ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും അപ്രതീക്ഷിതവും സങ്കടകരവുമായ നിമിഷങ്ങളിൽ ഒന്നായിരുന്നു ഇതിഹാസ താരം വിരാട് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. ട്വന്റി-20 ഫോർമാറ്റിൽ കഴിഞ്ഞ ലോകകപ്പ് വിജയത്തിന് ശേഷം പ്രഖ്യാപിച്ചപ്പോഴും കോലിയുടെ ടെസ്‌റ്റ് വിരമിക്കലാണ് വലിയ രീതിയിൽ ആരാധകരെ സങ്കടത്തിൽ ആഴ്ത്തിയത്. അതിന് കാരണം കോലി ഈ ഫോർമാറ്റിൽ ഇനിയും ഒരുപാട് നേടാനുണ്ട് എന്ന പ്രതീക്ഷയായിരുന്നു.
ഇപ്പോഴിതാ മുൻ ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ അതിനെ അടിവരയിടുകയാണ്. വിരാട് കോലിക്ക് ടെസ്‌റ്റ് ക്രിക്കറ്റിൽ വിജയകരമായി തുടരാൻ കഴിയുമായിരുന്നു എന്നാണ് അശ്വിൻ പറയുന്നത്. എന്തുകൊണ്ടാണ് ഈ മുൻ ഇന്ത്യൻ നായകൻ പെട്ടെന്ന് ഫോർമാറ്റിൽ നിന്ന് വിരമിച്ചതെന്ന് ക്രിക്കറ്റ് ആരാധകർ പലപ്പോഴും അത്ഭുതപ്പെടുകയാണ്. കോലി എന്ന പേര് തന്നെയാണ് അവരെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലിലെ ഒരു പരിപാടിയിൽ അശ്വിൻ ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ വിഷയത്തെക്കുറിച്ച് കോലിയുമായി താൻ സംസാരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തിന് ഇനിയും ടീമിന് വേണ്ടി സംഭാവനകൾ നൽകാൻ കഴിയുമെന്ന് താൻ കോലിയോട് നേരിട്ട് പറഞ്ഞതായും അശ്വിൻ കൂട്ടിച്ചേർത്തു.
37-ാം വയസിൽ മിക്ക ക്രിക്കറ്റ് താരങ്ങളും കരിയറിലെ സുവർണ്ണ കാലഘട്ടം പിന്നിടുമ്പോൾ, വിരാടിന്റെ കാര്യത്തിൽ ഇത് അങ്ങനെയല്ല എന്നാണ് പലരും പറയുന്നത്. റൺസിനോടുള്ള അദ്ദേഹത്തിന്റെ ദാഹം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് സമീപകാല പ്രകടനങ്ങൾ തെളിയിക്കുന്നുണ്ട്. അവസാനമായി ഇന്ത്യൻ ടീമിനായി ഏകദിനങ്ങളിൽ കളിച്ചപ്പോൾ, ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരെ യഥാക്രമം ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും താരം നേടിയിരുന്നു.
വിഷയത്തിൽ പൊതുസമൂഹത്തിന്റെ കാഴ്‌ചപ്പാടുകളെയും രവിചന്ദ്രൻ അശ്വിൻ ചോദ്യം ചെയ്യുന്നു. ഒരു ക്രിക്കറ്റ് താരത്തിന്റെ പദവി എന്തുതന്നെയായാലും 30 വയസ്സ് കഴിഞ്ഞാൽ, വിരമിക്കലിനെക്കുറിച്ച് പലതരം ഊഹാപോഹങ്ങൾ ഉയർന്നു വരാറുണ്ടെന്നത് സത്യമാണ്. എങ്കിലും കോലിയെ ആ ഗണത്തിൽ പെടുത്തരുതെന്ന് തന്നെയാണ് അശ്വിൻ പറയുന്നത്.
'അദ്ദേഹത്തിന് ഇനിയും ടെസ്‌റ്റ് ക്രിക്കറ്റിൽ ശേഷി ബാക്കിയുണ്ടെന്ന് ഞാൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. ടെസ്‌റ്റ് ക്രിക്കറ്റിൽ എന്തോ ചിലത് ഇനിയും ബാക്കിയുണ്ടായിരുന്നു; അശ്വിൻ പറയുന്നു. വിരാട് കോഹ്‌ലി തന്റെ ടെസ്‌റ്റ് വിരമിക്കൽ തീരുമാനം പുനരാലോചിക്കുമോ എന്ന ചോദ്യം പ്രസക്തമായി തുടരുന്നതിനിടയിലാണ് അശ്വിന്റെ അഭിപ്രായപ്രകടനം.
വ്യക്തിപരമായ നേട്ടങ്ങളെക്കാൾ എപ്പോഴും ടീമിന് മുൻഗണന നൽകുന്ന ഒരു താരമായിരുന്നു കോലിയെന്ന് മുൻ ക്രിക്കറ്റർ കൂടിയായ അശ്വിൻ ചൂണ്ടിക്കാട്ടുന്നു. പത്രസമ്മേളനങ്ങളിൽ അദ്ദേഹം നിരന്തരം ടീമിനെക്കുറിച്ചും അതിന്റെ വിജയങ്ങളെക്കുറിച്ചുമൊക്കെയാണ് സംസാരിച്ചിരുന്നത്. വിരമിക്കൽ തീരുമാനം തിരുത്തി വീണ്ടും ഈ ഫോർമാറ്റിലേക്ക് മടങ്ങിയെത്തുന്നത് അത്ര എളുപ്പമാകില്ലെന്നും അശ്വിൻ അഭിപ്രായപ്പെട്ടു.
ടെസ്‌റ്റ് കരിയർ അവസാനിപ്പിക്കുന്ന വേളയിൽ കോലി 123 കളികളിൽ നിന്ന് 46.85 ശരാശരിയിൽ 9230 റൺസ് സ്വന്തമാക്കിയിരുന്നു. ഈ കാലയളവിൽ മുപ്പത് സെഞ്ച്വറികളും മുപ്പത്തിയൊന്ന് അർധ സെഞ്ച്വറികളും തന്റെ പേരിൽ കുറിച്ചു. 2025 ജനുവരി 3-ന് സിഡ്‌നിയിൽ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു കോലിയുടെ അവസാന ടെസ്‌റ്റ് മത്സരം.