Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: വീണ്ടും കലമുടച്ച് സൗത്താഫ്രിക്ക!! അലെന്‍ ഷോ!! കിവികള്‍ക്ക് ഫൈനല്‍ ടിക്കറ്റ്

കൊല്‍ക്കത്ത: ഐസിസി ടൂര്‍ണമെന്റുകളില്‍ പലപ്പോഴും പടിക്കല്‍ കലമുടയ്ക്കാറുള്ള സൗത്താഫ്രിക്ക ഇത്തവണത്തെ ടി20 ലോകകപ്പിനും പതിവു തെറ്റിച്ചില്ല. ഒരു കളി പോലും തോല്‍ക്കാതെ ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോമില്‍ കളിച്ച അവര്‍ക്കു കളി കാര്യമായപ്പോള്‍ എല്ലാം പിഴച്ചു.

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡിനോടു ഒമ്പതു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റി വാങ്ങി അവര്‍ പുറത്തായി. ഇതോടെ കിവികള്‍ ഞായറാഴ്ചത്തെ കലാശപ്പോരിനും ടിക്കറ്റെടുത്തു. തുടക്കം മുതല്‍ സൗത്താഫ്രിക്കയ്ക്കു തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് സെമിയില്‍ കണ്ടത്.

FIN ALLEN T20 WC 2026

റണ്‍ചേസിങിനു പേരുകേട്ട ഈഡനില്‍ 170 റണ്‍സിന്റെ വിജയലക്ഷ്യം മാത്രമേ കിവികള്‍ക്കു നല്‍കിയുള്ളൂ. തുടക്കത്തില്‍ തന്നെ രണ്ടോ, മൂന്നോ വിക്കറ്റുകളെടുത്താല്‍ മാത്രമേ ഈ മല്‍സരത്തില്‍ സൗത്താഫ്രിക്കയ്ക്കു സാധ്യതയുണ്ടായിരുന്നുള്ളൂ.

എന്നാല്‍ ഫിന്‍ അലെന്റെ (33 ബോളില്‍ 100*) റെക്കോര്‍ഡ് സെഞ്ച്വറി വെറും 12.5 ഓവറില്‍ ഒരു വിക്കറ്റിനു ന്യൂസിലാന്‍ഡിനെ ലക്ഷ്യത്തിലെത്തിച്ചു. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടിയാണിത്. 10 ഫോറും എട്ടു സിക്‌സറും അലെന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഓപ്പണിങ് ജോടികളായ അലെനും ടിം സെയ്‌ഫേര്‍ട്ടും ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ കളി സൗത്താഫ്രിക്കയില്‍ നിന്നും വഴുതി പോയി. വെറും 9.1 ഓവറില്‍ 117 റണ്‍സാണ് ഇരുവരും വാരിക്കൂട്ടിയത്. സെയ്‌ഫേര്‍ട്ട് 33 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടക്കം 58 റണ്‍സും നേടി ക്രീസ് വിട്ടു.

രക്ഷകനായി യാന്‍സണ്‍

ആദ്യം ബാറ്റിങിനു ഇറങ്ങിയ സൗത്താഫ്രിക്കയ്ക്കു വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ 150 റണ്‍സ് പോലും തികയ്ക്കുമോയെന്നതു സംശയമായിരുന്നു. 11 ഓവറാവുമ്പോഴേക്കും സൗത്താഫ്രിക്ക അഞ്ചു വിക്കറ്റിനു 77 റണ്‍,സിലേക്കു കൂപ്പുകുത്തി.

എന്നാല്‍ ആറാം വിക്കറ്റില്‍ മാര്‍ക്കോ യാന്‍സണ്‍- ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ജോടി 73 റണ്‍സിന്റെ കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. 47 ബോളുകളിലാണിത്. ടീ ടോട്ടല്‍ 150ല്‍ വച്ചാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. പുറത്താവാതെ 55 റണ്‍സെടുത്ത യാന്‍സണാണ് സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കേററര്‍. അഞ്ചു സിക്‌സറും രണ്ടു ഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു.

MARCO JANSEN T20 WC 2026

ഡെവാള്‍ഡ് ബ്രെവിസ് (34), സ്റ്റബ്‌സ് (29) എന്നിവരാണ് സൗത്താഫ്രിക്കന്‍ നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു രണ്ടു പേര്‍. കിവികള്‍ക്കായി മാറ്റ് ഹെന്‍ട്രി, കോള്‍ മക്കോഞ്ചി, രചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് ലഭിച്ച ന്യൂസിലാന്‍ഡ് നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ ബൗളിങ് തിരഞ്ഞെടുക്കുകയയായിരുന്നു. അവസാന സൂപ്പര്‍ എട്ട് മല്‍സരത്തില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് സൗത്താഫ്രിക്ക ഇറങ്ങിയത്. ന്യൂസിലാന്‍ഡാവട്ടെ രണ്ടു മാറ്റങ്ങളും വരുത്തി.

ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ത്തത്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ശക്തി പരീക്ഷിച്ചപ്പോള്‍ കിവികളെ തകര്‍ത്തെറിയാന്‍ സൗത്താഫ്രിക്കയ്ക്കായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് അവര്‍ ആഘോഷിച്ചത്.

നേരത്തേ ഗ്രൂപ്പുഘട്ടത്തിലെ നാലു മല്‍സരങ്ങളും ജയിച്ചാണ് സൗത്താഫ്രിക്ക സൂപ്പര്‍ എട്ടിലേക്കു കുതിച്ചത്. അവിടെയും സൗത്താഫ്രിക്കയെ പൂട്ടാന്‍ ആര്‍ക്കുമായില്ല. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവരെയെല്ലാം തുരത്തി അവര്‍ സെമിയിലും കടന്നു.

എന്നാല്‍ ന്യൂസിലാന്‍ഡാവട്ടെ സൗത്താഫ്രിക്കയുള്‍പ്പെട്ട ഗ്രൂപ്പ് ഡിയിയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റ് വാങ്ങിയത്. പക്ഷെ അവിടെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ കിവികള്‍ ജയിച്ചത് ഒന്നില്‍ മാത്രം.

പാകിസ്താനുമായുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ ജയം സ്വന്തമാക്കി. പക്ഷെ അവസാന കളിയില്‍ ഇംഗ്ലണ്ടിനോടു തോറ്റു. എങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് ന്യൂസിലാന്‍ഡിനു സെമിയില്‍ ഇടം നേടിക്കൊടുത്തു.

സെമിയിലെ 11

സൗത്താഫ്രിക്ക- ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കെല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി.

ന്യൂസിലാന്‍ഡ്-ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലെന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചെല്‍, ജെയിംസ് നീഷാം, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കോള്‍ മക്കോഞ്ചി, മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസണ്‍.

Story first published: Wednesday, March 4, 2026, 17:11 [IST]
Other articles published on Mar 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+