മറഡോണ ഇതിഹാസം രചിച്ച ലോകകപ്പ്... അര്‍ജന്റീനയുടെ രണ്ടാം ലോക കിരീടവും...

Posted By: Mohammed shafeeq ap

മുഹമ്മദ് ഷഫീഖ്

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രവും വിശേഷങ്ങളുമായി എത്തുകയാണ് കളിയെഴുത്തുകാരനായ ലേഖകന്‍.

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ചിറകിലേറി അര്‍ജന്റീന അവിസ്മരണീയമാക്കിയ ഫിഫ ലോകകപ്പായിരുന്നു 1986ല്‍ മെക്‌സിക്കോയില്‍ അരങ്ങേറിയത്. മറഡോണയെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ പല ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കും മെക്‌സിക്കോയില്‍ നടന്ന 13ാമത് ഫിഫ ലോകകപ്പ് സാക്ഷ്യംവഹിച്ചു. തന്റെ കരിയറിലെ രണ്ടാം ലോകകപ്പിന് മറഡോണ എത്തിയത് അര്‍ജന്റീനയുടെ നായകനായിട്ടായിരുന്നു. മറഡോണയുടെ ഇതിഹാസ മികവില്‍ ലോകകപ്പില്‍ രണ്ടാം തവണും മുത്തമിട്ടാണ് അര്‍ജന്റീന മെക്‌സിക്കോയോട് വിടപറഞ്ഞത്.

fifa

ഈ ലോകകപ്പില്‍ മറഡോണ നേടിയ രണ്ട് ഗോളുകള്‍ ഇന്നും ചരിത്രത്താളുകളില്‍ മാഴാതെ നില്‍ക്കുകയാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ മറഡോണ നേടിയ രണ്ട് ഗോളുകളാണ് ചരിത്രമായത്. മല്‍സരത്തില്‍ കൈകൊണ്ട് തട്ടിയിട്ടായിരുന്നു മറഡോണ ആദ്യ ഗോള്‍ നേടിയത്. ഇത് റഫറിയുടെ കണ്ണില്‍പെടാതെ പോവുകയും ചെയ്തു. ഇതോടെ ആ ഗോളിനെ ദൈവത്തിന്റെ കൈ എന്ന പേരിലാണ് ഫുട്‌ബോള്‍ ലോകം വിളിച്ചത്. ആ മല്‍സരത്തില്‍ തന്നെ മറഡോണ നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായും വിശേഷിപ്പിക്കപ്പെട്ടു. ഇംഗ്ലണ്ടിന്റെ ആറ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടിയാണ് മറഡോണ നൂറ്റാണ്ടിന്റെ ഗോള്‍ നേടിയത്.


24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ഗ്രൂപ്പ് എയില്‍ ഇടംപിടിച്ച അര്‍ജന്റീനയുടെ എതിരാളികള്‍ നിലവിലെ ചാംപ്യന്‍മാരായ ഇറ്റലി, ബള്‍ഗേറിയ, ദക്ഷിണ കൊറിയ എന്നിവരായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ അഞ്ച് പോയിന്റുമായി ഗ്രൂപ്പ് എ ചാംപ്യന്‍മാരായാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അര്‍ജന്റീനയും ഇറ്റലിയും തമ്മില്‍ നടന്ന ക്ലാസിക്ക് പോരാട്ടം 1-1ന് അവസാനിക്കുകയായിരുന്നു. മറഡോണയുടെ വകയായിരുന്നു മല്‍സരത്തിലെ സമനില ഗോള്‍. ടൂര്‍ണമെന്റിലെ ഗ്രൂപ്പ്ഘട്ടത്തില്‍ മറഡോണയുടെ ഏക ഗോള്‍ കൂടിയായിരുന്നു ഇത്. അര്‍ജന്റീന, ഇറ്റലി എന്നിവര്‍ക്കു പുറമേ മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍, ഉറുഗ്വേ, ഇംഗ്ലണ്ട്, വെസ്റ്റ് ജര്‍മനി എന്നിവരെല്ലാം പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു.

അവസാന 16ല്‍ നിന്ന് നാലിലേക്ക്...


പ്രീക്വാര്‍ട്ടറില്‍ മുന്‍ ജേതാക്കളായ ഉറുഗ്വേയായിരുന്നു അര്‍ജന്റീനയുടെ എതിരാളി. 42ാം മിനിറ്റില്‍ പെഡ്രോ പാബ്ലോ പസ്‌കുല്ലി നേടിയ ഏക ഗോളിലൂടെ അര്‍ജന്റീന ഉറുഗ്വേയെ മറികടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയുടെ എതിരാളികളായപ്പോള്‍ ബ്രസീല്‍ ഫ്രാന്‍സുമായും വെസ്റ്റ് ജര്‍മനി മെക്‌സിക്കോയുമായും സ്‌പെയിന്‍ ബെല്‍ജിയവുമായും ഏറ്റുമുട്ടി. ലോക ചരിത്രത്തില്‍ ഇടംപിടിച്ച ഗോളുകളുമായി മറഡോണ ഹീറോയായപ്പോള്‍ അര്‍ജന്റീന 2-1ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ പിറക്കാതെ വന്നതോടെ ഷൂട്ടൗട്ടിലൂടെ മെക്‌സിക്കോയെ 1-4ന് മറികടന്ന് വെസ്റ്റ് ജര്‍മനിയും സെമിഫൈനലിലെത്തി. എന്നാല്‍, നിശ്ചിത സമയത്തും അധികസമയത്തും 1-1ന് തുല്ല്യത പാലിച്ചതോടെ ബ്രസീല്‍-ഫ്രാന്‍സ് പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ സോക്രട്ടീസും ജൂലിയോ സെസാറും കിക്ക് പാഴാക്കിയതോടെ മഞ്ഞപ്പട 3-4ന് ഫ്രാന്‍സിനോട് തോല്‍ക്കുകയും സെമി കാണാതെ പുറത്താവുകയുമായിരുന്നു. ഇതിഹാസം താരമായിട്ടും തന്റെ കീഴില്‍ ബ്രസീലിനെ ലോക ജേതാക്കളാക്കാന്‍ കഴിയാതെ ഫിഫ ലോകകപ്പിനോട് സീക്കോയ്ക്ക് വിടപറയേണ്ടിവന്നു. മൂന്നു ലോകകപ്പുകളിലാണ് സീക്കോ മഞ്ഞപ്പടയ്ക്കു വേണ്ടി കളത്തിലിറങ്ങിയത്. ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ 4-5ന് തോല്‍പ്പിച്ച് ബെല്‍ജിയവും ടൂര്‍ണമെന്റിലെ അവസാന നാലില്‍ ഇടംപിടിച്ചു.

fifa


കിരീടം ഉയര്‍ത്തി മറഡോണ... ഒപ്പം ഗോള്‍ഡന്‍ ബോളും...


സെമിയില്‍ അര്‍ജന്റീന ബെല്‍ജിയത്തെയും വെസ്റ്റ് ജര്‍മനി ഫ്രാന്‍സിനെയുമാണ് നേരിട്ടത്. ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് വെസ്റ്റ് ജര്‍മനിയാണ് ടൂര്‍ണമെന്റിലെ കലാശപ്പോരിനുള്ള ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി മറഡോണ മിന്നിയപ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയത്തെ തോല്‍പ്പിച്ച് കിരീടപ്പോരിലേക്ക് യോഗ്യത നേടി. വാശിയേറിയ കലാശപ്പോരില്‍ വെസ്റ്റ് ജര്‍മനിയെ 2-3ന് മറഡോണ നയിക്കുന്ന അര്‍ജന്റീന പരാജയപ്പെടുത്തുകയായിരുന്നു. ഫൈനലില്‍ ജോസ് ലൂയിസ് ബ്രൗണ്‍, ഫ്രാന്‍സിസ്‌കോ വാല്‍ഡാനോ, ലൂയിസ് ബുറച്ചങ്ക എന്നിവരാണ് അര്‍ജന്റീനയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.

റുമെനിഗ്ഗെ, വോളര്‍ എന്നിവരാണ് വെസ്റ്റ് ജര്‍മനിക്കു വേണ്ടി ഗോളുകള്‍ തിരിച്ചടിച്ചത്. കിരീടത്തോടൊപ്പം ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയാണ് മറഡോണയും സംഘവും മെക്‌സിക്കോയോട് ഗുഡ്‌ബൈ പറഞ്ഞത്. ഒരു ഗോളിന്റെ വ്യത്യാസത്തിലാണ് മറഡോണയ്ക്ക് ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് നഷ്ടമായത്. അഞ്ച് ഗോളുകളാണ് ടൂര്‍ണമെന്റില്‍ ഇതിഹാസ താരം നേടിയത്. ആറ് ഗോള്‍ നേടിയ ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കറാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.

Story first published: Tuesday, May 15, 2018, 16:00 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍