ഐപിഎല്ലിന്റെ 19ാം സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പ്രകടനങ്ങളിലൊന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍കിഡായ വൈഭവ് സൂര്യവംശിയുടേതാണ്. കാരണം കഴിഞ്ഞ സീസണില്‍ ഈ 15 കാരനുണ്ടാക്കിയ ഓളം അത്രത്തോള വലുതായിരുന്നു. അരങ്ങേറ്റ സീസണല്‍ തന്നെ വെറും 35 ബോളില്‍ സെഞ്ച്വറിയുമായി വൈഭവ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമായി മാറി.
2025ലെ ഐപിഎല്ലില്‍ കണ്ടത് വെറമൊരു സാംപിള്‍ മാത്രമാണെന്നു തെളിയിക്കാനൊരുങ്ങുകയാണ് ബിഹാറില്‍ നിന്നുള്ള ഇടംകൈയന്‍ ബാറ്റര്‍. അതിനിടെ റോയല്‍സിന്റെ നെറ്റ് സെഷനില്‍ നിന്നുള്ള വൈഭവിന്റെ ബാറ്റിങ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

photocredit/Rajasthanroyals
പുതുതായി റോയല്‍സിലേക്കു വന്ന ഇന്ത്യയുടെ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരേ വൈഭവ് ബാറ്റ് വീശുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഏറെ അനുഭവ സമ്പത്തുള്ള ജഡ്ഡുവിനെ യാതൊരു കൂസലുമില്ലാതെയാണ് കൗമാര താരം കൈകാര്യം ചെയ്തത്.

രവീന്ദ്ര ജഡേജയ്‌ക്കെതിരേ വൈഭവ് സൂര്യവംശി പരിശീലീന സെഷനില്‍ ബാറ്റ് ചെയ്യുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലിലൂടെ പങ്കുവച്ചിരിക്കുന്നത്. ജഡേജയുടെ ആദ്യ ബോള്‍ സ്റ്റംപുകള്‍ ലക്ഷ്യമിട്ടായിരുന്നു. വൈഭവ് അതു ലെഗ്‌സൈഡിലേക്കു കളിച്ചെങ്കിലും ടൈമിങ് ഒട്ടുമില്ലായിരുന്നു.
ഇതു കണ്ട ജഡ്ഡു വൈഭവിനെ നോക്കി കിളിയാക്കുന്ന തരത്തില്‍ ചെറുതായൊന്നു ചിരിക്കുകയും ചെയ്തു. പക്ഷെ പിന്നീട് വരാന്‍ പോവുന്നത് കൊടുങ്കാറ്റായിരിക്കുമെന്നു അദ്ദേഹമറിഞ്ഞില്ല. അടുത്ത ബോളില്‍ ഓഫ്‌സൈഡിലേക്കു വൈഭവിന്റെ വമ്പനൊരു ഷോട്ട്. തുടര്‍ന്നുള്ള ബോളില്‍ ഒരു സ്‌ട്രെയ്റ്റ് സിക്‌സ്. ഇതു കണ്ട് ഭൈവിനെ നോക്കി ജഡ്ഡു പൊട്ടിച്ചിരിക്കുകയും ചെയ്തു.
ജഡേജയ്‌ക്കെതിരേ വൈഭവിന്റെ ബാറ്റിങ്. വീഡിയോ കാണാം
അതുകൊണ്ടൊന്നും 15 കാരനു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. ഓഫ് സൈഡിലൂടെ ഒരു കിടിലന്‍ ഷോട്ടാണ് പിന്നാലെ കണ്ടത്. ഇതോടെ ജഡ്ഡു തന്ത്രം മാത്രം. ഒരു വൈഡായിരുന്നു അദ്ദേഹം പരീക്ഷിച്ചത്. ഇതു മനസിലാക്കിയ വൈഭവ് ഷോട്ടിനു മുതിരാതെ ആ ബോള്‍ ഒഴിവാക്കുകയും ചെയ്തു. കൗമാര താരം ഷോട്ട് കളിക്കാതിരുന്ന ഏക ബോളും ഇതാണ്.

അതിനു ശേഷവും ജഡേജയ്ക്കു അടി കിട്ടിക്കൊണ്ടേയിരുന്നു. ഓഫ് സൈഡിലും ലെഗ്‌സൈഡിലുമെല്ലാം 15 കാരന്‍ തുടര്‍ന്നും ചില വമ്പന്‍ ഷോട്ടുകള്‍ കളിച്ചു. റോയല്‍സിനായി പുതിയ സീസണില്‍ മിന്നിക്കാന്‍ താന്‍ പൂര്‍ണ സജ്ജനായി കഴിഞ്ഞെന്നു തെളിക്കുന്നതായിപരുന്നു വൈഭവിന്റെ ബാറ്റിങ് വെടിക്കെട്ട്. തന്നേക്കാള്‍ ഏറെ സീനിയറായ ജഡേജയ്‌ക്കെതിരേ വളരെ അനായാസമാണ് താരം വമ്പന്‍ ഷോട്ടുകള്‍ തുടര്‍ച്ചയായി കളിച്ചത്.

കഴിഞ്ഞ ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിലാണ് 1.1 കോടി രൂപയ്ക്കു വൈഭവ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്. വെറും 14 വയസുള്ള കുട്ടിയ ഇത്ര വലിയൊരു തുകയ്ക്ക് അവര്‍ വാങ്ങിയത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
പക്ഷെ താന്‍ വളരെ സ്‌പെഷ്യലാണെന്നു ഐപിഎല്ലില്‍ വൈഭവ് തെളിയിച്ചു. സീസണിലെ ആദ്യത്തെ ഏഴു കളിയിലും താരം ബെഞ്ചിലായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനു പരിക്കേറ്റതോടെ പകരം വൈഭവിനു നറുക്കുംവീണു.
ഗുജറാത്ത് ടൈറ്റന്‍സുമയുള്ള കളിയില്‍ വെറും 35 ബോളില്‍ സെഞ്ച്വറിയോടെ താരം ചരിത്രം കുറിക്കുകയും ചെയ്തു. സീസണില്‍ ഏഴു മല്‍സരങ്ങളിലാണ് വൈഭവിന് അവസരം ലഭിച്ചത്. 206 സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സും താരം അടിച്ചെടുത്തു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്.