മറഡോണയെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ യുഗാരംഭം... ഇറ്റലിയുടെ മൂന്നാം കിരീടവും...

Posted By: Mohammed shafeeq ap

മുഹമ്മദ് ഷഫീഖ്

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രവും വിശേഷങ്ങളുമായി എത്തുകയാണ് കളിയെഴുത്തുകാരനായ ലേഖകന്‍.

പെലെയോടൊപ്പം ലോക ഫുട്‌ബോളിലെ ഇതിഹാസ പട്ടികയില്‍ ഇനിയാരെങ്കിലും ഇടംപിടിക്കുമോയെന്ന ചോദ്യത്തിന് ഉത്തരമായിരുന്നു 1980 കാലഘട്ടത്തിന്റെ തുടക്കത്തിലൂടെ ലഭിച്ചത്. അര്‍ജന്റീനക്കാരുടെയും ഫുട്‌ബോള്‍ പ്രേമികളുടെയും വികാരമായി ഡീഗോ മറഡോണയെന്ന ഇതിഹാസം കളിക്കളത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത കാലഘട്ടമായിരുന്നു 1977 മുതല്‍ 1994 വരെയുള്ളത്. കാല്‍പന്ത് കളിയുടെ രാജാവായിരുന്ന പെലെയ്‌ക്കൊപ്പം മറഡോണയുടെയും പേരെഴുതി ചേര്‍ക്കുന്നതിനും ഫുട്‌ബോള്‍ ലോകം സാക്ഷ്യംവഹിച്ചത് 20ാം നൂറ്റാണ്ടിലായിരുന്നു. നാല് തവണ ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കു വേണ്ടി ബൂട്ടുകെട്ടിയ ഇതിഹാസമാണ് മറഡോണ. 1982, 1986, 1990, 1994 ലോകകപ്പുകളിലാണ് മറഡോണ അര്‍ജന്റീനയ്ക്കു വേണ്ടി കളത്തിലിറങ്ങിയത്. ഇതില്‍ 1986ല്‍ അര്‍ജന്റീനയെ ലോക ചാംപ്യന്‍മാരാക്കാനും മറഡോണയ്ക്ക് കഴിഞ്ഞു.


നിരാശപ്പെടുത്തി അര്‍ജന്റീനയും ബ്രസീലും... സ്‌പെയിനില്‍ അസൂറി ചിരി...

1982ലെ സ്‌പെയിന്‍ ലോകകപ്പ് ഇറ്റാലിയന്‍ പടയോട്ടത്തിലൂടെയാണ് അവസാനിച്ചത്. സ്‌പെയിനില്‍ അരങ്ങേറിയ 12ാമത് ഫിഫ ലോകകപ്പ്. 16ല്‍ നിന്ന് 24 ടീമുകളിലേക്ക് ഫിഫ ലോകകപ്പ് മാറിയത് സ്പാനിഷ് ലോകകപ്പിലൂടെയായിരുന്നു. അതുവരെ 13 ഉം 16 ഉം ടീമുകളാണ് ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ മല്‍സരിച്ചിരുന്നത്. നിലവിലെ ചാംപ്യന്‍മാരെന്ന ഖ്യാതിയുമായെത്തിയ അര്‍ജന്റീന നിരാശപ്പെടുത്തിയ ലോകകപ്പ് കൂടിയായിരുന്നു സ്‌പെയിനിലേത്. രണ്ടാംറൗണ്ടില്‍ തന്നെ പുറത്താവാനായിരുന്നു അര്‍ജന്റീനയുടെ വിധി. മറഡോണയുടെ ആദ്യ ഫിഫ ലോകകപ്പ് കൂടിയായിരുന്നു ഇത്.

diego

ഗ്രൂപ്പ് ഒന്നില്‍ പോളണ്ടിനു പിറകിലായി രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി രണ്ടാം റൗണ്ടിലിടം പിടിച്ചത്. ഗ്രൂപ്പ് രണ്ടില്‍ മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ജര്‍മനി തലപ്പത്തെത്തിയപ്പോള്‍ ഗ്രൂപ്പ് മൂന്നില്‍ ബെല്‍ജിയത്തിനു പിറകിലായി രണ്ടാം സ്ഥാനക്കാരായി അര്‍ജന്റീനയും രണ്ട് റൗണ്ടിലേക്ക് ടിക്കറ്റെടുത്തു. ഗ്രൂപ്പ് ആറില്‍ ഒന്നാംസ്ഥാനക്കാരായായിരുന്നു മുന്‍ ചാംപ്യന്‍മാരായ ബ്രസീലിന്റെ മുന്നേറ്റം. പക്ഷേ, ബ്രസീലും അര്‍ജന്റീനയും ഇറ്റലിയും ഉള്‍പ്പെട്ടത് ഒരേ ഗ്രൂപ്പില്‍ ഇതോടെ ഗ്രൂപ്പ് സി മരണഗ്രൂപ്പായി മാറി. ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനയെ 2-1ന് പരാജയപ്പെടുത്തിയ അസൂറിപ്പട ശക്തരായ ബ്രസീലിനെയും 3-2ന് മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ബ്രസീല്‍ അര്‍ജന്റീന ക്ലാസിക്കില്‍ മഞ്ഞപ്പട 3-1ന് വെന്നിക്കൊടി നാട്ടുകയും ചെയ്തു. വെളുത്ത പെലെ എന്നറിയപ്പെടുന്ന ബ്രസീലിയന്‍ ഇതിഹാസം സീക്കോ മികച്ച ഫോമിലായിരുന്ന ലോകകപ്പായിട്ടും ബ്രസീലിന് സെമി കാണാന്‍ കഴിഞ്ഞില്ല. മറഡോണയുടെ അരങ്ങേറ്റ ലോകകപ്പില്‍ രണ്ടാംറൗണ്ടിലെ രണ്ടു മല്‍സരങ്ങളിലും തോറ്റ് പുറത്താവാനായിരുന്നുു അര്‍ജന്റീനയുടെ വിധി. സെമിയില്‍ ഇറ്റലി 2-0ന് പോളണ്ടിനെയും വെസ്റ്റ് ജര്‍മനി പെനാല്‍റ്റിയിലൂടെ 5-4ന് ഫ്രാന്‍സിനെയും മറികടന്ന് കലാശപ്പോരില്‍ ഏറ്റുമുട്ടി. കിരീടപ്പോരില്‍ ഇറ്റലി 3-1ന് വെസ്റ്റ് ജര്‍മനിയെ പരാജയപ്പെടുത്തുകയായിരുന്നു. ലോകകിരീടത്തില്‍ ഇറ്റലി മൂന്നാം തവണയും ചുംബിച്ച ലോകകപ്പായിരുന്നു സ്‌പെയിനിലേത്. പൗലോ റോസ്സിയുടെ മിന്നുന്ന പ്രകടനമാണ് ഇറ്റലിയെ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരാക്കിയത്. ആറ് ഗോള്‍ നേടി ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ടും അതോടൊപ്പം മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും റോസ്സി സ്വന്തമാക്കി. രണ്ടാം ലോകകപ്പില്‍ സീക്കോ നാല് ഗോള്‍ നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ നിന്ന് രണ്ട് ഗോളായിരുന്നു അരങ്ങേറ്റ ലോകകപ്പില്‍ മറഡോണ നേടിയത്.


(പരമ്പര തുടരും.. പരമ്പര 9. ദൈവത്തിന്റെ കൈയും, നൂറ്റാണ്ടിലെ ഗോളും... മറഡോണയും അര്‍ജന്റീനയും അവിസ്മരണീയമാക്കിയ 1986ലെ മെക്‌സിക്കോ ലോകകപ്പ്...)


Story first published: Monday, May 14, 2018, 17:29 [IST]
Other articles published on May 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍