വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ 'ചരിത്രമാക്കാന്‍' വിരാട് കോലി ധോണിയായാല്‍ പോര, ധോണിയുടെ അച്ഛനാകണം!

By Desk

മുരളീകൃഷ്ണ മാലോത്ത്

വെബ് ജേര്‍ണലിസ്റ്റ്
ഗാംഗുലിയോടാണ് താരതമ്യം ചെയ്യപ്പെട്ടത് എന്ന ലക്ഷ്വറി ധോണിക്ക് കിട്ടിയിരുന്നു. എന്നാല്‍ കോലി താരതമ്യം ചെയ്യപ്പെടാന്‍ ധോണിയോടാണ്. അത് കോലിയുടെ യോഗം...

ആദ്യമേ പറയട്ടെ, ഞാനൊരു ധോണി വിരുദ്ധനാണ്. വികാരരാഹിത്യം കൊണ്ട് അലങ്കരിക്കപ്പെട്ട ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ഫെയിം മുഖഭാവങ്ങളോടും ഈച്ച ഭാഗ്യങ്ങളോടും ആരാധന കുറവാണ്. ചെറുപ്പത്തില്‍ ക്രിക്കറ്റ് കണ്ടത് വിരളം. പകരം മനോരമ പത്രത്തിന്റെ സ്പോര്‍ട്സ് പേജും മാതൃഭൂമി സ്പോര്‍ട്സ് മാസികയും പിന്നെ ക്രിക്കറ്റ് കണ്ടിട്ടുള്ള ഏട്ടന്മാരുടെ നിറം പിടിപ്പിച്ച കഥകളുമായിരുന്നു അക്കാലത്ത് ക്രിക്കറ്റ് അഡിക്ഷന്‍ കുത്തിവെച്ചത്. ഫൈനസ്റ്റ് ബാറ്റ്സ്മാനായ അസ്ഹറുദ്ദീന് മോഡലുമായുള്ള ബന്ധം മുതല്‍ ഉരുളക്കിഴങ്ങ് എന്ന് വിളിച്ച ആരാധകനെ ഗാലറിയില്‍ കയറി തല്ലിയ ഇന്‍സമാം ഉള്‍ ഹഖ് വരെ അങ്ങനെ രൂപപ്പെട്ട ചിത്രങ്ങളാണ്. സിദ്ദു എന്നൊരു ഭീകരന്‍ അംപയറെ സ്റ്റംപ് കൊണ്ട് അടിച്ചുകൊന്നു എന്ന് വരെയുണ്ടായിരുന്നു കഥകള്‍.

Read Also: ഒരുപാട് ക്രിക്കറ്റ്, ഒരേയൊരു സേവാഗ്; വീരു എന്ന സച്ചിന്‍ രണ്ടാമന്‍! സേവാഗിന് ഒരു ട്രിബ്യൂട്ട്!!

വിക്കറ്റ് കീപ്പിംഗ് കൂടി ചെയ്യാമെങ്കിലേ ടീമില്‍ സ്ഥാനമുള്ളൂ എന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, തന്റെ ഡെപ്യൂട്ടിയായ രാഹുല്‍ ദ്രാവിഡിനോട് ടീം മീറ്റിങ്ങില്‍ തുറന്നടിച്ചു എന്നുമുണ്ടായിരുന്നു ഒരു കഥ. കഥകളങ്ങനെ ആര്‍ക്കാ പറഞ്ഞുകൂടാത്തത് എന്ന് അപ്പന്‍ തമ്പുരാനെപ്പോലെ വിരല് കറക്കി ചോദിക്കാമെങ്കിലും, ആ പറഞ്ഞതില്‍ ചെറിയൊരു തോന്നലില്ലേ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അക്കാലത്ത് വിക്കറ്റ് കീപ്പര്‍ ദ്രാവിഡിന്റെ ശരീരഭാഷ. ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്സ്മാനായ ദ്രാവിഡിന് ലിമിറ്റഡ് ഓവറില്‍ ടീമില്‍ നിലനില്‍ക്കാന്‍ വിക്കറ്റ് കീപ്പറുടെ അധികപ്പണിയെടുക്കണം. എന്താ കഥ.

ഗാംഗുലിയെ കുറ്റം പറയാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ അതുമില്ല. ആദം ഗില്‍ക്രിസ്റ്റും മോയിന്‍ ഖാനും മാര്‍ക്ക് ബൗച്ചറുമൊക്കെ മറ്റ് ടീമുകള്‍ക്ക് വേണ്ടി റണ്‍സടിച്ചുകൂട്ടുന്ന കാലത്ത് നയന്‍ മോംഗിയയാണ് ഇന്ത്യയുടെ കീപ്പര്‍. ദോഷം പറയരുതല്ലോ, ഒരു ടെസ്റ്റ് സെഞ്ചുറിയുണ്ട് മോംഗിയയ്ക്ക്. ഏകദിനത്തിലെ ടോപ് സ്‌കോര്‍ 65 റണ്‍സ്. മധ്യനിരയിലാണ് മോംഗിയ ഇറങ്ങുന്നതെങ്കില്‍ ഇന്ത്യയുടെ വാലറ്റം അവിടെ തുടങ്ങി എന്നര്‍ഥം. പിന്നെ അഗാര്‍ക്കര്‍, കുംബ്ലെ, ശ്രീനാഥ്, ഹര്‍ഭജന്‍, പ്രസാദ് അല്ലെങ്കില്‍ മൊഹന്തി... ഭേദമല്ലേ മോംഗിയ. ലിറ്ററലി, ഇന്ത്യ അഞ്ച് ബാറ്റ്സ്മാന്‍മാരും അഞ്ച് ബൗളര്‍മാരും ഒരു കീപ്പറും ആയി കളിച്ചിരുന്ന കാലം.

എത്രയെത്ര വിക്കറ്റ് കീപ്പര്‍മാര്‍

എത്രയെത്ര വിക്കറ്റ് കീപ്പര്‍മാര്‍

ഇപ്പോഴത്തെ 'സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍' എം എസ് കെ പ്രസാദ്, സാബാ കരീം, അജയ് രത്ര, പാര്‍ഥിവ് പട്ടേല്‍, സമീര്‍ ദിഗെ, വിജയ് ദഹിയ, ദീപ് ദാസ് ഗുപ്ത, ദിനേശ് കാര്‍ത്തിക് - രണ്ടായിരത്തിന്റെ തുടക്കത്തിലെ ഇന്ത്യന്‍ ടീമല്ല ഇത്, ചില്ലറ കൊല്ലങ്ങള്‍ കൊണ്ട് ടീമില്‍ കളിച്ചുപോയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയാണ്. 17 കാരനായ പാര്‍ഥിവ് പട്ടേല്‍ മുതല്‍ 40കാരനായ ദിഗെ വരെയുണ്ട്. ഒന്നുകില്‍ കീപ്പ് ചെയ്യും അല്ലെങ്കില്‍ ബാറ്റ് ചെയ്യും. ആദം ഗില്‍ക്രിസ്റ്റിന് വേണ്ടി നടത്തിയ തിരച്ചിലുകളൊന്നും മുഷ്ഫിക്കര്‍ റഹീമില്‍ പോലും എത്തിയില്ല. അങ്ങനെയാണ് ദ്രാവിഡ് ഇന്ത്യയുടെ ബാറ്റ്സ്മാന്‍ കം കീപ്പര്‍ ആകേണ്ടിവന്നത്.

ഒരു ഗില്‍ക്രിസ്റ്റിനെ തേടി നടന്ന ഇന്ത്യയ്ക്ക് ഒരു ഒന്നര ഗില്‍ക്രിസ്റ്റ്. അതായിരുന്നു മഹേന്ദ്ര സിംഗ് ധോണി എന്ന നീളന്‍മുടിയന്‍. അഞ്ചാമത്തെ മത്സരത്തില്‍ സെഞ്ചുറി. 123 പന്തില്‍ പാകിസ്താനെതിരെ 148 റണ്‍സ്. ഉണ്യേട്ടന്റെ കൂടെ തുണ്ടത്തിലെ ബേബിച്ചേട്ടന്റെ വീട്ടില്‍ ഷീറ്റടിക്കാന്‍ പോയപ്പോഴാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ റെക്കോര്‍ഡ് സ്‌കോര്‍ ധോണി അടിച്ച വാര്‍ത്ത കാണുന്നത്. അക്കൊല്ലം തീരുന്നതിന് മുമ്പ് തന്നെ ശ്രീലങ്കയ്ക്കെതിരെ 145 പന്തില്‍ പുറത്താകാതെ 183. സച്ചിന്റെയും ദ്രാവിഡിന്റെയും ക്ലാസല്ലെങ്കിലും സേവാഗിന്റെ അടികള്‍ കാണാനും ഒരു ആനച്ചന്തമൊക്കെ ഉണ്ടായിരുന്നു, ഇതതൊന്നുമല്ല, ഓതിരവും കടകവും കടകത്തിലൊഴിവുമൊന്നും കാണാനേയില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ പൂഴിക്കടകന്‍. - അതായിരുന്നു മഹി.

തലവര മാറിയ ട്വന്റി 20 ലോകകപ്പ്

തലവര മാറിയ ട്വന്റി 20 ലോകകപ്പ്

കാള്‍ ഹൂപ്പറും ഡിസില്‍വയും അസ്ഹറും ലക്ഷ്മണും സച്ചിനും ദ്രാവിഡും കളിക്കുന്നത് മാത്രമാണ് ക്രിക്കറ്റെന്ന് കരുതിയ പാരമ്പര്യവാദികള്‍ അയ്യേ എന്ന് പറഞ്ഞു, പക്ഷേ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിനൊപ്പം ധോണിയും മേലേക്ക് മേലേക്ക് തന്നെ പോയി. അതെവിടെ വരെ പോയി എന്നതിന് ഉത്തരമാണ് ധോണിയുടെ കണക്കുകള്‍. രണ്ട് ലിമിറ്റഡ് ഓവര്‍ ലോകകപ്പ്, ടെസ്റ്റില്‍ നമ്പര്‍ വണ്‍ റാങ്ക്, ഐസിസി ചാംപ്യന്‍സ് ട്രോഫി, ഐ പി എല്‍ കിരീടം, ചാംപ്യന്‍സ് ലീഗ് കിരീടം - ക്യാപ്റ്റന്‍സി എന്ന വാക്കിന് പര്യായമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ എം എസ് ധോണി. മൂന്ന് ഐ സി സി ട്രോഫികള്‍ നേടിയ മറ്റേത് ക്യാപ്റ്റനുണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍.

ഏകദിന ലോകകപ്പില്‍ തോറ്റമ്പിയ സച്ചിനും ദ്രാവിഡും ഗാംഗുലിയും സൗത്താഫ്രിക്കയിലേക്ക് ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ പോകുന്നില്ല എന്ന് തീരുമാനിച്ച 2007ലാണ് എം എസ് ധോണിയുടെ തലവര മാറിയത്. യുവരാജും ഗംഭീറും ശ്രീശാന്തും തകര്‍ത്ത് കളിച്ച ലോകകപ്പ്. 12 പന്തില്‍ 50ഉം 30 പന്തില്‍ 70ഉം റണ്‍സടിച്ച് യുവരാജ് ഞെട്ടിക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരെ നാലോവറില്‍ വെറും 12 റണ്‍സിന് ഗില്‍ക്രിസ്റ്റിനെയും ഹെയ്ഡനെയും ക്ലീന്‍ ബൗള്‍ ചെയ്ത് ശ്രീശാന്ത് കുത്തിയിരുന്ന് തറയില്‍ തല്ലുന്നു, ഗംഭീര്‍ ഷീറ്റ് ആങ്കര്‍ റോള്‍ കളിക്കുന്നു, രോഹിത് ശര്‍മ വരവറിയിക്കുന്നു.. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലയായി ധോണി വളരുന്നു.

ധോണി എന്ന സോ കോള്‍ഡ് ഫിനിഷര്‍

ധോണി എന്ന സോ കോള്‍ഡ് ഫിനിഷര്‍

രാഹുല്‍ ദ്രാവിഡില്‍ നിന്നും ഏകദിന ക്യാപ്റ്റന്‍സിയും കുംബ്ലെയില്‍ നിന്നും ടെസ്റ്റ് ക്യാപ്റ്റന്‍സിയും ഏറ്റെടുത്ത ധോണിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പൂഴിക്കടകന്‍ വിട്ട ധോണി സ്വന്തമായ ഒരു ബാറ്റിംഗ് ടെക്നിക്ക് വളര്‍ത്തിയെടുത്തു. ഒരോവറില്‍ ആറ് പന്തും സിക്സറിന് പറത്താന്‍ ശേഷിയുള്ള ധോണി ഒരു ബൗണ്ടറി ഷോട്ട് പോലും കളിക്കാതെ ഫിഫ്റ്റിയടിച്ചു തുടങ്ങി. നിശ്ചയദാര്‍ഡ്യവും അസാധ്യമായ മനോനിയന്ത്രണവും ഇല്ലെങ്കില്‍ മറ്റൊരു റിക്കാര്‍ഡോ പവലോ അമയ് ഖുറാസിയയോ ആയിപ്പോയേനെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ സോ കോള്‍ഡ് ഫിനിഷര്‍. പതിയെപ്പതിയെ ധോണി കളി സ്ലോ ആക്കി. അപ്പോഴും ധോണി ക്രീസിലുണ്ടെങ്കില്‍ ഒരോവറില്‍ 20 റണ്‍സൊന്നും ഒരു റണ്‍സേ അല്ലെന്ന് കമന്റേറ്റര്‍മാരും ഭക്തിപ്രസ്ഥാനക്കാരും ആവര്‍ത്തിച്ച് പറഞ്ഞു.

വിക്കറ്റ് കീപ്പര്‍ - ബാറ്റ്സ്മാന്‍ - ക്യാപ്റ്റന്‍. ഈയൊരു കോംപിനേഷനില്‍ ധോണിയെപ്പോലെ ഒരു കളിക്കാരനെ ഇനി അടുത്തൊന്നും ഇന്ത്യയ്ക്ക് കിട്ടില്ല. ഇന്ത്യയ്ക്ക് എന്നല്ല ലോക ക്രിക്കറ്റില്‍ തന്നെ കാണില്ല ഇങ്ങനെ ഒരു പ്രതിഭാസം. ധോണി എന്ന കീപ്പറാണോ ബാറ്റ്സ്മാനാണോ ക്യാപ്റ്റനാണോ മെച്ചം എന്ന് ചോദിച്ചാല്‍ കുഴഞ്ഞുപോകുകയേ ഉള്ളൂ. എതിരാളികള്‍ ചിന്തിച്ചുനിര്‍ത്തുന്നിടത്ത് ചിന്തിച്ചുതുടങ്ങാനും അത് എക്സിക്യൂട്ട് ചെയ്യാനുമുളള കഴിവും അസാധ്യമായ ഭാഗ്യവും - ഇതായിരുന്നു ധോണിയുടെ യു എസ് പി. ധോണിയുടെ ഭാഗ്യം ജോഗീന്ദര്‍ ശര്‍മ മുതല്‍ ഹര്‍ദീക് പാണ്യ വരെയുള്ളവരുടെ രൂപത്തില്‍ വന്നു. വി(ക്രി)ക്കറ്റിന് മുന്നിലായാലും പിന്നിലായാലും ധോണി എന്നും 'സേഫ്' ആയിരുന്നു. കളിയുടെ സകല മേഖലകളിലും ധോണി ഒന്നാമതാണെന്നത് സുവിദിതമാണല്ലോ. (പറയുന്ന കാര്യം വായിക്കുന്നവര്‍ കൂടി സമ്മതിക്കാന്‍ സുവിദിതമാണെന്ന് പറഞ്ഞാല്‍ മതിയെന്നാണ് കൂട്ടുകാരൻ ശ്രീഹരി പറഞ്ഞിട്ടുള്ളത്. ഏത് ചിറക്കല്‍ ശ്രീഹരിയോ എന്ന് ചോദിക്കരുത്, അയാളല്ല)

എന്തുകൊണ്ട് ധോണി ഹീറ്റേഴ്‌സ്?

എന്തുകൊണ്ട് ധോണി ഹീറ്റേഴ്‌സ്?

കഥകള്‍ അപ്പോഴും കേട്ടു, ടീമിലെ ഏറ്റവും സീനിയറായ വി വി എസ് ലക്ഷ്മണ് പോലും ധോണിയെ ഫോണില്‍ കിട്ടുന്നില്ല പോലും. ലക്ഷ്മണ്‍ വിരമിക്കുന്നു എന്ന കാര്യം സംസാരിക്കാന്‍ പോലും ധോണി അവയ്ലബ്ള്‍ ആയിരുന്നില്ലെന്ന്. ലക്ഷ്മണ്‍ മാത്രമല്ലേ, വീരേന്ദര്‍ സേവാഗ്, സഹീര്‍ഖാന്‍, ഗൗതം ഗംഭീര്‍, യുവരാജ് സിംഗ് എന്നിങ്ങനെ തന്റേതായ കാരണങ്ങള്‍ കൊണ്ടും അല്ലാതെയും ടീമിന് പുറത്ത് പോയവരെല്ലാം ധോണിയുടെ അക്കൗണ്ടിലായി. പകരം ക്യാപ്റ്റന് വേണ്ടി മരിക്കാനും തയ്യാറുള്ള ഒരു ധോണിപ്പട സമാന്തരമായി വളര്‍ന്നുവന്നു.

ഗാംഗുലി വളര്‍ത്തിയെടുത്ത ടീമിനെ വെച്ച് നേട്ടങ്ങളുണ്ടാക്കി എന്നതായിരുന്നു ധോണി വിമര്‍ശകരുടെ ഒരു പോയിന്റ്. യുവരാജ്, ഹര്‍ഭജന്‍, സേവാഗ്, ഗംഭീര്‍, സഹീര്‍ തുടങ്ങിയവരുടെ സുവര്‍ണകാലത്തെ സര്‍വ്വീസ് ധോണിക്ക് കിട്ടി. അതെല്ലാം അതിന്റെ മാക്സിമത്തില്‍ ധോണി ഉപയോഗിക്കുകയും ചെയ്തു. ആരാധകരും കളിക്കാരുടെ വീട്ടുകാരും പള്ള് പറഞ്ഞെങ്കിലും കൃത്യസമയത്ത് ഇവര്‍ക്ക് റീപ്ലേസ്മെന്റ് കണ്ടെത്താന്‍ ധോണി മടിച്ചില്ല. അക്കാര്യത്തില്‍ ഇന്ത്യയല്ല, സ്റ്റീവ് വോയുടെയും പോണ്ടിങിന്റെയും ഓസ്ട്രേലിയയാണ് ധോണിക്ക് ഹോം ടൗണ്‍.

ധോണിയല്ല, ഒരു ഗാംഗുലിയാണ് കോലി

ധോണിയല്ല, ഒരു ഗാംഗുലിയാണ് കോലി

തനിക്ക് മുമ്പേ നടന്ന ഗാംഗുലി കൊണ്ട വെയിലിന്റെ തണലില്‍ വളര്‍ന്നു എങ്കില്‍, ധോണി ആ തണല്‍ വിരാട് കോലിക്കും ഒരുക്കിവെച്ചിട്ടാണ് പടിയിറങ്ങുന്നത്. സ്വന്തം നിലയില്‍ മാച്ച് വിന്നര്‍മാരായ അശ്വിന്‍ മുതല്‍ രോഹിത് ശര്‍മ വരെ പോകും ആ പട്ടിക. ഫൈനല്‍ വരെ എത്തി പോരാട്ടം അവസാനിപ്പിച്ചിരുന്ന ഗാംഗുലിയോടാണ് താരതമ്യം ചെയ്യപ്പെട്ടത് എന്ന ലക്ഷ്വറി ധോണിക്ക് കിട്ടിയിരുന്നു. എന്നാല്‍ കോലി താരതമ്യം ചെയ്യപ്പെടാന്‍ പോകുന്നത് മൂന്ന് ഐ സി സി ട്രോഫികള്‍ നേടിയ ധോണിയോടാണ്. അത് കോലിയുടെ യോഗം.


ബിയോണ്‍ഡ് ദ ബൗണ്ടറി: ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയപ്പോള്‍ അശ്വിന്‍ ആദ്യം നന്ദി പറയേണ്ടിയിരുന്ന പേര് എം എസ് ധോണിയുടേതായിരുന്നു എന്ന് വിചാരിക്കുന്നവരുണ്ട്. അതില്‍ കഥയില്ല. ക്രിക്കറ്റ് അങ്ങനെയാണ്. ജീവിതത്തെപ്പോലും അത്ഭുതപ്പെടുത്തുന്ന ഒരു വലിയ ലെവലര്‍ ആണ് ഈ ഗെയിം. ശീശാന്തുമാരോടും ഇര്‍ഫാന്‍ പത്താന്മാരോടും ചെയ്തത് കാലം, ഒരു കാലത്ത് തനിക്ക് വേണ്ടി ചാവേറാകാന്‍ പോലും തയ്യാറായിരുന്ന അശ്വിന്മാരിലൂടെ തിരിച്ചുതന്നു എന്ന് വിചാരിച്ചാല്‍ മതിയാകും.

Story first published: Thursday, January 5, 2017, 10:52 [IST]
Other articles published on Jan 5, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X