ശ്രീലങ്കക്കെതിരെ 128 സഞ്ജു സാംസണ് വെറുമൊരു സെഞ്ചുറിയല്ല, ധോണിയുടെ സീറ്റ് പിടിക്കാനുള്ള ടോക്കണാണ്!‌‌‌

Posted By:

കൊൽക്കത്ത: രഞ്ജി ട്രോഫിയിലും ഇന്ത്യൻ ടീമിലുമായി പ്രമുഖരെല്ലാം തിരക്കിലായത് കൊണ്ട് കൂടിയാണ് മലയാളി താരം സഞ്ജു സാംസണെ തേടി ആ ഭാഗ്യമെത്തിയത്. ശ്രീലങ്കയ്ക്കെതിരെ സന്നാഹ മത്സരം കളിക്കാനുള്ള ബോർഡ് പ്രസിഡണ്ട് ഇലവന്റെ നായകപദവി. കിട്ടിയ അവസരം സഞ്ജു രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ക്യാപ്റ്റനായി അസാധ്യ പ്രകടനമൊന്നും ഉണ്ടായില്ല. കളി സമനിലയിൽ തീർന്നു. പക്ഷേ ബാറ്റിംഗ്, നാലാം നമ്പറിൽ ക്രീസിലെത്തിയ സഞ്ജു തട്ടുപൊളിപ്പൻ ഒരു സെഞ്ചുറിയുമായി ശരിക്കും മിന്നിത്തിളങ്ങി.

സഞ്ജുവിന് ശരിക്കും വേണ്ടത് തന്നെയായിരുന്നു ഈ ഇന്നിംഗ്സ്. വർഷങ്ങൾക്ക് മുമ്പ് ഐ പി എല്ലിലെ യുവപ്രതിഭയായി ശ്രദ്ധയാകര്‍ഷിച്ച സഞ്ജുവിന്റെ കരിയർ കുറച്ച് കാലമായി താഴേക്കായിരുന്നു. എം എസ് ധോണി വിരമിക്കുമ്പോൾ ഇന്ത്യൻ ടീമിലെത്തും എന്ന് വരെ കരുതപ്പെട്ട സഞ്ജു പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. ഐ പി എല്ലിൽ കോടികൾ മൂല്യമുള്ള കളിക്കാരനായി തുടരുമ്പോഴും പേരിനൊത്ത പ്രകടനം സഞ്ജുവിൽ നിന്നും ഉണ്ടാകുന്നില്ല. ഇടയ്ക്ക് മിന്നലടിയുമായി റിഷഭ് പന്ത് കൂടി എത്തിയതോടെ ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിന്റെ ടിക്കറ്റ് പിന്നെയും പ്രതിസന്ധിയിലായി.

sanju samson

എന്നാൽ കരുത്തരായ ലങ്കൻ ബൗളർമാർക്കെതിരെ നാലാം നമ്പറിൽ ക്രീസിലെത്തി സഞ്ജു കളിച്ച നായകന്റെ ഇന്നിംഗ്സ് ദേശീയ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പോന്നതാണ്. 143 പന്തിൽ 19 ഫോറും 1 സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ 128 റൺസ്. ധോണിക്ക് പകരക്കാരനെ തേടുമ്പോള്‍ സെലക്ടർമാർക്ക് ഇനി സഞ്ജുവിനെ അങ്ങനെ തീർത്തും അവഗണിക്കാൻ പറ്റില്ല. സഞ്ജു മാത്രമല്ല, ലങ്കയ്ക്കെതിരെ കളിക്കാൻ ഇറങ്ങിയ കേരള താരങ്ങളായ സന്ദീപ് വാര്യർ, രോഹൻ പ്രേം, ജലജ് സക്സേന എന്നിവരും തിളങ്ങി. സ്കോർ ലങ്ക 9ന് 411 ഡിക്ല. ബോർഡ് ഇലവൻ 5ന് 287.

Story first published: Monday, November 13, 2017, 10:46 [IST]
Other articles published on Nov 13, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍