ISL: ബെംഗളൂരുവിനെ തോല്‍പ്പിച്ചു, തലയുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന് മടക്കം

കൊച്ചി: കടംവീട്ടലും കലിപ്പടക്കലും ഇനി അടുത്ത പ്രാവശ്യം. ഈ സീസണില്‍. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടങ്ങളെല്ലാം അവസാനിച്ചു. പ്ലേഓഫ് മോഹങ്ങള്‍ ആദ്യമേ ഉപേക്ഷിച്ച എല്‍ക്കോ ഷട്ടോരിയുടെ കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാന മത്സരത്തില്‍ അഭിമാനം മുറുക്കെപ്പിടിച്ചു. കലൂരില്‍ പന്തുതട്ടാനെത്തിയ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഓഗ്ബച്ചെയും സംഘവും തിരിച്ചുകയറിയത്.

ബ്ലാസ്റ്റേഴ്‌സിനായി നായകന്‍ ബര്‍ത്തലോമ്യ ഓഗ്ബച്ചെ രണ്ടു തവണയും (45+3') (72' പെനാൽറ്റി) ഗോൾ കണ്ടെത്തി. എതിര്‍പക്ഷത്ത് ഡിഷോം ബ്രൗണടിച്ച (16') ആദ്യ ഗോളിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ബെംഗളൂരുവിനായില്ല. കളിയില്‍ ഏറിയ സമയവും പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ കാലുകളിലായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലും ടീം പതിവിലേറെ കണിശത കാട്ടി.

ഷോട്ടുകള്‍ ഉതിര്‍ക്കുന്ന കാര്യത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സ് പിശുക്കിയില്ല. 11 പ്രാവശ്യമാണ് ബെംഗളൂരുവിന്റെ ഗോള്‍ വല ലക്ഷ്യമാക്കി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഷോട്ടുകള്‍ പായിച്ചത്. ഇതില്‍ മൂന്നെണ്ണം കുറിക്കുകൊള്ളുകയും ചെയ്തു. ബെംഗളൂരുവാകട്ടെ ഏഴു ഷോട്ടുകളാണ് മത്സരത്തില്‍ ആകെ തൊടുത്തത്. ഇതില്‍ ഒരെണ്ണം മാത്രമേ ഗോള്‍ കീപ്പര്‍ ബിലാലിനെ പരീക്ഷിച്ചുള്ളൂ.

ഇതൊക്കെയാണെങ്കിലും മത്സരത്തില്‍ ആദ്യം ഗോളടിച്ചത് ബെംഗളൂരുവാണ്. 16 ആം മിനിറ്റില്‍ ഡിഷോം ബ്രൗണ്‍ സന്ദര്‍ശകരെ മുന്നിലെത്തിച്ചു. സ്വന്തം പകുതിയില്‍ നിന്നും പന്ത് വീണ്ടെടുത്ത് ബെംഗളൂരു നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഇവിടെ ഗോള്‍ കീപ്പര്‍ ബിലാലിന്റെ പിഴവും ബെംഗളൂരുവിന് തുണയായി. സുരേഷില്‍ നിന്നും കിട്ടിയ പന്തുമായി ഓടിയെത്തിയ ബ്രൗണിനെ കണ്ടപ്പോള്‍ ബിലാല്‍ ഖാന്‍ പകച്ചു. പൊസിഷന്‍ വിട്ടറങ്ങി തടയാനെത്തിയ ബിലാല്‍ ഖാനാകട്ടെ പന്തിനെ തട്ടിയകറ്റാനുമായില്ല. ആദ്യ ടച്ച് പിഴച്ചെങ്കിലും ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് ഒഴിഞ്ഞ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ ഡിഷോം ബ്രൗണിനായി.

ആദ്യ ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു. സ്യൂവര്‍ലൂണും ഓഗ്ബച്ചെയും മെസ്സി ബൗളിയും ചേര്‍ന്ന് തുടരെ മുന്നേറ്റങ്ങള്‍ ആവിഷ്‌കരിച്ചു. 24 ആം മിനിറ്റില്‍ സിഡോഞ്ചയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് സ്യൂവര്‍ലൂണ്‍ കളത്തിലെത്തുന്നത്. എന്തായാലും ആദ്യ പകുതിയുടെ അധികസമയത്ത് പതിവുപോലെ ഓഗ്ബച്ചെ ടീമിന്റെ രക്ഷകനായി. ബോക്‌സിന് വെളിയില്‍ നിന്നും ഓഗ്ബച്ചെ തൊടുത്ത അത്യുഗ്രാന്‍ ഷോട്ട് തടയാന്‍ ഗുര്‍പ്രീത് സിങ് സന്ധുവിനായില്ല.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. 58 ആം മിനിറ്റില്‍ നര്‍സാരിയും സഹലും ചേര്‍ന്ന് ബെംഗളൂരു പ്രതിരോധത്തെ പരീക്ഷിച്ചു. 68 ആം മിനിറ്റില്‍ നര്‍സാരി തൊടുത്ത ഉഗ്രന്‍ ഷോട്ട് ബെംഗളൂരു ക്യാംപില്‍ ആശങ്ക വിതച്ചു. എന്നാല്‍ പോസ്റ്റിന്റെ മൂലയിലേക്ക്് പാഞ്ഞ പന്തിനെ ഒറ്റക്കയ്യാല്‍ ഗുര്‍പ്രീത് തട്ടിയകറ്റി. 70 ആം മിനിറ്റില്‍ റഫറി വിധിച്ച പെനാല്‍റ്റിയാണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ബോക്‌സിനകത്ത് വെച്ച് മെസ്സി ബൗളിയെ സെറാന്‍ വീഴ്ത്തുകയായിരുന്നു. 72 ആം മിനിറ്റില്‍ പെനാല്‍റ്റി കിക്കെടുത്ത ഓഗ്ബച്ചെ പന്തിനെ കൃത്യം വലയിലെത്തിച്ചു. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ബെംഗളൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം അടിയുറച്ചു നിന്നു. ഇതോടെ ബെംഗളൂരുവിന്റെ സമനില മോഹം പൊലിഞ്ഞു. എന്തായാലും പ്ലേഓഫിൽ ബെംഗളൂരു എഫ്സി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ഇവർ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: isl indian super league
Story first published: Saturday, February 15, 2020, 21:30 [IST]
Other articles published on Feb 15, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X