T20 WC 2026: അവനെ ഇനി പുറത്താക്കരുത്! സഞ്ജുവിനോട് മാനേജ്മെന്റ് കാണിച്ചത് അനീതി, മുൻ സിഎസ്കെ താരം
ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഫൈനലിന് മുന്നോടിയായി സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷനെ ചൊല്ലി ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ താരം ലക്ഷ്മിപതി ബാലാജി. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ സഞ്ജു പുറത്തെടുത്ത 97* റൺസ് പ്രകടനം സഞ്ജുവിന്റെ യഥാർത്ഥ ബാറ്റിംഗ് പൊസിഷൻ ഓപ്പണിംഗ് ആണെന്ന് തെളിയിക്കുന്നതാണെന്ന് ബാലാജി പറഞ്ഞു. 'ക്രിക് ഇറ്റ് വിത്ത് ബദ്രി' (Cric It with Badri) എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
T20 WC 2026: സെമിക്ക് മുമ്പേ വൻ വിവാദം; മുംബൈയിൽ ബിസിസിഐ നിയമം കാറ്റിൽ പറത്തി സൂര്യകുമാറും സംഘവും
മാനേജ്‌മെന്റിന് സംഭവിച്ച ആശയക്കുഴപ്പം
സഞ്ജുവിനെ മിഡിൽ ഓർഡറിൽ കളിപ്പിച്ചത് ടീം ലീഡർഷിപ്പ് ഗ്രൂപ്പിന് സംഭവിച്ച വലിയ പിഴവാണെന്ന് ബാലാജി തുറന്നടിച്ചു. "ഓസ്‌ട്രേലിയൻ പരമ്പരയിൽ സഞ്ജുവിനെ മിഡിൽ ഓർഡറിലാണ് പരീക്ഷിച്ചത്. അത് അവന് അനുയോജ്യമായ ഇടമല്ല. ഐപിഎല്ലിലും സഞ്ജുവിന്റെ മൂന്ന് ടി20 സെഞ്ചുറികളിലും നാം കണ്ടത് അവൻ ടോപ്പ് ഓർഡറിൽ തിളങ്ങുന്നതാണ്. ബാറ്റിംഗ് ഓർഡറിൽ നിരന്തരം മാറ്റങ്ങൾ വരുത്തിയത് സഞ്ജുവിനെപ്പോലൊരു താരത്തെ മാനസികമായി കുഴപ്പിച്ചു. ന്യൂസിലൻഡ് പരമ്പരയിലെ അവന്റെ മോശം ഫോമിന് കാരണവും ഈ വ്യക്തതയില്ലായ്മയാണ്," ബാലാജി നിരീക്ഷിച്ചു. എങ്കിലും ലഭിക്കുന്ന അവസരങ്ങൾ പരമാവധി മുതലാക്കാൻ സഞ്ജുവും ശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'സഞ്ജുവിനെ ഇനി ടീമിൽ നിന്ന് പുറത്താക്കരുത്'
സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് സുബ്രഹ്മണ്യം ബദ്രിനാഥും രംഗത്തെത്തി. താൻ കണ്ടിട്ടുള്ളതിൽ വെച്ച് സഞ്ജുവിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. "റൺസിന്റെ എണ്ണം കൊണ്ടല്ല, മറിച്ച് ആ സമ്മർദ്ദഘട്ടത്തെ സഞ്ജു നേരിട്ട രീതിയും ഇന്നിംഗ്‌സ് കെട്ടിപ്പടുത്ത രീതിയുമാണ് എന്നെ ആകർഷിച്ചത്. ദയവായി സഞ്ജുവിനെ ഇനി ടീമിൽ നിന്ന് പുറത്താക്കരുത്," ബദ്രിനാഥ് മാനേജ്‌മെന്റിനോട് അഭ്യർത്ഥിച്ചു. സഞ്ജുവിന് അവസരം ലഭിച്ചിട്ടും മുതലാക്കിയില്ലെന്ന് പറയുന്നവർക്ക് അവൻ ഓപ്പണറായി തന്നെ വന്ന് മറുപടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
T20 WC 2026: സഞ്ജു അടിച്ച റൺസിന്റെ ക്രെഡിറ്റ് ഗംഭീറിനോ? എല്ലാം മാനേജ്മെന്റിന്റെ കഴിവെന്ന് പരിശീലകൻ
ഇഷാൻ കിഷൻ ടീമിലെത്തിയതോടെ സ്ഥാനം നഷ്ടമായ സഞ്ജു, ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലാണ് ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മാർച്ച് 5-ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ സഞ്ജുവിന്റെ ഈ പക്വതയാർന്ന ബാറ്റിംഗ് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സെമിയിൽ സഞ്ജുവിനെ ഏത് പൊസിഷനിൽ ഇറക്കുമെന്ന കാര്യത്തിൽ മാനേജ്‌മെന്റ് ഇനിയെങ്കിലും വ്യക്തത വരുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വെസ്റ്റ് ഇന്റീസിനെതിരെ ഒറ്റയ്ക്ക് നിന്ന് പൊരുതിയാണ് സഞ്ജു ഇന്ത്യയെ സെമിയിലേക്ക് എത്തിച്ചത്. 50 പന്തുകളിൽ നിന്നും 12 ഫോറുകളും 4 സിക്സറുകളും പറത്തി 97 റൺസെടുത്ത് പുറത്താകാതെയാണ് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. നിരവധി പുറത്താകലുകൾക്കും വിമർശനങ്ങൾക്കും ശേഷമാണ് സഞ്ജുവിന്റെ ഈ മനോഹര ഇന്നിങ്സ് പിറന്നത്. വിമർശകർക്കുള്ള മറുപടി അദ്ദേഹം ബാറ്റുകൊണ്ട് കൊടുത്തു എന്ന് പറയുന്നതാകും ശരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications