'സെവാഗ് മടങ്ങിയെത്തുന്നു; ഐപിഎല്ലില്‍ കിങ്‌സ് ഇലവനു വേണ്ടി ബാറ്റുചെയ്യും'

Posted By: rajesh mc

ദില്ലി: ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍ വിരേന്ദര്‍ സെവാഗ് നേരത്തെ അന്താരാഷ്ട്ര ക്രക്കറ്റില്‍ നിന്നും ക്ലബ്ബ് മത്സരങ്ങളില്‍ നിന്നും വിരമിച്ചിരുന്നു. എന്നാലിതാ, സെവാഗ് തിരിച്ചുവരികയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്ററായ സെവാഗ് തിരിച്ചുവരുന്ന വിവരം ക്ലബ്ബ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ആരോണ്‍ ഫിഞ്ചിന് പകരക്കാരനായി സെവാഗ് ബാറ്റിങ് ഓപ്പണ്‍ ചെയ്യാന്‍ ഒരുങ്ങുന്നു എന്നായിരുന്നു ട്വീറ്റ്. ടീമിന്റെ പരിശീലന ക്യാമ്പില്‍വെച്ച് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍, കോച്ച് ബ്രാഡ് ഹോഡ്ജ്, ഡയറക്ടര്‍ വിരേന്ദര്‍ സെവാഗ് എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണിതെന്നും ക്ലബ്ബ് കുറിച്ചിട്ടുണ്ട്.

virender

കിങ്‌സ് ഇലവന്‍ കളിക്കാരനായ യുവരാജ് സിങ് ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ഐസ് ക്രിക്കറ്റ് മാച്ചില്‍ സെവാഗ് തകര്‍പ്പന്‍ ഫോമില്‍ കളിച്ചിരുന്നു. ആദ്യ കളിയില്‍ 31 പന്തില്‍ 62 റണ്‍സും, രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 46 റണ്‍സും അടിച്ച് സെവാഗ് ഫോം തെളിയിക്കുകയും ചെയ്തു.

എന്നാല്‍, തങ്ങളെ അങ്ങിനെ പറ്റിക്കാന്‍ നോക്കേണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. ഏപ്രില്‍ ഫൂളിന് ക്ലബ്ബ് ആരാധകരെ വിഡ്ഡികളാക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ക്ലബ്ബ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ആരാധകരാരും സെവാഗിന്റെ തിരിച്ചുവരവ് വിശ്വസിച്ചിട്ടില്ല.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 2, 2018, 8:36 [IST]
Other articles published on Apr 2, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍