തീവ്രവാദ ആക്രമണത്തിനിരയായ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം വീണ്ടും പാക്കിസ്ഥാനിലേക്ക്

Posted By:

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍വെച്ച് തീവ്രവാദ ആക്രമണത്തിനിരയായ ശ്രീലങ്കന്‍ ടീം ആക്രമണത്തിനുശേഷം ആദ്യമായി പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്നു. ഒക്ടോബര്‍ 29ന് ലോഹോറില്‍വെച്ച് ഒരു ടി20 മത്സരമാണ് ശ്രീലങ്കന്‍ ടീം കളിക്കുക. രണ്ട് മത്സരങ്ങള്‍ സംഘടിപ്പിക്കാനായി ശ്രമച്ചുവരികയാണെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജം സേത്തി പറഞ്ഞു.

2009 മാര്‍ച്ചില്‍ ലാഹോറില്‍വെച്ച് ശ്രീലങ്കന്‍ ടീം തീവ്രവാദി ആക്രമണത്തില്‍ പെട്ടിരുന്നു. ചില കളിക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസ്സിനുനേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു. പിന്നീട് പാക്കിസ്ഥാനില്‍ പ്രമുഖ ടീമികളൊന്നും ക്രിക്കറ്റ് കളിക്കാനെത്തിയിട്ടില്ല. കഴിഞ്ഞദിവസം ലോക ഇലവനുമായി ടി20 മത്സരം നടത്തിയതോടെയാണ് പാക്കിസ്ഥാന്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന് വേദിയാകുന്നത്.

srilanka

ശ്രീലങ്കയ്ക്ക് പിന്നാലെ വെസ്റ്റിന്‍ഡീസ് ടീമും പാക്കിസ്ഥാനിലെത്തുന്നുണ്ട്. മൂന്ന് ടി20 മത്സരങ്ങള്‍ക്കായി വെസ്റ്റിന്‍ഡീസ് നവംബറിലാണ് പാക്കിസ്ഥാനിലെത്തുന്നത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായതായി പിസിബി ചെയര്‍മാന്‍ അറിയിച്ചു. 2009ലെ തീവ്രവാദ ആക്രമണത്തിനുശേഷം സിംബാബ്‌വെ ടീം ആണ് പാക്കിസ്ഥാനില്‍ 2015ല്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയത്.

എന്നാല്‍, ഈ മത്സരങ്ങള്‍ക്ക് ഐസിസി അംഗീകാരമില്ലായിരുന്നു. ടീമുകള്‍ പാക്കിസ്ഥാനിലെത്താത്തതിനെ തുടര്‍ന്ന് പാക്കിസ്ഥാന്റെ ഹോം മത്സരങ്ങള്‍ യുഎഇയില്‍ വെച്ചാണ് നടത്തിയിരുന്നത്. സ്വന്തം രാജ്യത്ത് മത്സരങ്ങള്‍ നടത്താന്‍ കഴിയാത്തത് പാക്കിസ്ഥാന്‍ ക്രിക്കറ്റിന് വലിയ ഭീഷണിയായതോടെയാണ് ചെറിയ മത്സരങ്ങളിലൂടെ സുരക്ഷാ വിശ്വാസം വീണ്ടെടുക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്.


Story first published: Thursday, September 14, 2017, 8:51 [IST]
Other articles published on Sep 14, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍