കൊല്‍ക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ ബാറ്റിങില്‍ കരുത്തു കാണിച്ചിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. കെകെആര്‍ സ്‌ക്വാഡിലുള്ളവര്‍ കണ്ടു ടീമുകളായി തിരിഞ്ഞ് കൊമ്പുകോര്‍ത്ത ഹൈ സ്‌കോറിങ് മാച്ചില്‍ ഇടിവെട്ട് സെഞ്ച്വറിയും പിറന്നു.
ഇന്ത്യന്‍ യുവതാരം ആംഗ്രിഷ് രഘുവംശിയാണ് ഇടിവെട്ട് സെഞ്ച്വറിയോടെ മിന്നിച്ചത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ അവസാന ഘട്ടത്തിലേക്കു നന്നായി തല്ലുവാങ്ങിയ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പരിശീലന മല്‍സരത്തിലും ബാറ്റര്‍മാര്‍ പഞ്ഞിക്കിട്ടു. കെകെആറിന്റെ ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ എന്താണ് സംഭവിച്ചതെന്നറിയാം.

ഗോഡന്‍ നൈറ്റ്‌സ്, പര്‍പ്പിള്‍ നൈറ്റ്‌സ് എന്നിങ്ങനെ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കഴിഞ്ഞ ദിവസം രാത്രി ഇന്‍ട്രാ സ്‌ക്വാഡ് മാാച്ചില്‍ കൊമ്പുകോര്‍ത്തത്. ബൗളര്‍മാരേക്കാള്‍ ബാറ്റര്‍മാരാണ് ആവേശകരമായ ഈ മല്‍സരത്തില്‍ മിന്നിച്ചത്.

ഗോള്‍ഡന്‍ നൈറ്റ്‌സിനെ ഇന്ത്യന്‍ വംശജനായ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് നയിച്ചത്. എന്നാല്‍ പര്‍പ്പിള്‍ നൈറ്റ്‌സിന്റെ ക്യാപ്റ്റന്‍ നിലനിവില്‍ കെകെആറിന്റെ നായകന്‍ കൂടിയായ അജിങ്ക്യ രഹാനെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗോള്‍ഡന്‍ നൈറ്റ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റിനു 199 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. പക്ഷെ ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല.
ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ട് വെറും 24 ബോളില്‍ 46 റണ്‍സ് അടിച്ചെടുത്ത് മടങ്ങി. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമാണ്. നാലു ഫോറും മൂന്നു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. ടി20 ലോകകപ്പില്‍ വന്‍ ഫ്‌ളോപ്പായിരുന്ന റിങ്കു സിങ് 25 ബോളില്‍ 40 റണ്‍സോടെ മിന്നിച്ചു. മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കമാണിത്. രചിന്‍ നാലു ബോളില്‍ നാലു റണ്‍സ് മാത്രമെടുത്ത് മടങ്ങുകയായിരുന്നു.

പര്‍പ്പില്‍ നൈറ്റസിനായാണ് വരുണ്‍ പന്തെറിഞ്ഞത്. പക്ഷെ മൂന്നോവറില്‍ 12.33 എന്ന വളരെ മോശം ഇക്കോണമി റേറ്റില്‍ 37 റണ്‍സ് വാരിക്കോരി നല്‍കി. എങ്കിലും രണ്ടു വിക്കറ്റുകള്‍ അദ്ദേഹം നേടി.
ബൗളര്‍മാരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയാണ്. നാലോവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റുകള്‍ പിഴുതു. 7.5 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്. പേസര്‍ വൈഭവ് അറോററയും ബൗളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. രണ്ടു വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.

റണ്‍ചേസില്‍ പര്‍പ്പിള്‍ നൈറ്റ്‌സ് നാലു ബോള്‍ ശേഷിക്കെ വെറും നാലു വിക്കറ്റിന് റണ്‍ചേസ് പൂര്‍ത്തിയാക്കുകയായിരുന്നു. അവരുടെ ജയത്തിനു ചുക്കാന്‍ പിടിച്ചതാവട്ടെ മൂന്നാം നമ്പറില്‍ ഇറങ്ങിയ രഘുവംശിയാണ്.
അപരാജിത സെഞ്ച്വറിയുമായി അദ്ദേഹം ടീമിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചു. വെറും 55 ബോളില്‍ താരം അടിച്ചെടുത്തത് 103 റണ്‍സാണ്. ഒമ്പതു ഫോറും അഞ്ചു കൂറ്റന്‍ സിക്‌സറുകളുമടക്കമാണിത്,
പക്ഷെ ക്യാപറ്റന്‍ രഹാനെ വന്‍ പരാജയമായി. ഓപ്പണറായി കളിച്ച അദ്ദേത്തിനു നാലു ബോളില്‍ രണ്ടു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഫിന്‍ അലെന്‍ 11 ബോളില്‍ 23 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ അനുകുല്‍ റോയ് 17 ബോളില്‍ 28ഉം രമണ്‍ദീപ് സിങ് 18 ബോളില്‍ 20 റണ്‍സുമെടുത്തു. മനീഷ് പാണ്ഡെയ്ക്കു 11 റണ്‍സെടുക്കാനേ ആയുള്ളൂ.