ഡ്യൂനെഡിനില്‍ റണ്‍മഴ... പിറന്നത് 674 റണ്‍സ്!! വിജയത്തിലേക്ക് ചിറകടിച്ചുയര്‍ന്ന് കിവികള്‍

Written By:

ഡ്യുനെഡിന്‍: ട്വന്റി20യുടെ വരവിനൊന്നും ഏകദിനത്തിന്റെ സ്ഥാനം തട്ടിയെടുക്കാനാവില്ലെന്ന് അടിവരയിട്ട് വീണ്ടുമൊരു ത്രസിപ്പിക്കുന്ന പോരാട്ടം. ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാമത്തെ മല്‍സരമാണ് ക്രിക്കറ്റ് പ്രേമികളുടെ മനംനിറച്ചത്.

റണ്‍മഴ തന്നെ കണ്ട മല്‍സരത്തില്‍ ഇംഗ്ലണ്ടുയര്‍ത്തിയ 335 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം കിവീസ് മറികടക്കുകയായിരുന്നു. മൂന്നു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

 വന്‍ വിജയലക്ഷ്യം

വന്‍ വിജയലക്ഷ്യം

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 335 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോവിന്റെയും (138) ജോ റൂട്ടിന്റെയും (102) സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
മറുപടിയില്‍ റോസ് ടെയ്‌ലര്‍ വെടിക്കെട്ട് ഇന്നിങ്‌സ് പുറത്തെടുത്തപ്പോള്‍ മൂന്നു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിന് കിവീസ് വിജയത്തില്‍ പറന്നിറങ്ങി.

ടെയ്‌ലര്‍ ഷോ

ടെയ്‌ലര്‍ ഷോ

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും കോണ്‍ മണ്‍റോയും പുറത്തായപ്പോള്‍ ഇംഗ്ലണ്ട് ജയം സ്വപ്‌നം കണ്ടിരുന്നു.
എന്നാല്‍ മുന്‍ നായകന്‍ ടെയ്‌ലറുടെ അവിസ്മരണീയ ഇന്നിങ്‌സ് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 147 പന്തില്‍ 17 ബൗണ്ടറികളും ആറു സിക്‌സറുമടക്കം ടെയ്‌ലര്‍ പുറത്താവാതെ 181 റണ്‍സാണ് വാരിക്കൂട്ടിയത്.

പിന്തുണയേകി ലാതം

പിന്തുണയേകി ലാതം

ടെയ്‌ലറിന് ടോം ലാതമിന്റെയും (71) മധ്യനിരയയില്‍ കോളിന്‍ ഗ്രാന്‍ഡോം (12 പന്തില്‍ 23*), ഹെന്റി നിക്കോള്‍സ് (12 പന്തില്‍ 13) എന്നിവരുടെ പിന്തുണ കൂടി ലഭിച്ചതോടെ അപ്രാപ്യമെന്നു തോന്നിച്ച വിജയലക്ഷ്യം കിവികള്‍ എത്തിപ്പിടിക്കുകയായിരുന്നു.
മല്‍സരം ഏറക്കുറെ ഇംഗ്ലണ്ടില്‍ നിന്നും ഒറ്റയ്ക്കു തട്ടിയെടുത്ത ടെയ്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്.

പാഴായ സെഞ്ച്വറികള്‍

പാഴായ സെഞ്ച്വറികള്‍

നേരത്തെ ബെയര്‍‌സ്റ്റോവിന്റെയും റൂട്ടിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ടെയ്‌ലറുടെ വണ്‍മാന്‍ ഷോയില്‍ പിന്തള്ളിപ്പോയത്.
വെറും 106 പന്തില്‍ 14 ബൗണ്ടറികളും ഏഴു പടുകൂറ്റന്‍ സിക്‌സറുമടക്കമാണ് ബെയര്‍‌സ്റ്റോ 138 റണ്‍സ് വാരിക്കൂട്ടിയത്. റൂട്ട് 101 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 102 റണ്‍സെടുത്തത്. ജാസണ്‍ റോയ് 42 റണ്‍സെടുത്തു പുറത്തായി.

പരമ്പരയില്‍ ഇരുടീമും ഒപ്പം

പരമ്പരയില്‍ ഇരുടീമും ഒപ്പം

നാലാം ഏകദിനത്തിലെ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമും 2-2ന് ഒപ്പത്തിനൊപ്പമാവുകയും ചെയ്തു. നേരത്തേ ആദ്യ ഏകദിനം കിവീസ് നേടിയപ്പോള്‍ രണ്ടും മൂന്നും മല്‍സരങ്ങളില്‍ ജയം നേടി ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തുകയായിരുന്നു.
എന്നാല്‍ നിര്‍ണായകമായ നാലാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചതോടെ അവസാന മല്‍സരം ഫൈനലിനു തുല്യമായി മാറി.

ഷമിക്ക് നിരവധി അവിഹിത ബന്ധങ്ങള്‍!! ആരോപണവുമായി ഭാര്യ... തെളിവുകള്‍ പുറത്ത്, താരം കുടുങ്ങും

ലങ്കന്‍ മണ്ണില്‍ ഇന്ത്യക്കു കാലിടറിയത് മൂന്ന് വര്‍ഷത്തിന് ശേഷം... രോഹിത്തിന് കീഴില്‍ ആദ്യത്തേത്!!

Story first published: Wednesday, March 7, 2018, 12:59 [IST]
Other articles published on Mar 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍