ആതിഥേയത്വം കിരീട നേട്ടത്തിലൂടെ ആഘോഷിച്ച് വെസ്റ്റ് ജര്‍മനിയും അര്‍ജന്റീനയും...

Posted By: Mohammed shafeeq ap

മുഹമ്മദ് ഷഫീഖ്

'ഫിഫ ലോകകപ്പ് ചരിത്രത്താളുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം' കളിയെഴുത്തുകാരനായ മുഹമ്മദ് ഷഫീഖിന്‍റെ കോളം

ഫിഫ ലോകകപ്പ് കിരീടം ആതിഥേയര്‍ തന്നെ മുത്തമിട്ട വര്‍ഷമായിരുന്നു 1974, 1978 വര്‍ഷങ്ങളിലേത്. ആതിഥേയരായ വെസ്റ്റ് ജര്‍മനി ഫിഫ ലോകകപ്പില്‍ രണ്ടാം തവണയും ജേതാക്കളായത് 1974 ടൂര്‍ണമെന്റിലായിരുന്നു. 1954ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ലോകകപ്പിലാണ് ജര്‍മനി ആദ്യമായി ഫുട്‌ബോള്‍ ചാംപ്യന്‍മാരായത്.

എന്നാല്‍, ലോകത്ത് ഫുട്‌ബോള്‍ ആരാധകരില്‍ മുന്‍പന്തിയിലുള്ള അര്‍ജന്റീനയുടെ ആദ്യ ഫിഫ ലോക കിരീടം നേട്ടമായിരുന്നു 1978 ലേത്. അര്‍ജന്റീന ആദ്യമായും അവസാനമായും ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പ് കൂടിയായിരുന്നു അത്. 1978നു ശേഷം ഇതുവരെ അര്‍ജന്റീിനയ്ക്ക് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഈ രണ്ട് ലോകകപ്പിലും കിരീടം കൈയെത്തും ദൂരത്ത് നിന്ന് നഷ്ടപ്പെട്ട ടീമാണ് ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളായി അറിയപ്പെടുന്ന ഹോളണ്ട്.

worldcup

1990 വരെ ജര്‍മനി വെസ്റ്റ് ജര്‍മനി, ഈസ്റ്റ് ജര്‍മനി എന്നീ രണ്ട് രാജ്യങ്ങളായിട്ടായിരുന്നു. പിന്നീട് 1990ലോടെയാണ് ഇരു രാജ്യങ്ങളും ഒന്നായതും ജര്‍മനി ആയി മാറിയതും. ഇതോടെ വെസ്റ്റ് ജര്‍മനി നേടിയ കിരീടങ്ങള്‍ ജര്‍മനിയുടെ അക്കൗണ്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. 1950ലെ ബ്രസീല്‍ ലോകകപ്പില്‍ മാത്രമാണ് ജര്‍മനിക്ക് ഫിഫ ലോകകപ്പില്‍ കളിക്കാന്‍ കഴിയാതെ പോയത്. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ജര്‍മനിയെ ബ്രസീല്‍ ലോകകപ്പില്‍ നിന്ന് വിലക്കുകയായിരുന്നു. വെസ്റ്റ് ജര്‍മനി ആതിഥേയത്വം വഹിച്ച 1974 ലോകകപ്പില്‍ മാത്രമാണ് ഈസ്റ്റ് ജര്‍മനിക്ക് ഫിഫ ലോകകപ്പില്‍ യോഗ്യത നേടാനായത്.

ഗ്രൂപ്പ് സ്റ്റേജ്, രണ്ടാം റൗണ്ട്, രണ്ടാം റൗണ്ടിലെ ഗ്രൂപ്പ് എയിലും ബിയിലും ഒന്നാം സ്ഥാനത്തെത്തുന്നവര്‍ തമ്മിലുള്ള ഫൈനല്‍ എന്നിങ്ങനെയുള്ള ഘടനയിലാണ് 10ാമത് ഫിഫ ലോകകപ്പ് വെസ്റ്റ് ജര്‍മനിയില്‍ സംഘടിപ്പിച്ചത്.

FIFA

ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് വെസ്റ്റ് ജര്‍മനി ഗ്രൂപ്പ് രണ്ടിലേക്ക് മുന്നേറിയത്. ഈസ്റ്റ് ജര്‍മനിയായിരുന്നു ഗ്രൂപ്പില്‍ തലപ്പത്ത്. ഫിഫ ലോകകപ്പില്‍ ജര്‍മനികള്‍ തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലിനും ഫുട്‌ബോള്‍ ലോകം അന്ന് സാക്ഷ്യംവഹിച്ചു. ജര്‍മന്‍ പോരില്‍ വെസ്റ്റ് ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് ഈസ്റ്റ് ജര്‍മനി പരാജയപ്പെടുത്തുകയായിരുന്നു. ആദ്യറൗണ്ടില്‍ ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് രണ്ടാം റൗണ്ടിലെ ഗ്രൂപ്പ് എയിലും ഗ്രൂപ്പ് ബിയിലും ഇടംപിടിക്കുന്നത്.


ഗ്രൂപ്പ് എയിലേക്ക് നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍, ഹോളണ്ട്, ഈസ്റ്റ് ജര്‍മനി, അര്‍ജന്റീന എന്നിവരാണ് യോഗ്യത നേടിയത്. ഗ്രൂപ്പ് ബിയിലേക്ക് ആതിഥേയരായ വെസ്്റ്റ് ജര്‍മനി, പോളണ്ട്, സ്വീഡന്‍്, യുഗോസ്ലാവാക്യ എന്നിവരും യോഗ്യത നേടി. ബ്രസീലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഹോളണ്ട് ഗ്രൂപ്പ് എയില്‍ നിന്നും പോളണ്ടിനെ പിറകിലാക്കി ഗ്രൂപ്പ് ബിയില്‍ നിന്ന് വെസ്റ്റ് ജര്‍മനിയും കലാശപ്പോരാട്ടത്തിന് യോഗ്യത നേടുകയായിരുന്നു. കിരീടപ്പോരില്‍ ഹോളണ്ടിനെ 1-2ന് തോല്‍പ്പിച്ച്് ഫിഫ ലോകകപ്പില്‍ രണ്ടാം തവണയും വെസ്റ്റ് ജര്‍മനി കിരീടം ചൂടുകയും ചെയ്തു. ബ്രസീലിനെ 0-1ന് മറികടന്ന് പോളണ്ട് ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരായി. ഏഴു ഗോള്‍ നേടിയ പോളണ്ടിന്റെ ഗ്രിഗോര്‍സ് ലാറ്റോയ്ക്കായിരുന്നു ഗോള്‍ഡന്‍ ബൂട്ട്. പോളണ്ടിന്റെ തന്നെ ആന്റോണി സ്മുഡയായിരുന്നു ടൂര്‍ണമെന്റിലെ മികച്ച യുവതാരം.

FIFA

വാമോസ് അര്‍ജന്റീന...


ലാറ്റിനമേരിക്കയില്‍ നിന്ന് ലോക ഫുട്‌ബോളിന്റെ നെറുകേയിലേക്ക് അര്‍ജന്റീന ജൈത്രയാത്ര നടത്തിയ ഫിഫ ലോകകപ്പായിരുന്നു 1978ലേത്. തങ്ങളുടെ നാട്ടില്‍ ആദ്യമായി വിരുന്നെത്തിയ ഫിഫ ലോകകപ്പില്‍ മുത്തമിട്ടാണ് അര്‍ജന്റീന ഫുട്‌ബോള്‍ ലോകത്തെ സിംഹാസനത്തില്‍ ചരിത്രത്തിലാദ്യമായി ഇരിപ്പിടം കണ്ടെത്തിയത്. ലാറ്റിനമേരിക്കയില്‍ നിന്ന് കിരീടം നേടുന്ന മൂന്നാമത്തെ രാജ്യം കൂടിയായിരുന്നു അര്‍ജന്റീന, ഉറുഗ്വേ, ബ്രസീല്‍ എന്നിവരാണ് അര്‍ജന്റീനയ്ക്കു മുമ്പ് ഫിഫ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയത്. 1974ലെ ടൂര്‍ണമെന്റിന് സമാനമായ ഫോര്‍മാറ്റിലാണ് അര്‍ജന്റീന ലോകകപ്പും അരങ്ങേറിയത്. ഗ്രൂപ്പ് ഒന്നില്‍ ഇറ്റലിക്കു പിറകിലായി രണ്ടാം സ്ഥാനക്കാരായാണ് അര്‍ജന്റീന രണ്ടാം റൗണ്ടിലെത്തിയത്. രണ്ടാം റൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ മൂന്നു തവണ ജേതാക്കളായ ബ്രസീല്‍, പോളണ്ട്, പെറു എന്നിവരായിരുന്നു അര്‍ജന്റീനയുടെ എതിരാളികള്‍. ഗ്രൂപ്പില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും അഞ്ച് പോയിന്റ് വീതമാണ് ലഭിച്ചത്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ ബ്രസീലിനെ പിന്തള്ളി അര്‍ജന്റീന ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു. ഗ്രൂപ്പില്‍ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ വന്ന ക്ലാസിക്ക് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടാംറൗണ്ടിലെ ഗ്രൂപ്പ് എയില്‍ നിന്ന് മുന്‍ ചാപ്യന്‍മാരായ ഇറ്റലിയെ പിന്തള്ളിയാണ് ഹോളണ്ട് ഫൈനലിലേക്ക് മുന്നേറിയത്.

നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ അര്‍ജന്റീന-ഹോളണ്ട് കലാശപ്പോര് അധികസമയത്തേക്ക് നീണ്ടു. അധികസമയത്ത് രണ്ട് ഗോള്‍ നേടിയ അര്‍ജന്റീന 3-1ന് ഹോളണ്ടിനെ തകര്‍ത്ത് കിരീടത്തില്‍ ആദ്യമായി ചാംപ്യന്‍ മുത്തം നല്‍കുകയായിരുന്നു. ആറ് ഗോള്‍ നേടിയ അര്‍ജന്റീനയുടെ മരിയോ ആല്‍ബെര്‍ട്ടോ കെംപസിനാണ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ലഭിച്ചത്. ഇറ്റലിയുടെ ആന്റോണിയോ കബ്രീനി ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ ഇറ്റലിയെ 1-2ന് തോല്‍പ്പിച്ച് ബ്രസീല്‍ മൂന്നാം സ്ഥാനം നേടി.

Story first published: Saturday, May 12, 2018, 15:32 [IST]
Other articles published on May 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍