ദുബായ്: എംഎസ് ധോണി വീണ്ടും ക്യാപ്റ്റനായി എത്തിയ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനോട് സമനില വഴങ്ങിയത് ആരാധകര്‍ക്കുണ്ടാക്കിയ നിരാശ ചെറുതല്ല. ജയിക്കാവുന്ന കളി സമനിലയില്‍ എത്തിച്ചത് ബാറ്റ്‌സ്മാന്മാരുടെ ഉത്തരവാദിത്വമില്ലായ്മയാണ്. 25 ഓവറാകുമ്പോഴേക്കും കളി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കൈയ്യടക്കിയെങ്കിലും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ അവസാന ഓവറില്‍ സമ്മര്‍ദ്ദത്തിലേക്ക് നീങ്ങുകയായിരുന്നു.
തോല്‍വിക്ക് സമാനമാണ് ഇന്ത്യയ്ക്ക് ഈ സമനിലയെന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍, കളി തോറ്റില്ലല്ലോ എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ പ്രതികരണം. മത്സരഫലത്തില്‍ സന്തോഷവാനാണെന്ന് പറഞ്ഞ ധോണി അഫ്ഗാന്‍ കളിക്കാര്‍ നന്നായി കളിച്ചെന്നും വിലയിരുത്തി. തങ്ങള്‍ കളി തോറ്റേക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍, സമനിലയിലെത്തിയത് മോശമായ ഫലമല്ലെന്നും താരം പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റിന്റെ വളര്‍ച്ച ആസ്വദിക്കുകയാണ്. ക്രിക്കറ്റില്‍ അവര്‍ ഒരുപാട് മുന്നേറിക്കഴിഞ്ഞു. ഏഷ്യാ കപ്പിലെ അവരുടെ പ്രകടനം മികച്ചതാണ്. തങ്ങള്‍ക്കെതിരായ കളിയില്‍ അവര്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി. അവരുടെ ഫീല്‍ഡിങ്ങും കുറ്റമറ്റതായിരുന്നു. ഇന്ത്യയുടെ ബൗളര്‍മാര്‍ ലൈനും ലെങ്തും കാത്തുസൂക്ഷിക്കേണ്ടതാണ്. മാത്രവുമല്ല, തങ്ങളുടെ എല്ലാ കളിക്കാരും ഉണ്ടായിരുന്നില്ലെന്നും ധോണി ചൂണ്ടിക്കാട്ടി. ക്യാപ്റ്റനെന്ന നിലയില്‍ അഫ്ഗാനെതിരെ ഇരുനൂറാം ഏകദിനമത്സരത്തിനാണ് ധോണി ഇറങ്ങിയത്.
അതേസമയം, ഇന്ത്യയ്‌ക്കെതിരായ സമനില ജയത്തിന് തുല്യമാണെന്ന് അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ പറഞ്ഞു. ഷഹ്‌സാദ് വളരെ നല്ല രീതിയിലാണ് കളിച്ചത്. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നന്നായി കളിച്ചെങ്കിലും തങ്ങളുടെ സ്പിന്നര്‍മാരും മികച്ചുനിന്നു. ഇത്തരം കളികള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ ആസ്വാദ്യകരമായിരിക്കുമെന്നും അസ്ഗര്‍ പറഞ്ഞു.
ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ