പ്രീമിയര്‍ ലീഗ് കലാശക്കൊട്ടില്‍ ചെല്‍സിക്ക് ഷോക്ക്; 100 തികച്ച് മാഞ്ചസ്റ്റര്‍ സിറ്റി

Posted By: Mohammed shafeeq ap

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കലാശക്കൊട്ടില്‍ കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ ചെല്‍സിക്ക് അടിതെറ്റിയപ്പോള്‍ നിലവിലെ കിരീടവിജയികളായ മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ആഴ്‌സനല്‍, ടോട്ടന്‍ഹാം ഹോട്‌സ്പര്‍ എന്നിവര്‍ വിജയത്തോടെ സീസണിന് തിരശ്ശീലയിട്ടു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ന്യൂകാസില്‍ യുനൈറ്റഡാണ് ചെല്‍സിയെ ഞെട്ടിച്ചത്.

സീസണിലെ ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെല്‍സിയുടെ അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ് യോഗ്യതാ മോഹവും അവസാനിച്ചു. ചെല്‍സിക്കെതിരേ ന്യൂകാസിലിനു വേണ്ടി അയോസ് പെരസ് ഇരട്ട ഗോളും ഡ്വിറ്റ് ഗെയ്ല്‍ ഒരു തവണയും നിറയൊഴിച്ചു. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ ഗബ്രിയേല്‍ ജീസസാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. ഇതോടെ സീസണില്‍ ലീഗില്‍ 100 പോയിന്റെന്ന അപൂര്‍വ്വ നേട്ടം കൈവരിക്കാനും പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിക്ക് കഴിഞ്ഞു.

epl

പ്രീമിയര്‍ ലീഗ് സീസണില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമെന്ന റെക്കോഡ് 37ാം റൗണ്ട് മല്‍സരത്തിലെ വിജയത്തോടെ സിറ്റി സ്വന്തമാക്കിയിരുന്നു. കൂടാതെ രണ്ടാം സ്ഥാനക്കാരായ ടീമുമായുള്ള പോയിന്റ് അകലം, ഗോള്‍ വ്യത്യാസം, സീസണില്‍ കൂടുതല്‍ വിജയം, എവേ വിജയം, തുടര്‍ച്ചയായ വിജയം എന്നിങ്ങനെയുള്ള പല പ്രീമിയര്‍ ലീഗ് റെക്കോഡുകളും സിറ്റി കുറിച്ചത് ഈ സീസണിലായിരുന്നു. ഹോംഗ്രൗണ്ടില്‍ വച്ച് നേരത്തെ തന്നെ സിറ്റി സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം ഏറ്റുവാങ്ങിയിരുന്നു. വ്യത്യസ്ഥ ക്ലബ്ബുകളുടെ പരിശീലകനായിട്ടുള്ള ഗ്വാര്‍ഡിയോളയ്ക്ക് ആദ്യമായാണ് ഒരു സീസണില്‍ തന്റെ ക്ലബ്ബിനെ 100 പോയിന്റിലെത്തിക്കാനായത്.

arsenewenger

വെങറിന്റെ പടിയിറക്കം ആഴ്‌സനലിന്റെ വിജയത്തോടെ; ലിവര്‍പൂളും മിന്നി


നീണ്ട 22 വര്‍ഷത്തെ ആഴ്‌സനല്‍ പരിശീലകസ്ഥാനത്തുനിന്ന് ആഴ്‌സന്‍ വെങര്‍ പടിയിറങ്ങി. ആഴ്‌സനലിനെ നിരവധി കിരീടവിജയങ്ങളിലെത്തിച്ച വെങറിന് ഗംഭീര യാത്രയയപ്പാണ് ടീമും ആരാധകരും നല്‍കിയത്. വെങറിന്റെ കീഴിലെ അവസാന മല്‍സരത്തില്‍ വെന്നിക്കൊടി നാട്ടിയാണ് ആഴ്‌സനല്‍ പ്രിയ പരിശീലകനെ യാത്രയാക്കിയത്. ഹഡേഴ്‌സ്ഫീല്‍ഡിനെയാണ് സീസണിലെ അവസാന മല്‍സരത്തില്‍ ഗണ്ണേഴ്‌സ് പരാജയപ്പെടുത്തിയത്. 37ാം മിനിറ്റില്‍ പിയറെ എമെറിക് ഓബമെയാങ് നേടിയ ഒരറ്റ ഗോളിലൂടെയാണ് ആഴ്‌സനലിന്റെ വിജയം.

അതേസമയം, ലിവര്‍പൂള്‍ നാല് ഗോളുകള്‍ക്ക് ബ്രൈറ്റണിനെ തകര്‍ക്കുകയായിരുന്നു. മുഹമ്മദ് ഷലാ (26ാം മിനിറ്റ്), ദെയാന്‍ ലോവ്‌റന്‍ (40), ഡൊമിനിക്ക് സോളങ്കി (53), ആന്‍ഡ്രു റോബേര്‍ട്ട്‌സന്‍ (85) എന്നിവരാണ് ലിവര്‍പൂളിനു വേണ്ടി സ്‌കോര്‍ ചെയ്തത്. 34ാം മിനിറ്റില്‍ മാര്‍കസ് റഷ്‌ഫോര്‍ഡ് നേടിയ ഗോളിലൂടെ മാഞ്ചസ്റ്റര്‍ 1-0ന് വാട്‌ഫോര്‍ഡിനെ തോല്‍പ്പിച്ചു.

ഒമ്പതു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ ടോട്ടന്‍ഹാം 5-4ന് ലെസ്റ്റര്‍ സിറ്റിയെ മറികടക്കുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ സ്റ്റോക്ക് സിറ്റി 2-1ന് സ്വാന്‍സിയെയും വെസ്റ്റ്ഹാം 3-1ന് എവര്‍ട്ടനെയും ബേണ്‍മൗത്ത് 2-1ന് ബേണ്‍ലിയെയും ക്രിസ്റ്റല്‍ പാലസ് 2-0ന് വെസ്റ്റ്‌ബ്രോമിനെയും തോല്‍പ്പിച്ചു.

Story first published: Monday, May 14, 2018, 14:43 [IST]
Other articles published on May 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍