്.

ആദ്യമത്സരത്തില്‍ ചണ്ഡീഗഡിനെ 5-1നു തകര്‍ത്തു കൊണ്ട് അരങ്ങേറിയ കേരളം രണ്ടാമത്തെ മത്സരത്തില്‍ മണിപ്പൂരിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കശാപ്പ് ചെയ്തത്. മാര്‍ച്ച് 27ന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ കേരളം ആതിഥേയരായ പശ്ചിമ ബംഗാളിനെ നേരിടും. ഇതേ ദിവസം ഹൗറയില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്രയും മണിപ്പൂരും ഏറ്റുമുട്ടും.

Story first published: Sunday, March 25, 2018, 19:23 [IST]
Other articles published on Mar 25, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍