ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഞെട്ടിത്തരിച്ച് ഇന്ത്യ.. ഇത്തിരിക്കുഞ്ഞന്മാരായ നേപ്പാളിനോട് 19 റൺസിന് തോറ്റു

Posted By:

ക്വാലലംപൂർ: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഇത്തിരിക്കുഞ്ഞന്മാരായ നേപ്പാളിനോടാണ് ഇന്ത്യ തോറ്റത്. ഗ്രൂപ്പ് എ മത്സരത്തിൽ 19 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോൽവി. ടോസ് നേടി ആദ്യം ബൗൾ ചെയ്ത ഇന്ത്യയ്ക്കെതിരെ നേപ്പാൾ അടിച്ചത് എട്ട് വിക്കറ്റ് നഷ്ടത്തിൽ താരതമ്യേന ചെറിയ സ്കോറായ 185. ഇന്ത്യയ്ക്ക് വേണ്ടി ആദിത്യ താക്കറേയും അഭിഷേക് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണിങ് ബാറ്റ്സ്മാനും ക്യാപ്റ്റനുമായ ഹിമാന്‍ഷു റാണ 38 പന്തില്‍ 46ഉം പാര്‍ട്ണർ മനോജ് കൽറ 69 പന്തിൽ 35 ഉം റൺസെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണർമാർ 12.2 ഓവറിൽ 65 റൺസെടുത്തു. എന്നാൽ ഇന്ത്യ ഞെട്ടാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. 65ന് 0 എന്ന നിലയിൽ നിന്നും ഇന്ത്യ 48.1 ഓവറിൽ 166 റൺസിന് ഓളൗട്ടായി. നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 19 റൺസിന്റെ ഞെട്ടിക്കുന്ന തോൽവി.

nepal-u19-cricketer-dipendra

39 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നേപ്പാൾ ക്യാപ്റ്റന്‍ ദീപേന്ദ്ര സിംഗാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്യുമ്പോൾ 88 റണ്‍സുമായി നേപ്പാളിന്റെ ടോപ് സ്കോററായതും സിംഗ് തന്നെയാണ്. രണ്ട് കളികൾ വീതം പൂർത്തിയായപ്പോൾ ഇന്ത്യയ്ക്കും നേപ്പാളിനും രണ്ട് പോയിന്റ് വീതം കയ്യിലുണ്ട്. ആദ്യമത്സരത്തിൽ ഇന്ത്യ മലേഷ്യയെ 202 റൺസിന് തോൽപ്പിച്ചിരുന്നു.

Story first published: Monday, November 13, 2017, 14:44 [IST]
Other articles published on Nov 13, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍