2026 ഐപിഎൽ സീസണ് തൊട്ടുമുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ക്യാമ്പിൽ പുകയുന്ന ആശങ്കകൾക്ക് എരിതീയിൽ എണ്ണയൊഴിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ലേലത്തിൽ 25.20 കോടി രൂപ എന്ന വമ്പൻ തുകയ്ക്ക് കെകെആർ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെ ബൗളിംഗിന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന വാർത്തകളോടാണ് അശ്വിൻ രൂക്ഷമായി പ്രതികരിച്ചത്. "ഗ്രീൻ രണ്ട് ഓവർ മാത്രമേ എറിയുന്നുള്ളൂ എങ്കിൽ അവന്റെ ശമ്പളത്തിൽ നിന്ന് 2 കോടി രൂപ വെട്ടിക്കുറയ്ക്കണം," എന്ന് അശ്വിൻ തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ കൊൽക്കത്തയുടെ ഈ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ചത്.
"ഷാരൂഖ് ഖാന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കൂ!"; അശ്വിന്റെ പൊട്ടിത്തെറി
കാമറൂൺ ഗ്രീൻ എന്ന ഓൾറൗണ്ടറെ ടീമിലെടുക്കുമ്പോൾ ബാറ്റിംഗിനൊപ്പം നാല് ഓവർ ബൗളിംഗും ടീം പ്രതീക്ഷിക്കുന്നുണ്ടെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. "നിങ്ങൾ ഷാരൂഖ് ഖാൻ ആണെന്ന് കരുതുക, 25 കോടി രൂപ കൊടുത്ത് ഒരു താരത്തെ വാങ്ങിയ ശേഷം അയാൾ വന്ന് പറയുന്നു 'സർ, ഞാൻ ഇന്ന് ഒരു ഓവർ മാത്രമേ എറിയൂ' എന്ന്. അപ്പോൾ നിങ്ങൾക്ക് എന്ത് തോന്നും? താരങ്ങൾ അവരുടെ ജോലി പൂർണ്ണമായി ചെയ്യുന്നില്ലെങ്കിൽ അവരുടെ പണം വെട്ടിക്കുറയ്ക്കാൻ ഫ്രാഞ്ചൈസികൾക്ക് അധികാരം നൽകണം," അശ്വിൻ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം നൽകുന്ന ഓസ്‌ട്രേലിയൻ ബോർഡ്, ഐപിഎല്ലിൽ ഗ്രീനിന്റെ ബൗളിംഗ് ജോലിഭാരം (Workload) കുറയ്ക്കാൻ നിർദ്ദേശിച്ചേക്കുമെന്ന സൂചനകളാണ് അശ്വിനെ ചൊടിപ്പിച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന ഗ്രീൻ അടുത്തിടെ നടന്ന ടി20 ലോകകപ്പിലും വളരെ കുറച്ച് ഓവറുകൾ മാത്രമാണ് എറിഞ്ഞത്.
കെകെആർ ക്യാമ്പിൽ ബോളിംഗ് പ്രതിസന്ധി!
നിലവിൽ പേസ് ബൗളർമാരുടെ പരിക്കും ഫോമില്ലായ്മയും മൂലം വലയുന്ന കൊൽക്കത്തയ്ക്ക് കാമറൂൺ ഗ്രീനിന്റെ ബൗളിംഗ് സേവനം അത്യന്താപേക്ഷിതമാണ്. 2023-ൽ മുംബൈയ്ക്കായും 2024-ൽ ആർസിബിക്കായും പന്തെറിഞ്ഞ ഗ്രീനിന് ഐപിഎല്ലിൽ മികച്ച റെക്കോർഡുണ്ട്. എന്നാൽ ഇത്തവണ ഓസ്‌ട്രേലിയൻ ബോർഡിന്റെ ഇടപെടൽ കെകെആറിന്റെ കിരീട മോഹങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് ആരാധകർ.
സഞ്ജു സാംസൺ ചെന്നൈയിലേക്ക് മാറിയതും യഷ് ദയാലിന്റെ വിവാദങ്ങളും ഐപിഎൽ വൃത്തങ്ങളിൽ ചർച്ചയാകുന്നതിനിടെയാണ് അശ്വിന്റെ ഈ പുതിയ 'ശമ്പളം വെട്ടൽ' സിദ്ധാന്തം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കെകെആർ മാനേജ്‌മെന്റ് ഈ വിഷയത്തിൽ എങ്ങനെ പ്രതികരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 2024ൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ മൂന്നാം കിരീടം സ്വന്തമാക്കിയ കെകെആർ നാലാം കിരീടം ലക്ഷ്യം വച്ചാണ് കളത്തിലേക്ക് ഇറങ്ങുന്നത്. അജിങ്ക്യ രഹാനെ എന്ന വെറ്ററൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആ ആഗ്രഹം നിറവേറ്റും എന്നുതന്നെയാണ് ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളും ഉറ്റുനോക്കുന്നത്. അതിനിടെ ക്യാമറൂൺ ഗ്രീനിന്റെ ഈ വിഷയം എത്തരത്തിൽ ബാധിക്കും എന്നത് കണ്ടുതന്നെ അറിയണം.